സഡാക്കോ സസാക്കി എന്ന ജപ്പാനീസ് പെൺകുട്ടിയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. 1945ൽ ആഗസ്ത് മാസത്തിലെ ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടക്കുമ്പോൾ അവൾക്ക് കേവലം 2 വയസ് മാത്രമായിരുന്നു പ്രായം. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഒറ്റ ദിവസം കൊണ്ട് ജീവൻ നഷ്ടപ്പെട്ട ആ ആക്രമണത്തിൽ അതിലേറെ ആളുകൾക്ക് പിന്നീട് അതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടതായും വന്നു. അതിൽ ഒരാളാണ് സഡാക്കോയും. പത്താം വയസിൽ അവർക്ക് ലുക്കീമിയ പിടിപെടുന്നു. ആശുപത്രിയിലെ രോഗകിടക്കയിൽ കിടക്കുമ്പോൾ അവളുടെ കൂട്ടുകാരി നൽകിയ ഒരു ചെറിയ ഉപദേശം അവളെ വല്ലാതെ ആകർഷിച്ചു. ജപ്പാനിലെ പരമ്പരാഗത വിശ്വാസമനുസരിച്ചു ഒരാൾ ആയിരം കടലാസ് കൊക്കുകൾ നിർമ്മിച്ചു കഴിഞ്ഞാൽ തന്റെ ആഗ്രഹം സഫലമാകും എന്നുള്ളതായിരുന്നു ആ നിർദേശം . സഡാക്കോ അത് ഗൗരവത്തോടെ എടുത്തു. ആ ആശുപത്രിക്കിടക്കയിൽ വച്ചു അവൾ കടലാസ് കൊക്കുകൾ നിർമ്മിക്കാനാരംഭിച്ചു. അത് ആദ്യം ഒന്നായി പിന്നെ പത്തായി, നൂറായി അങ്ങനെ കൂടി കൂടി വന്നു… തന്റെ രോഗത്തിൻറെ അതികഠിനമായ അവസ്ഥയിലും അവൾ തന്റെ പരിശ്രമം തുടർന്നു കൊണ്ടേയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ 1955 ഒക്ടോബർ 10നു 644 കടലാസു കൊക്കുകൾ പൂർത്തിയായപ്പോൾ അവൾ മരണത്തിനു കീഴടങ്ങി.
എന്നാൽ കഥ അവിടെ അവസാനിക്കുന്നില്ല. അവളുടെ കൂട്ടുകാരികൾ ചേർന്ന് ബാക്കി 356 കടലാസുകൊക്കുകൾ നിർമ്മിച്ചു . അങ്ങനെ ആയിരം കടലാസു കൊക്കുകളോട് കൂടി അവളെ കല്ലറയിൽ അടക്കം ചെയ്തു എന്നാണ് പറയുന്നത്. അവളുടെ ജീവിതത്തെ ആസ്പദമാക്കി കുട്ടികൾക്കായി അമേരിക്കൻ എഴുത്തുകാരി എലിയനോർ കോഇർ എന്ന എഴുത്തുകാരി സഡാക്കോയും ആയിരം കൊക്കുകളും (Sadako and Thousand Paper Cranes) എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തെ ആസ്പദമാക്കി ഹ്രസ്വ ചിത്രവും പുറത്തിറങ്ങിയിട്ടുണ്.
രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് കുട്ടികളുടെ പ്രതീകമായാണ് മനുഷ്യമനസ്സുകളിൽ ഇന്നും സഡാക്കോയും അവളുടെ കടലാസു കൊക്കുകളും നിലകൊള്ളുന്നത്.
വീണ്ടും ഒരു ഹിരോഷിമ ദിനം കൂടി വന്നെത്തുകയാണ്. സാങ്കേതിക അറിവുകളുടെ വിവേക ശൂന്യമായ ഉപയോഗം മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കാം എന്നുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഓരോ ഹിരോഷിമ ദിനവും നമുക്ക് മുന്നിൽ വക്കുന്നത്. ഈ ദുരന്തത്തിനു കാരണമായ തന്റെ കണ്ടുപിടുത്തത്തിൽ താൻ പശ്ചത്തപിക്കുന്നു എന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ പിന്നീട് ഈ ദുരന്തത്തെ കുറിച്ചു പറഞ്ഞു വച്ചത്. മാത്രമല്ല മനുഷ്യനു മേൽ കടന്നു കയറാനുള്ള സാങ്കേതികത ജ്ഞാനത്തെ കുറിച്ചുള്ള ആശങ്കയും അദ്ദേഹം പ്രക ടിപ്പിക്കുന്നുണ്ട്.
ഹിരോഷിമയിൽ നിന്നു വർഷങ്ങൾ ഏറെ കഴിഞ്ഞു എങ്കിലും ലോകം ഇപ്പോഴും ഒരു യുദ്ധഭീതിയിൽ തന്നെയാണ്. ലോകരാജ്യങ്ങൾ ആയുധങ്ങൾ ശേഖരിക്കുകയും അത് വിറ്റഴിക്കുകയും അത് ശത്രുവിനു മേലെ നിഷ്‌കരുണം വിനിയോഗിക്കുകയും ചെയ്യുന്നതിനായി നവീന യുദ്ധതന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന കാഴ്ച്ച നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. യുദ്ധഭൂമിയിൽ പോലും നിർമ്മിത ബുദ്ധിപോലുള്ള നവീന സാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള പുതിയ പോർമുഖങ്ങൾ തുറക്കുന്നതിനിടയിലാണ് ‘മാഗ്‌നിഫികാത്ത് ഹ്യുമാനിത്താസ്’ (Magnif icat Humanitas) എന്നുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനം ലോക ശ്രദ്ധ ആകർഷിക്കുന്നത്. കേവലം ഒരു വിശ്വാസ പ്രബോധനം എന്നതിലുപരി മനുഷ്യവംശം നേരിടാൻ പോകുന്ന ഒരു മഹാവിപത്തിനെ മുന്നിൽക്കണ്ടുകൊണ്ടുള്ള മുന്നറിയിപ്പാണ് അദ്ദേഹം അതിൽ നൽകുന്നത്.
നിർമ്മിത ബുദ്ധിപോലുള്ള (Artificial Intelligence) അതി നൂതന സാങ്കേതിക വിദ്യകൾ മനുഷ്യന്റെ വ്യക്തിബന്ധങ്ങളിലേക്കും സ്വകാര്യതയിലേക്കും നുഴഞ്ഞു കയറുമെന്നും അതു മനുഷ്യകുലത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം താക്കീത് നൽകുന്നു. അതുകൊണ്ടു സാങ്കേതികതയേക്കാളും നിർമ്മിത ബുദ്ധിയെക്കാളും മനുഷ്യനെ മാനിക്കുക, അവൻ എത്ര നിസാരനയാലും എന്നാണ് പാപ്പ അതിൽ ആവർത്തിച്ചു പറയുന്നത്.
നിർമ്മിത ബുദ്ധി മനുഷ്യബുദ്ധി കവച്ചുവച്ചുകൊണ്ട് അവനു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയും മനുഷ്യൻ അവന്റെ വികാരങ്ങൾ നഷ്ടപ്പെട്ടു വെറും റോബോട്ടുകളായി മാറ്റപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ മനുഷ്യന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഇത്തരം എഴുത്തുകാർക്ക് പ്രസക്തിയുണ്ട്.
മനുഷ്യൻ, അവന്റെ കാര്യക്ഷമതയുടെ (Efficiency) മാത്രം ആകെത്തുകയായി വിലയിരുത്തപ്പെടുക എന്ന അപകടം നമുക്കിടയിൽ ഉയർന്നു വരുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതേ്യകിച്ചു ഒരു കഴിവും ഇല്ലാത്ത ഒരാൾക്ക് ഇവിടെ ജീവിക്കാൻ പോലും അവകാശമില്ലഎന്ന തെറ്റിദ്ധാരണ സമൂഹത്തിൽ രൂപപ്പെട്ടു വരുന്നു. നമ്മുടെ നിയമ സംവിധാനങ്ങൾ പോലും അതിനോട് പൊരുത്തപ്പെട്ടു വരുന്നു എന്നതാണ് സങ്കടം.
ഈ കഴിഞ്ഞ മാർച്ചിൽ ഹരീഷ് റാണ എന്ന മുപ്പത്തിയൊന്നു വയസുകാരനെ മരണത്തിനു വിട്ടുകൊടുക്കാനുള്ള അവന്റെ മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ചു അതിനു അനുവാദം കൊടുത്തുകൊണ്ടുള്ള സുപ്രീ കോടതി വിധി ഏറെ ശ്രദ്ധ നേടിയിരുന്നു . ഒരപകടത്തെ തുടർന്ന് 2013 മുതൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു ആ യുവാവ്. തനിച്ചു ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആ ചെറുപ്പക്കാരന് നിഷ്‌ക്രിയ ദയാവധം (Passive Euthanesia) നൽകാൻ കോടതി അനുവാദം നൽകുകയായിരുന്നു. എന്നാൽ മനുഷ്യജീവൻ അതു എത്ര നിസാരമാണെകിലും അതിനെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ.
മനുഷ്യനെ അവന്റെ കഴിവുകളും അറിവുകളും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുമ്പോൾ അവനെ കേവലം വസ്തുവായി മാത്രം ചുരുക്കുക എന്ന അപകടത്തിലേക്ക് നമ്മൾ ചെന്നു ചാടുന്നു. വസ്തു (Object) എന്നതിലുപരി വ്യക്തി (Person) എന്ന തലത്തിലേക്ക് നമ്മൾ മനുഷ്യനെ പരിഗണിച്ചു തുടങ്ങിയെ മതിയാവൂ..
പറഞ്ഞു തുടങ്ങിയത് സഡാക്കോയുടെ കടലാസു കൊക്കുകളുടെ കഥയിൽ നിന്നാണ്. അവളുടെ മരണശേഷം അവളുടെ കൂട്ടുകാർ ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിൽ അവൾക്കായി ഒരു സ്മാരകം പണിയുകയും അതിൽ അവളുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. അതിൽ ആലേഖനം ചെയ്തിരിക്കുന്ന വരികൾ എന്നും പ്രസക്തമാണ്.
‘ഇതാണ് ഞങ്ങളുടെ പ്രാർത്ഥന…
ഇതാണ് ഞങ്ങളുടെ ആഗ്രഹം…
ലോകത്ത് സമാധാനം നിലനിൽക്കട്ടെ …’
പിന്നീട് ലോക സമാധാനത്തെ ലക്ഷ്യം വച്ചു ഒരു സാമൂഹിക സംഘടന അവളുടെ കൂട്ടുകാരികൾ അവൾക്കായി ആരംഭിക്കുകയുണ്ടായി. യുദ്ധങ്ങളിൽ ഇരയാക്കപ്പെടുന്നവരുടെ പ്രത്യകിച്ച കുഞ്ഞുങ്ങളുടെ സംരക്ഷണമാണ് അവർ മുന്നോട്ട് വെക്കുന്ന ആശയം. കാരണം മനുഷ്യജീവന് അതു എത്ര ചെറുതായാലും അതിനു മറ്റെന്തിനേക്കാളും വിലയുണ്ടെന്നും അതിനെ സംരക്ഷിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്ത മാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. ഒരു ചെറിയ പെൺകുട്ടിയുടെ സ്വപ്‌നം ഇന്ന് ലോകസമാധാനത്തിന്റെ ശബ്ദമായി മാറിയിരിക്കുന്നു. യുദ്ധം മനുഷ്യരാശിക്ക് നൽകുന്നത് കണ്ണീരും നാശവും മാത്രമാണെന്നും സമാധാനമാണ് ഭാവിയുടെ ഏക വഴിയെന്നും സഡാക്കോയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ഹിരോഷിമകൾ ആവർത്തിക്കാതിരിക്കാനും മനുഷ്യൻ, അവൻ എത്ര നിസ്സാരനായാലും അവനെ വേണ്ടവിധം പരിഗണിക്കേണ്ടതുണ്ടെന്നും സഡാക്കോയും അവളുടെ കടലാസു കൊക്കുകളും ലോകത്തെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു….
നൗജിൻ വിതയത്തിൽ
