നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?
ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ
ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ രാജീവിനോട് അക്കാര്യം പറയുന്നത്. ‘നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.’ ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ് മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ നമ്മെ ഇഷ്ടപ്പെടുന്നവരോ ഉണ്ടോയെന്ന് അറിയാൻ എന്തെങ്കിലും മാർഗമുണ്ടോ?
- മറ്റുള്ളവരെക്കാൾ കൂടുതൽ സമയം നിങ്ങളിലേക്ക് നോക്കുകയും കണ്ണുകൾ ഇടയ്ക്കിടെ നിങ്ങളെ തേടുകയും ചെയ്യുക.
- നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു പ്രത്യേക കാരണമില്ലെങ്കിലും സംസാരിക്കാനോ അടുത്തിരിക്കാനോ അവസരങ്ങൾ കണ്ടെത്തുന്നു.
- നിങ്ങളുടെ ചെറിയ കാര്യങ്ങൾ പോലും ഓർക്കുന്നു. നിങ്ങൾ മുമ്പ് പറഞ്ഞ ചെറിയ വിവരങ്ങൾ, ഇഷ്ടങ്ങൾ, ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്നിവ ശ്രദ്ധിക്കുകയും ഓർക്കുകയും ചെയ്യുന്നു.
- ശരീരഭാഷയിൽ കാണുന്ന പ്രകടമായ മാറ്റങ്ങൾ. ഉദാഹരണത്തിന്നിങ്ങളോട് സംസാരിക്കുമ്പോൾ ശരീരം നിങ്ങളുടെ ഭാഗത്തേക്ക് തിരിക്കുക, അടുത്തേക്ക് വരിക, കണ്ണിൽ നോക്കുക തുടങ്ങിയവ നിങ്ങളുടെ പ്രതികരണങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു നിങ്ങൾ എന്ത് ചിന്തിക്കുന്നു, എന്താണ് ഇഷ്ടപ്പെട്ടത്, എന്താണ് ഇഷ്ടപ്പെടാത്തത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കും.
- നിങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു തമാശ പറയുക, സഹായിക്കുക, അഭിനന്ദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ നിങ്ങളുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നു.
- നിങ്ങളോട് സംസാരിക്കുമ്പോൾ സാധാരണയേക്കാൾ കൂടുതൽ നാണം, ഉത്കണ്ഠ, വാക്കുകൾ കുഴയൽ തുടങ്ങിയവ ഉണ്ടാകാം.
- ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ ജീവിതം, സ്വപ്നങ്ങൾ, കുടുംബം, താൽപര്യങ്ങൾ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം കാണിക്കും.
ചെറിയ ശാരീരിക ചലനങ്ങളും സൂചനകളും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ് മിക്കപ്പോഴും മറ്റുള്ളവർ പെട്ടെന്ന് ശ്രദ്ധിക്കാത്ത സൂചനകളായിരിക്കും ഇവ.ഈ സൂചനകളെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. ചില വ്യക്തികൾക്ക് ആശയവിനിമയ രീതികൾ മനസ്സിലാക്കാനും ആഴത്തിലുള്ള സഹാനുഭൂതി കാണിക്കാനുമുള്ള അസാധാരണമായ കഴിവ് ഉണ്ടാകാം. ശ്രദ്ധയോടെയും പ്രത്യേക താൽപ്പര്യത്തോടെയും കേൾക്കാനുള്ള അവരുടെ സ്വാഭാവികമായ ശൈലി മറ്റുള്ളവർക്ക് തങ്ങൾ സവിശേഷരാണെന്ന തോന്നൽ ഉണ്ടാക്കുന്നതുമാകാം. ഈ യഥാർത്ഥ സ്നേഹം എന്നത് അവർ എല്ലാവരോടും കാണിക്കുന്ന നിരുപാധികമായ പെരുമാറ്റരീതിയെയും സൂചിപ്പിക്കാം. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരാളുടെ രീതി തന്നോടുമാത്രമുള്ള പ്രത്യേകസ്നേഹമാണെന്ന് തെറ്റിദ്ധരിച്ചാൽ വിഷമിക്കേണ്ടിവരും.
കൂടാതെ ഒരാൾക്ക് നിങ്ങളോട് ഇഷ്ടമുണ്ടെങ്കിൽ അത് എപ്പോഴും ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റമായിരിക്കണമെന്നില്ല. അവർ നിങ്ങളോട് സംസാരിക്കുമ്പോൾ നേർവസാകാനും സ്വന്തം വികാരങ്ങൾ അടക്കിവയ്ക്കാനും ശ്രമിക്കും. ചിലർക്ക് വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ വൈദഗ്ധ്യം ഇല്ലായിരിക്കാം വേറെ ചിലരെ മഥിക്കുന്നത് തിരസ്കരിക്കപ്പെടുമോയെന്ന ഭയമാകാം.. അതുകൊണ്ട് ഒരൊറ്റ പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തി മാത്രം ഒരാൾക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന തീരുമാനത്തിലെത്തരുത്. സാഹചര്യം എന്താണ്? ആരൊക്കെയാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്? തുടങ്ങിയ കാര്യങ്ങളെക്കൂടി അപഗ്രഥിക്കേണ്ടതുണ്ട്, ശരീരഭാഷയിലൂടെ ലഭിക്കുന്ന സൂചനകളെ വ്യാഖ്യാനിക്കുമ്പോൾ പ്രധാനമായും ഉൾക്കാഴ്ചയെ ആശ്രയിക്കുക. അതായത് നമുക്കു തന്നെ ചില ഇൻട്യൂഷൻസ് ഉണ്ടാകാറുണ്ടല്ലോ. സ്നേഹമായിരിക്കും അല്ലെങ്കിൽ അത് എന്റെ തോന്നലായിരിക്കും. അതിൽ ആശ്രയിക്കുന്നത് ഒരുപരിധിവരെ നമ്മെ തെറ്റായ നിഗമനത്തിൽ എത്താതെ സഹായിച്ചേക്കും.ഒരു പ്രത്യേക സാഹചര്യത്തെ മാത്രം നോക്കാതെ, ഓരോ സൂചനയെയും പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ ചലനങ്ങളിലൂടെയോ സവിശേഷതകളിലൂടെയോ ആളുകൾ പരസ്പരം ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട് എന്നാൽ, ഒരൊറ്റ പ്രവൃത്തിയിലൂടെമാത്രം സ്നേഹമുണ്ടെന്ന് തീർച്ചപ്പെടുത്താനാവില്ല.
ശ്രദ്ധിക്കുക, പ്രധാനമായി മേൽപ്പറഞ്ഞവയിൽ ഒന്നോ രണ്ടോ അടയാളങ്ങൾ മാത്രം കണ്ടതുകൊണ്ട് ഒരാൾക്ക് നിങ്ങളോട് പ്രണയമോ ശക്തമായ ആകർഷണമോ ഉണ്ടെന്ന് ഉറപ്പിക്കാൻ കഴിയില്ല.. യഥാർത്ഥ താൽപര്യവും ഇഷ്ടവും മനസ്സിലാക്കാൻ തുടർച്ചയായ പെരുമാറ്റവും വ്യക്തമായ ആശയവിനിമയവും അനിവാര്യമാണ്.
