ചില ജീവിതപാഠങ്ങൾ

Share post:

ആദരം, ബഹുമാനം, സ്നേഹം, അംഗീകാരം ഇവയൊക്കെ എല്ലാ മനുഷ്യരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ്. അവഗണിക്കപ്പെടാൻ ആരും ആഗ്രഹിക്കാറില്ല. ആദരവുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർ വളരെ കുറവുമാണ്. എന്നാൽ ആദരം നേടിയെടുക്കാനും ജീവിതത്തിൽ മറ്റുള്ളവരുടെ സ്നേഹബഹുമാനങ്ങളും വിശ്വാസ്യതയും ആർജ്ജിച്ചെടുക്കാനും സ്വന്തം ശ്രമത്താലല്ലാതെ ഒരാൾക്ക് എങ്ങനെ സാധിക്കും?

ആദരിക്കപ്പെടണമെങ്കിൽ നിങ്ങൾ ഒരിക്കലും ആദരം അന്വേഷിച്ചുപോകരുത്. ആദരവുകൾക്കും അംഗീകാരങ്ങൾക്കും പുറകെ ക്രമംവിട്ടു പെരുമാറുന്നവർ പരിഹാസ്യപാത്രങ്ങളാവുകയാണ് ചെയ്യുന്നത്. ആദരിക്കപ്പെടുക എന്നത് നിങ്ങളുടെ ആവശ്യമായിരിക്കും. അതിന് നിങ്ങൾ അർഹനുമായിരിക്കും. പക്ഷേ ആദരം യാചിച്ചോ സ്വാധീനം ഉപയോഗിച്ചോ വാങ്ങാതിരിക്കുക. ആദരം അർഹിക്കുന്നുണ്ടെങ്കിലും അത് കിട്ടാതെ പോകുകയാണ് ചെയ്യുന്നതെങ്കിൽ അതുതന്നെയാണ് നിങ്ങൾക്ക് ലഭിക്കുന്ന അംഗീകാരം. എല്ലാ  അംഗീകാരങ്ങളും അർഹിക്കുന്നവർക്കല്ല ലഭിക്കുന്നത്. യഥാർത്ഥ അർഹർ അവഗണിക്കപ്പെടുമ്പോൾ പിൻവാതിലിലൂടെയും മറ്റും ആദരവും അംഗീകാരവും നേടിയെടുക്കുന്നവർ മറ്റൊരുരീതിയിൽ പറഞ്ഞാൽ അനാദരണീയർ തന്നെയാണ്.

മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കുകയും ബഹുമാനിക്കുകയും മുഖവിലയ്ക്കെടുക്കുകയും ചെയ്യണമെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ വിജയിച്ചിരിക്കണം.. വിജയമാണ് ഒരാളുടെ കഴിവു നിശ്ചയിക്കുന്നത്. കഴിവുകൾ ചിലപ്പോഴെങ്കിലും സെക്കന്ററി ഫാക്ടറാണ്. വിജയിച്ച ഒരാളുടെ ബിസിനസിൽ പണം നിക്ഷേപിക്കാനും അയാളുമായി പങ്കുബിസിനസ് ചെയ്യാനും ആളുകൾ  തയ്യാറായേക്കും. മറിച്ച് അയാൾ കഴിവുള്ളവനാണെങ്കിലും വിജയിച്ചിട്ടില്ലെങ്കിൽ അയാളെ അംഗീകരിക്കാൻ വളരെകുറച്ചുപേരെ കാണുകയുളളൂ.

ബാഹ്യസൗന്ദര്യമല്ല ആന്തരികസൗന്ദര്യമാണ് വലുത് എന്നൊക്കെ നമ്മൾ പറയാറുണ്ടെങ്കിലും ഒരാളെ പെട്ടെന്ന് ആകർഷിക്കുന്നത് അയാളുടെ ബാഹ്യസൗന്ദര്യം തന്നെയാണ്. ഫിസിക്കൽ അപ്പിയറൻസ്, വേഷം, ശാരീരികനില ഇവയൊക്കെ പ്രധാനപ്പെട്ടവ തന്നെയാണ്. ഒരു ആൾക്കൂട്ടത്തിൽ പെട്ടെന്ന് നമ്മുടെ ശ്രദ്ധ കവരുന്നത് അവിടെകൂടിയിരിക്കുന്നവരിൽ ശാരീരികമായി കൂടുതൽ ആകർഷണം തോന്നുന്ന ഒരാളിലേക്കായിരിക്കും. അതുകൊണ്ട് ആവേശത്തിനുവേണ്ടിയും കയ്യടിക്കുവേണ്ടിയും  പ്രോത്സാഹനത്തിനുവേണ്ടിയും ആന്തരികസൗന്ദര്യത്തെക്കുറിച്ച് പറയുമ്പോഴും ബാഹ്യസൗന്ദര്യത്തിന്റെ പ്രാധാന്യം അവഗണിക്കരുത്. എബ്രഹാം ലിങ്കൺ ന്റെ കാര്യമായിരിക്കും ഇതിന് വിരുദ്ധമായി ചിലർക്ക് പറയാനുണ്ടാവുക. ശരിയാണ് അദ്ദേഹം രൂപഭംഗിയിൽ അനാകർഷകനായ വ്യക്തിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷേ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് പ്രസിഡന്റായതിനു ശേഷമാണ്. ഒരാൾ ഒരു പദവിയിൽ എത്തിക്കഴിഞ്ഞതിനു ശേഷം ആ പദവിയുടെ പേരിൽ അയാൾ ആകർഷണീയനായി മാറാറുണ്ട്. വിഷാദത്തിലും നിരാശയിലും അരാജകത്വത്തിലും കഴിയുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളിലേക്ക് ഒരാളും ആകർഷിക്കപ്പെടുകയില്ല.

നിങ്ങളെ ആരും സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല എന്നും നിങ്ങളുടെ ബന്ധങ്ങൾ മോശമാണെന്നോ ആണ് കരുതുന്നതെങ്കിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം  സ്വയം വിചാരണയ്ക്ക് തയ്യാറാവുക. ശരിയാണ് എല്ലാവർക്കും എല്ലാവരെയും സ്നേഹിക്കാനോ വിശ്വസിക്കാനോ ആത്മാർത്ഥമായ ബന്ധത്തിൽ വളരാനോ കഴിയില്ല. പക്ഷേ എല്ലാവരും ഒന്നുപോലെ നിങ്ങളെ അവഗണിക്കുകയും ബന്ധവിച്ഛേദമാണ് വരുത്തുകയും ചെയ്യുന്നതെങ്കിൽ ഒരുപക്ഷേ നിങ്ങൾ തന്നെയായിരിക്കും കാരണക്കാർ. അതുകൊണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തൽ അവസാനിപ്പിച്ച് സ്വയം പുതുക്കിപ്പണിയാൻ തയ്യാറാവുക.

ചുറ്റുപാടുകളെയും ചുറ്റിലുമുള്ളവരെയും സന്തോഷിപ്പിക്കാൻ കഴിയുന്നത് ഉള്ളിൽ സന്തോഷം ഉളള വ്യക്തികൾക്ക് മാത്രമാണ്. വീട് എന്ന ചെറിയ യൂണിറ്റ് എടുക്കുക. ഭാര്യയോ ഭർത്താവോ ആകാം. അവർ എപ്പോഴും ഏതുകാര്യങ്ങളിലും പിറുപിറുക്കുകയും ദേഷ്യപ്പെടുകയും പരാതിപ്പറയുകയും ചെയ്യുന്നത്.  അവർ ഉള്ളിൽ അസംതൃപ്തരായതുകൊണ്ടാണ്. അവരുടെ ഉള്ളിൽ സന്തോഷം ഇല്ലാത്തതുകൊണ്ടാണ്.  ഒരു ബോസ് തന്റെ സഹപ്രവർത്തകനെ നിരന്തരമായി കുറ്റപ്പെടുത്തുന്നതും അംഗീകരിക്കാത്തതും എന്തുകൊണ്ടാണ്? അയാളുടെ ഉള്ളിൽ സന്തോഷമോ സംതൃപ്തിയോ ഇല്ല. മറ്റുള്ളവരുടെ സന്തോഷം അനുസരിച്ച് നമുക്ക് സന്തോഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി ഉള്ളിലെ സന്തോഷം നിലനിർത്തുകയാണ് വേണ്ടത്.

നിങ്ങളെ മറന്നുപോയവരെ നിങ്ങൾ ഓർമ്മിപ്പിക്കരുത്. അതൊരിക്കലും പ്രതികാരമോ വിദ്വേഷമോ അല്ല. മറിച്ച് നമ്മുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്. നമ്മളെ അവർ അത്രത്തോളമേ വില വയ്ക്കുന്നുള്ളൂ എന്നാണ് അർത്ഥം. തുടർച്ചയായി വാട്സാപ്പിൽ മെസേജുകൾ അയച്ച് ബ്ലൂടിക്ക് മാർക്കുകൾ കണ്ടിട്ടും  ഒരു ഫോർവേഡ് മെസേജുപോലും നിങ്ങൾക്ക് വരുന്നില്ലെങ്കിൽ അതിന്റെ സൂചന നിങ്ങൾ വലിഞ്ഞുകയറിച്ചെല്ലുന്ന ഒരു അനാവശ്യക്കാരനാണ് എന്നതാണ്. നിങ്ങൾ പിന്തിരിയുക,സൗമ്യതയോടെ….ശാന്തതയോടെ വീണ്ടും പറയട്ടെ നിങ്ങളെ മറന്നുപോയവരെ നിങ്ങൾ ഓർമ്മിപ്പിക്കരുത്. പക്ഷേ നിങ്ങൾക്ക് അവരെ ഓർമ്മിക്കാം.
നേട്ടങ്ങളിലോ വിജയങ്ങളിലോ അഹങ്കരിക്കാതിരിക്കുക. ഇന്നത്തെ വിജയം നാളെ ആവർത്തിക്കാൻ കഴിയണമെന്നില്ല. ഇപ്പോൾ നേടിയ വിജയം സ്ഥിരമായിരിക്കണമെന്നുമില്ല. നേട്ടങ്ങൾ ചിലപ്പോൾ നാളെ കോട്ടമായി മാറിയേക്കാം. വിനയത്തോടെ വിജയങ്ങളെ സ്വീകരിക്കുക. നേട്ടങ്ങൾക്ക് മുമ്പിൽ നമ്രശിരസ്‌ക്കനായിരിക്കുക. ഈ ലോകത്തിന് എല്ലാവരെയും ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയും, പക്ഷേ ഒരു അഹങ്കാരി ഏതു ലോകത്തിനും അൺഫിറ്റായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles