വിശ്വ ചലച്ചിത്രപ്രതിഭയായ സത്യജിത്ത് റേയുടെ സംവിധാനത്തിൽ 1963 ൽ പിറവികൊണ്ട മികച്ച ഒരു ബംഗാളി ചലച്ചിത്രമാണ് ‘മഹാനഗർ’. കൽക്കട്ട നഗരത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മാറുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകാത്മകമായ അവതരണം ആയിരുന്നു പ്രസ്തുത ചലച്ചിത്രം. ദൈനംദിന ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന ഭർത്താവ് സുബ്രതയെ സഹായിക്കാൻ ആരതി എന്ന വീട്ടമ്മ ജോലിക്കായി പരിശ്രമിക്കുന്നു അന്നത്തെ സാമൂഹ്യ സ്ഥിതിയിൽ എത്ര കടുത്ത പ്രതിസന്ധിയിലും വീട്ടിലെ സ്ത്രീകളെ ജോലിക്ക് വിടുന്നതും അവരുടെ സമ്പാദ്യത്തിൽ കുടുംബം പരിപാലിക്കപ്പെടുന്നതും അചിന്തനീയമായിരുന്നു. പാട്രിയാർക്കിക് സമൂഹിക വ്യവസ്ഥിതി അവളെ പുറകോട്ടുവലിക്കുന്നു.ഏറെ പരിശ്രമിച്ചു നേടിയെടുത്ത ജോലി ദുരഭിമാനിയായ ഭർത്താവ് സുബ്രതയും യാഥാസ്ഥിതികരായ അയാളുടെ മാതാപിതാക്കളും അവളോട് ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്.എന്നാൽ തദവസരത്തിൽ തനിക്ക് ഉണ്ടായിരുന്ന ബാങ്കിലെ ജോലിയും നഷ്ടപ്പെട്ടതോടെ സുബ്രതയ്ക്ക് മൗനം പാലിക്കേണ്ടി വരുന്നു. ആരതിയുടെ അധ്വാനം കൊണ്ട് ആ വലിയ കുടുംബം പുലർന്നു പോരുന്നു. പുരുഷനോടൊപ്പം തോളോട് തോൾ ചേർന്നുനിന്ന് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തിൽ പങ്കാളിയാകുന്ന സ്ത്രീ മുന്നേറ്റത്തിന് നാന്ദി കുറിക്കുന്നതിൽ വലിയ പങ്ക് ഈ ചലച്ചിത്രം നിർവഹിച്ചിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീസുരക്ഷയും ഇന്നും ഏറെ ചർച്ചകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന വിഷയങ്ങളാണ്.വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ വിധിക്കപ്പെട്ട്,അത് സാമൂഹിക കീഴ് വഴക്കമായി കണ്ട് ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീ സമൂഹം വലിയ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെ ഫലമായിട്ടാണ് ഇന്ന് കുറച്ചെങ്കിലും സ്വാതന്ത്ര്യവും, സ്വത്വബോധവും വീണ്ടെടുത്തിരിക്കുന്നത്.
2016 ൽ ജെ. എൻ.യു. സർവകലാശാലയിലെ വിദ്യാർത്ഥികൾ ‘മനുസ്മൃതി’ കത്തിച്ച സംഭവം ഉണ്ടായത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. മനുസ്മൃതിയിലെ പ്രശസ്തമായ ചില വരികളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രതിഷേധ പ്രകടനം എന്നതും ശ്രദ്ധേയമാണ്.
‘പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാർദ്ധക്യെ
ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്നീ വരികളാണ് വിമർശന വിധേയമായിട്ടുള്ളത്.ഇതിൽ മനു എന്തുദ്ദേശിച്ചിരിക്കുന്നു എന്നത് അദ്ദേഹത്തിന് മാത്രം നിശ്ചയമുള്ള കാര്യമാണ്. സ്ത്രീക്ക് സ്വാതന്ത്ര്യത്തിനു അർഹതയില്ല, എല്ലാ കാലവും പുരുഷന്റെ അടിമത്തത്തിൽ കഴിയേണ്ടവളാണ് എന്ന് ഈ വരികൾ സൂചിപ്പിക്കുന്നു എന്ന് വ്യാഖ്യാനിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. എന്നാൽ ഈ വരികൾ പുനർവായന ചെയ്യുമ്പോൾ മറിച്ചും അഭിപ്രായപ്പെടുന്നവർ ഉണ്ട്. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഈ വരികൾ സൂചിപ്പിക്കുന്നതായും സ്ത്രീയെ അന്നത്തെ സാമൂഹിക ചുറ്റുപാടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷിതമായി ജീവിക്കാൻ പുരുഷന്റെ സംരക്ഷണവലയം ആവശ്യമാണെന്ന ആശയം ആണ് ഇതെന്നും വിശദീകരണങ്ങൾ പിന്നീട് വന്നിട്ടുണ്ട് സ്ത്രീപക്ഷ ചിന്തകൾ അവനവൻ സുഖത്തിൽ തളച്ചിടപ്പെടാതെ നോക്കേണ്ട കടമയും സ്ത്രീകൾക്കുണ്ട്. സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ അതിനെതിരെ പ്രതിഷേധിക്കാനും സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുവാനുമുള്ള ആർജ്ജവം സ്ത്രീകൾ സ്വാംശീകരിക്കുക കൂടി ചെയ്യുമ്പോഴാണ് സ്ത്രീ സ്വാതന്ത്ര്യത്തിനായുള്ള മുറവിളികൾക്ക് അർത്ഥം കൈ വരുന്നത്.ഗാർഹിക പീഡന നിയമം പോലുള്ളവ പുരുഷന്മാർക്കെതിരെ ആയുധം പോലെ പ്രയോഗിക്കുന്ന നിലവാരമില്ലായ്മ സ്ത്രീ സമൂഹത്തിന് തന്നെ അപമാനകരമാണ്.
സത്യജിത്ത് റേയുടെ ‘മഹാനഗർ’ എന്ന ചിത്രത്തിലെ ക്ലൈമാക്സ് ഈ വിഷയങ്ങളിൽ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. തൊഴിലിടത്തിൽ തന്റെ സഹപ്രവർത്തക നേരിടുന്ന ഒരു വിവേചനത്തിനെതിരെ ആരതി ശബ്ദമുയർത്തുന്നതോടെ അവൾ കടുത്ത ആത്മസംഘർഷത്തിൽ ആകുന്നു. സ്ത്രീത്വം അപമാനിക്കപ്പെടുന്ന തിരിച്ചറിവിൽ അവൾ തന്റെ ജോലി രാജിവെക്കുന്നു. പടിയിറങ്ങി താഴെ എത്തുമ്പോൾ തന്നെ കാത്തു നിൽക്കുന്ന സുബ്രതായെ കാണുമ്പോൾ അവൾ വിങ്ങിപ്പൊട്ടുന്നുണ്ട്. ഇപ്പോൾ ഇരുകൂട്ടർക്കും ജോലിയില്ല. ജോലി ഉപേക്ഷിച്ച തന്റെ അവിവേകം പൊറുക്കാൻ കഴിയുമോ എന്ന് സന്ദേഹത്തോടെ അവൾ ചോദിക്കുന്നുണ്ട് അവളുടെ പുരുഷന്റെ ഈഗോയെല്ലാം ഇതിനോടകം അലിഞ്ഞു പോയിരുന്നു.സുബ്രത അവളുടെ ധീരനിലപാടിനെ അഭിനന്ദിക്കുന്നു. തുടർന്ന് ഇരുവരും ചേർന്ന് തങ്ങളെ കാത്ത് ആ മഹാ നഗരത്തിൽ ഉണ്ടാകാൻ ഇടയിലുള്ള തൊഴിലുകൾ അന്വേഷിക്കാൻ കൈകോർത്ത് സന്തോഷത്തോടെ നടന്നു നീങ്ങുന്നു.ഏത് തരത്തിലുള്ള ഒരു സമത്വഭാവമാണ് സ്ത്രീസമൂഹം ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്നുണ്ട് സത്യജിത് റേ ഈ ചലച്ചിത്രത്തിലൂടെ.
സ്ത്രീകൾക്ക് ഈ കാലഘട്ടം ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട് എന്നത് വലിയ ഒരു വസ്തുതയാണ്. സാമ്പത്തിക സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം,ഈ സ്വാതന്ത്ര്യങ്ങൾ എല്ലാം സ്ത്രീസമൂഹത്തിന്റെ വലിയ മുന്നേറ്റങ്ങൾക്ക് വഴിവെച്ചു. ഇന്ന് തുല്യതയാണ് ഏറെ ചർച്ച ചെയ്യപ്പെടാറുള്ളത് വിദ്യാഭ്യാസവും ജോലിയും വരുമാനവും ഉണ്ടായിട്ടും പലപ്പോഴും ലിംഗ വിവേചനം കുടുംബത്തിലും ജോലിസ്ഥലത്തും നേരിടേണ്ടി വരുന്നവരാണ് സ്ത്രീകൾ. പരിഷ്‌കൃത സമൂഹത്തിലും വിദ്യാഭ്യാസവും സംസ്‌കാരവും ഉള്ള കുടുംബ പശ്ചാത്തലങ്ങളിലും സ്ത്രീകൾ ഇന്നും ഗാർഹിക പീഡനത്തിനും, സ്ത്രീധന പീഡനത്തിനും ഇരകളാകുന്നുണ്ട്. ഇവിടെയാണ് സ്ത്രീയെ മാന്യമായി സംരക്ഷിക്കേണ്ട, ,തനിക്ക് തുല്യരായി പരിഗണിക്കേണ്ട പുരുഷന്റെ റോളിന് പ്രസക്തി കൈവരുന്നത്.സ്ത്രീ സമത്വത്തെ കുറിച്ചുള്ള മുറവിളി എന്നത് പുരുഷനോടുള്ള മത്സരം അല്ല,മറിച്ച് അവളെ അവനോളം തന്നെ സ്നേഹിക്കാനും ചേർത്തുവയ്ക്കാനും പരിഗണിക്കാനുമുള്ള ഒരു പുരുഷ സമൂഹത്തിന്റെ അവബോധമില്ലായ്മയെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത് പുരുഷനിൽ നിന്നല്ല മറിച്ച് പുരുഷ സമൂഹം വാർത്തു വെച്ചിട്ടുള്ള ചട്ടക്കൂടുകളിൽ നിന്നുമാണ്.
സ്ത്രീക്ക് തുല്യത ലഭിക്കുന്ന ഒരു സമൂഹത്തിൽ പരസ്പരപൂരകങ്ങളായി വർത്തിച്ചാൽ സ്ത്രീക്കും പുരുഷനും ഒരുപോലെ കുടുംബത്തിനും സമൂഹത്തിനും വലിയ സംഭാവനകൾ നൽകാൻ സാധിക്കും എന്നതിൽ സംശയം വേണ്ട.
