Home Informative & Miscellaneous thought അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

0
അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം സ്‌കൂളിലേക്കും തിരിച്ചും, അങ്ങനെ മൂന്നുമണിക്കൂർ അനേകം ബസുകൾ മാറിക്കയറി യാത്ര ചെയ്ത് ഞങ്ങളുടെ സ്‌കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപിക! വിദ്യാഭ്യാസ യോഗ്യതയും അച്ഛന്റെ സർക്കാർ ജോലി പാരമ്പര്യവും വെച്ച് ഒരു സർക്കാർ ജോലിയിലോ എയ്ഡഡ് സ്‌കൂളിലോ പഠിപ്പിക്കാമായിരുന്ന ടീച്ചറെ ഇത്ര കഠിന യാത്രയൊക്കെ ചെയ്തു 27 വർഷം ഈ പ്രൈവറ്റ് സ്‌കൂളിൽ തന്നെ വന്ന് പഠിപ്പിക്കാൻ പ്രേരിപ്പിച്ചത് എന്തായിരിക്കും? ഈ ചിന്ത ടീച്ചറെ സന്ദർശിച്ചു വന്ന ശേഷവും എന്റെ മനസ്സിൽ തങ്ങിനിന്നു. ‘പഠിപ്പിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി’ എന്നാണ് ഒരിക്കൽ ടീച്ചർ ആ ചോദ്യത്തിന് നൽകിയ മറുപടി.ശമ്പളമോ യാത്ര സൗകര്യമോ പരിഗണിച്ച് ടീച്ചർക്ക് വേണമെങ്കിൽ കുറെ കൂടി മെച്ചപ്പെട്ട അവസരങ്ങൾ തേടി പോകാൻ തോന്നിയില്ല എന്നത് ഞങ്ങൾ വിദ്യാർത്ഥികളുടെ ഭാഗ്യം.

ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്ന മറ്റൊരു അധ്യാപിക ഉണ്ടായിരുന്നു.ടീച്ചറുടെ ഇംഗ്ലീഷ് ഗ്രാമർ ക്ലാസുകൾ ഞങ്ങൾ വിദ്യാർത്ഥികൾക്ക് തന്നിട്ടുള്ള അടിത്തറ ഇന്ന് ഒരു ഗ്രാമർ പുസ്തകത്തിൽ നിന്നോ ഓൺലൈൻ ക്ലാസ്സ് വഴിയോ ലഭിക്കുന്നതല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഞങ്ങൾ വിദ്യാർത്ഥികൾ മാത്രമായിരുന്നു ടീച്ചറുടെ ലോകം. തെറ്റ് തിരുത്തുന്ന കാര്യത്തിലെ ശിക്ഷണം പലപ്പോഴും ഏറെ കഠിനമായിരുന്നെങ്കിലും, അതിന്റെ ഗുണം ഞങ്ങൾക്ക് ഭാവിയിൽ  ലഭിച്ചു എന്നത് തന്നെയാണ് അവരെ മികച്ച അധ്യാപികയായി ഓർമ്മയിൽ സൂക്ഷിക്കാൻ കാരണം.

ഈ അധ്യാപകർ ഇന്നും ഇത്ര മിഴിവോടെ ഞങ്ങളുടെ എല്ലാം മനസ്സിൽ തങ്ങിനിൽക്കുന്നത് അവരുടെ അധ്യാപനത്തിലെ മികവ് കൊണ്ടും അനിതരസാധാരണമായ അവരുടെ അർപ്പണബോധം കൊണ്ടുമാണ്. 

 അധ്യാപനവും വർത്തമാനകാലവും 

അർപ്പണബോധത്തിന്റെ അവസാന വാക്കായി കരുതാവുന്ന ഒരുപാട് അധ്യാപകർ നമ്മുടെയെല്ലാം മനസ്സിൽ ഇന്നും നിറമുള്ള ഓർമ്മകളായി വിളങ്ങുന്നുണ്ടാവും.
 കാലം ഒരുപാട് മാറി. ഇന്ന് ഏറെ സങ്കടം ഉള്ളിൽ ഒതുക്കുന്ന ഒരു വിഭാഗമാണ് അധ്യാപകർ. മാറിയ സാങ്കേതികവിദ്യകൾ, ആഗോളവൽക്കരണം ജീവിതമൂല്യങ്ങളിൽ വരുത്തിയ വലിയ മാറ്റം, ഇന്നത്തെ അധ്യാപകരെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ്. മില്ലേനിയൽസ് കണ്ട അറിവിന്റെ ലോകമല്ല നമ്മുടെ ജനറേഷൻ സീ യും ജൻ ആൽഫയും കാണുന്നത്.വിരൽത്തുമ്പിലെ വിജ്ഞാന വിപ്ലവം ഒരുക്കിയ സാധ്യതകളുടെ മുമ്പിൽ അധ്യാപകരുടെ കഠിനാധ്വാനവും അർപ്പണവും വിലമതിക്കപ്പെടാതെ പോകുന്നു.

മുൻപൊക്കെ ഒരു രക്ഷാകർത്താവ് സ്‌കൂളിൽ വന്നിരുന്നത് കുട്ടിയുടെ പഠനനിലവാരവും സ്വഭാവവും അറിഞ്ഞുവെക്കാനായിരുന്നു. അന്ന് ടീച്ചർ പറയുന്ന പരാതികൾ രക്ഷിതാക്കൾ കേൾക്കുകയും കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു. ഇന്ന് പഠനനിലവാരവും സ്വഭാവവും ഇല്ലാതായാലും രക്ഷിതാക്കൾക്ക് വലിയ പ്രശ്‌നമില്ല.പക്ഷേ കുട്ടിയെ വഴക്ക് പറയാൻ പാടില്ല,അത് മാനസിക പീഡനത്തിന്റെ പരിധിയിൽ പെടും, വടിയെടുത്ത് അടി കൊടുത്താൽ അത് ശാരീരിക പീഡനമായി. ഇങ്ങനെ രക്ഷിതാക്കൾ കുട്ടിക്കൊപ്പവും,തെറ്റുതിരുത്തുന്ന അധ്യാപകർ കുറ്റക്കാരുമായി മാറി. തൽഫലമായി ശിക്ഷണം വേണ്ട രീതിയിൽ ലഭിക്കാതെ തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അത് അവഗണിച്ച് കുട്ടികൾ തങ്ങൾ മിടുക്കരാണ് എന്ന മിഥ്യാബോധത്തിലേക്ക് വീണുപോകുന്നു. വീട്ടിൽ നിന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ തികച്ചും അനാരോഗ്യകരമായ, വ്യക്തിവികാസം പ്രാപിക്കാത്ത  തലമുറയായി അവർ വളരുന്നു. 

എല്ലാവരും ഇങ്ങനെയാണെന്ന് സ്ഥാപിക്കാൻ അല്ല ഇവിടെ ശ്രമിക്കുന്നത്.അധ്യാപകർ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് ഇതെന്ന്,ആ മേഖലയിൽ പരിചയമില്ലാത്തവരുടെ ചിന്തകളിലേക്ക് ഈ വസ്തുത കടന്നു വരാൻ മാത്രം ഇവ പരാമർശിക്കുന്നു. നാല്പതോ അമ്പതോ കുഞ്ഞുങ്ങൾ ഉള്ള ഒരു ക്ലാസ് മുറിയിൽ അഞ്ചു പേരെങ്കിലും കുറഞ്ഞത്, സ്ഥിരമായി ക്ലാസിനിടയിൽ അധ്യാപകരുടെ ക്ഷമ  പരീക്ഷിക്കുന്ന രീതിയിൽ പെരുമാറുന്നുണ്ട്. ക്ലാസ്സിൽ ശ്രദ്ധിക്കാതിരിക്കുകയോ, അടുത്തിരിക്കുന്ന കുട്ടിയോട് സംസാരിക്കുകയോ, മറ്റെന്തെങ്കിലും ഡിസ്ട്രാക്ഷനോ ഇവർക്കുണ്ടാകും. ഇവരെപ്പോലുള്ള കുറച്ചുപേർക്ക് വേണ്ട തിരുത്തൽ കൊടുക്കാൻ മുതിരുമ്പോൾ പലപ്പോഴും രക്ഷിതാക്കളിൽ നിന്നും ‘തങ്ങളുടെ കുട്ടി ഇങ്ങനെ ഒന്നും ചെയ്യില്ല’ എന്നൊക്കെയാവും പ്രതികരണം. ടീച്ചർ പ്രതിക്കൂട്ടിൽ ആകുന്ന അവസ്ഥയും!
 ഈ കുറച്ചുപേരുടെ സ്വഭാവ പ്രത്യേകതകൾ മറ്റു കുട്ടികളിലും വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തിരുത്തലും ശിക്ഷണവും ഒന്നോ രണ്ടോ പേരെ ടാർഗറ്റ് ചെയ്തിട്ടല്ല, ഒരു ക്ലാസ്സ് മുഴുവൻ സ്വീകരിക്കേണ്ടതായ അച്ചടക്കവും പെരുമാറ്റ ചട്ടങ്ങളും നിലനിർത്തുന്നതിന് ആവശ്യമായ നടപടിയാണിത് എന്ന് രക്ഷിതാക്കൾ മനസ്സിലാക്കണം.പലപ്പോഴും സ്‌നേഹവും കരുണയും കൊണ്ടുമാത്രം വ്യക്തിരൂപീകരണം നടത്താൻ അധ്യാപകർക്ക് കഴിഞ്ഞെന്നു വരില്ല.ശാസനവും ശിക്ഷണവും ഗുണപരമായ അളവിൽ കൊടുക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.കാരണം ഒരു വിഷയം പഠിപ്പിച്ച് പോകുന്നത് മാത്രമല്ല അധ്യാപനം. ഒരു വ്യക്തിയെ ജീവിക്കാൻ കൂടി അധ്യാപകർ പഠിപ്പിക്കുന്നുണ്ട്. അറിവിന്റെ വെളിച്ചവും ജീവിതപാഠങ്ങളും പകർന്നു തരുന്ന അധ്യാപകരെ നിന്ദിക്കുന്ന രീതി സമൂഹത്തിനു ആരോഗ്യകരമല്ല എന്ന് ചിന്തിക്കേണ്ടതുണ്ട്.

അധ്യാപനത്തിന്റെ പുതിയ മുഖം 

ആധുനിക സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും അറിവിന്റെ ചക്രവാളങ്ങൾ വിസ്തൃതമാക്കിയെങ്കിലും, ഇന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള വൈകാരിക കൈമാറ്റങ്ങൾക്ക് പകരം വയ്ക്കാൻ ശാസ്ത്രം ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. നിർമ്മിത ബുദ്ധിക്ക് വിവരസാങ്കേതികത കൊണ്ട് മനുഷ്യബുദ്ധിയെ മറികടക്കാൻ  കഴിഞ്ഞേക്കാം. എന്നാൽ ഒരു മനുഷ്യനെ അവന്റെ ഹൃദയത്തിൽ തൊട്ട് സംസാരിക്കാനും, സ്പർശനത്തിന്റെ ആശ്വാസം കൊടുക്കാനും,കണ്ണിലും മുഖത്തും നോക്കി ഉള്ളം വായിക്കാനും ഒരു സാങ്കേതിക വിദ്യയ്ക്കും പ്രാപ്തി ഉണ്ടാകില്ല. എന്നുവെച്ചാൽ എത്ര വലിയ ഉയർന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചാലും മനുഷ്യനോളം വരില്ല ഒന്നും!
മനുഷ്യത്തത്തോളം  വരില്ല യാതൊന്നും!

ഒരു അധ്യാപകന്റെ സാന്നിധ്യം ഒരാളുടെ ജീവിതത്തിൽ അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതിനുമപ്പുറം, അക കണ്ണിന് വെളിച്ചം നൽകുന്നതിനും അപ്പുറം ഒരുപാട് സവിശേഷമായ പ്രാധാന്യമുണ്ട്.

ഒരു മനുഷ്യനെ മനുഷ്യനായി പരുവപ്പെടുത്താൻ ഉള്ള മഹാകർത്തവ്യമാണ് ഈശ്വരൻ ഓരോ അധ്യാപകരിലും നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇന്ന് ടീച്ചർ എന്ന വാക്ക് നിരവധി വിശേഷണങ്ങൾ ഉള്ള ഒരു പദമാണ് Mentor മാർഗദർശി, Luminary  മാർഗദീപം, Anchor  പിന്തുണ, Catalyst പ്രചോദനം, Compass ദിശാബോധം നൽകുന്നയാൾ, Architect ഭാവിയുടെ ശില്പി… ഇതിൽ ഏതെങ്കിലും ഒക്കെ ചേർന്നതാവണം ഓരോ അധ്യാപകനും. പുതുതലമുറയുടെ മാറ്റത്തിന് ഒപ്പം അപ്‌ഗ്രേഡ് ചെയ്ത് കുഞ്ഞുങ്ങളിലെക്കുള്ള വഴി മനസ്സിലാക്കി അവരെ ചേർത്തു പിടിക്കാനും അവരുടെ ഒപ്പം ചേർന്നു നടക്കാനും ഓരോ അധ്യാപകർക്കും കഴിയട്ടെ.
അധ്യാപകദിന ആശംസകൾ!

ലത സണ്ണി

LEAVE A REPLY

Please enter your comment!
Please enter your name here