എല്ലാം നിന്റെ ദയ

Share post:

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.

‘എന്തതിശയമേ ദൈവത്തിൻ സ്‌നേഹം 
എത്ര മനോഹരമേ…”

പുഴയരികിൽ ഒരമ്മയും കൂടെ അവളുടെ കുഞ്ഞുങ്ങളും കാത്തുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞാൽ കുലംകുത്തിയൊഴുകുന്ന ആ പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ട്. കാര്യമറിയില്ലെങ്കിലും അമ്മയുടെ കൂടെ മക്കളും ചേർന്നു നിന്നു. ഉപദേശിയുടെ വരികൾ പിന്നെയും പിന്നെയും കേട്ടു നിൽക്കുമ്പോൾ, ഒരുൾപ്രേരണയാൽ അവൾ ആ കുടിലിലേക്ക് അരിശപ്പെട്ടു കുതിച്ചു. ‘നിങ്ങളിതേത് ദൈവത്തെപ്പറ്റിയാണ് പാടുന്നത്. എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതം ഇങ്ങനെ തുലച്ച ദൈവത്തെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്’. ഒന്ന് പകച്ചുപോയ ഉപദേശി, ആ തകർന്ന സ്ത്രീയെയും അവളുടെ പറക്കമുറ്റാകുഞ്ഞുങ്ങളെയും നോക്കിക്കൊണ്ട് തന്റെ ഹാര്‌മോണിയത്തിൽ വിരലോടിച്ച് അടുത്ത വരികൾ പാടി. 

”അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ്
സന്തതം കാണുന്നു ഞാൻ..
…..എനിക്കാവതില്ലെയതിൻ ആഴമളന്നിടാൻ…’      

കരഞ്ഞുകലങ്ങി നിൽക്കുന്ന അവളെയും കുഞ്ഞുങ്ങളെയും തനിക്കുള്ളത് പങ്കുവച്ച് ഉപദേശി പോറ്റിവളർത്തി. ആ മക്കൾ വളർന്നു വലുതായി. കുറെയേറെ കഥകളുണ്ട് അവരെ പറ്റി. അവരിൽ ഒരാൾ, പഠിച്ചു മിടുക്കനായി ജഡ്ജിയായി എന്നും, മറ്റൊരാൾ പ്രധാനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയായെന്നുമൊക്കെ കഥകളുണ്ട്. ഒന്നുറപ്പ്, അവരെല്ലാം ദൈവസ്‌നേഹമറിഞ്ഞ ഉപദേശിയുടെ കരുണയാൽ, ജീവിതക്കടൽ നീന്തിക്കയറി.

”സമയമനുവദിച്ചുതന്ന കാലത്തിന്റെ ദയയ്ക്ക് നന്ദി!” 

പലവട്ടം, തന്റെ കഥാപത്രങ്ങളെക്കൊണ്ടും അല്ലാതെയും എം.ടി. വാസുദേവൻ നായർ പറയിപ്പിച്ച, പിൽക്കാലത്ത് തിരിഞ്ഞുനോട്ടം നടത്തിയ എല്ലാ വേദികളിലും എഴുത്തുകളിലും കഥാകാരൻതന്നെ പറഞ്ഞ വാക്യമാണ് അത്. സമയമനുവദിച്ചുതന്ന കാലത്തിന്റെ ദയയ്ക്ക് നന്ദി! 

ഒന്നോർത്താൽ,  ഉടയോന്റെ/ കാലത്തിന്റെ ദയതന്നെയല്ലേ എല്ലാം.

ആരൊക്കെയോ ചേർന്നു വരച്ച കളങ്ങളിലെ കരുക്കൾ. എങ്ങനെ നീങ്ങണം, ഏതുവഴി പോകണം എന്നത് വരെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. 

തന്റെ സർഗ്ഗജീവിതത്തിന്റെ ഇടക്കാലത്തെ ദിശാഭംഗത്തിൽ ആശുപത്രികിടക്കയിൽ, മരണത്തെ കാത്തുകിടന്ന 1977 ലെ മെല്ലിച്ച യൗവനത്തിലാണ് അദ്ദേഹം ‘രണ്ടാമൂഴം’ എഴുതിത്തുടങ്ങുന്നത്. ‘ഇനിയൊരു തിരിച്ചുവരവില്ലെന്ന്’ സുഹൃത്തുക്കളും എം.ടി തന്നെയും തീരുമാനിച്ചുറപ്പിച്ച ആ നീണ്ടകൊല്ലങ്ങളുടെ അവസാനത്തിൽ 1983ലാണ് അദ്ദേഹം, ജീവിതത്തിന്റെ രണ്ടാമൂഴത്തിൽ, ആ കൃതി എഴുതി പൂർത്തിയാക്കുന്നത്. പിന്നെ നടന്നത് ചരിത്രമായിരുന്നു.  

കലാകൗമുദിയിലായിരുന്നു രണ്ടാമൂഴം പ്രസിദ്ധീകരിച്ചത്. പിന്നീട് നോവലിന്റെ വളർച്ചയെപറ്റി സംസാരിക്കുമ്പോൾ വളരെ വ്യത്യസ്തമായൊരനുഭവം എം.ടി. പങ്കുവക്കുന്നതായി ജീവചരിത്രകാരൻ ഡോ.കെ ശ്രീകുമാർ എഴുതുന്നുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവം, കോഴിക്കോട് നടക്കുന്ന ഒരു കാലം. കലോത്സവത്തിന്റെ ഭക്ഷണകാര്യം കൈകാര്യം ചെയ്തിരുന്ന ഒരാൾ എം.ടിയെ കാണാൻ വന്നു. പലതും പറഞ്ഞകൂട്ടത്തിൽ തന്റെ ജീവിതവും രണ്ടാമൂഴം നോവലും തമ്മിലുള്ള ബന്ധവും അയാൾ പറഞ്ഞു. ‘പല ബിസിനസ്സുകളും നടത്തി, എല്ലാം തകർന്ന് കടബാധ്യതയിൽ നിൽക്കുന്ന കാലഘട്ടം. ഇനിയൊരു ശ്രമംകൂടി നടത്താൻ വയ്യ എന്നായപ്പോൾ, ആത്മഹത്യ ചെയ്യാമെന്നയാൾ തീരുമാനിച്ചിരിക്കുന്ന സമയത്താണ്, യാദൃശ്ചയ, അയാളുടെ കയ്യിൽ കലാകൗമുദിയുടെ ഒരു ലക്കം കിട്ടുന്നത്. അതിൽ എം ടിയുടെ ‘രണ്ടാമൂഴം’ പ്രസിദ്ധീകരിച്ചിരുന്നു. വായന അയാളെ തനിക്ക് ഇതുവരെയും പരിചിതമല്ലാത്തൊരു ലോകത്തേക്ക് എത്തിച്ചുവത്രെ. അടുത്ത ലക്കം വായിക്കാൻ ഉള്ള കാത്തിരിപ്പിൽ അയാൾ ആത്മഹത്യയെന്ന തീരുമാനം നീട്ടിവച്ചു. അങ്ങനയങ്ങനെ ഓരോ ലക്കവും അയാളുടെ ആയുസ്സ് നീട്ടികൊടുത്തുക്കൊണ്ടിരുന്നു. നോവലിന്റെ ഖണ്ഡ:ശയുള്ള പ്രസിദ്ധീകരണം തീർന്നപ്പോഴേക്കും അയാൾ ജീവിതം തിരിച്ചുപിടിച്ചിരുന്നു. തന്റെ പുനർജന്മത്തിന് കാരണമായ എഴുത്തുകാരന് സ്വയം ഭക്ഷണം വിളമ്പിക്കൊടുത്തുക്കൊണ്ടാണ്  അയാൾ കടം വീട്ടിയത്. ഒന്ന് നിർത്തി എം.ടി. തുടർന്നു: ”അദ്ദേഹമാണ് ഇന്ന് പാചകകലയിൽ അഗ്രഗണ്യനായ സാക്ഷാൽ പഴയിടം മോഹനൻ നമ്പൂതിരി” (എം.ടി. ജീവചരിത്രം) 

അതെ, മറ്റൊരർത്ഥത്തിൽ, സമയമനുവദിച്ച കാലത്തിന് നന്ദി.
ക്ഷമയോടെ കാത്തുനിൽക്കുക, അല്പം കൂടി. എല്ലാം ശരിയാകും.

സന്തോഷ് ചുങ്കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

സഹായം

സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട്...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....