വിളക്ക് കെടുന്ന നേരം

Share post:

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ”സബ്‌കോ മാഫ് കർത്തെ ഹുയേ… സബ്‌സേ മാഫി മാംഗ്‌തെ ഹുയേ…. അഭി ജാവോ”. ‘എല്ലാവർക്കും മാപ്പ് നൽകിക്കൊണ്ട്, എല്ലാവരോടും മാപ്പ് ചോദിച്ചുക്കൊണ്ടും, സമാധാനത്തോടെ യാത്രയാവുക’.  ”ജാ ലല്ലാ..അബ് സോജാവോ’ എന്ന അമ്മയുടെ വാക്കുകൾക്ക് ഇമയനക്കി കുഞ്ഞുനാളിലെന്നപോലെ ഹരീഷ് റാണ നിത്യമായ ഉറക്കത്തിലേക്ക് വഴുതിവീണു.

ഉത്തർപ്രദേശിലെ ഘാസിയാബാദിൽ നിന്നുമുള്ള ഹരിഷ് തന്റെ പതിമൂന്ന് കൊല്ലത്തെ യാതനകളുടെ ലോകത്ത് നിന്നും കടന്നുപോയത് കഴിഞ്ഞ മാസത്തെ  വലിയ വാർത്തകളിൽ ഒന്നായിരുന്നുവല്ലോ. 2026 മാർച്ച് 11 നാണ് ബഹു. സുപ്രീം കോടതി, റാണയുടെ മാതാപിതാക്കളുടെ അപേക്ഷ സ്വീകരിച്ച് ‘പാസീവ് യൂത്തനേസ്യ’ അഥവാ, ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്രമാനുഗതമായ പിൻവലിക്കലിലൂടെയുള്ള മരണത്തിന് അനുമതി നൽകിയത്. മാർച്ച് 24ന് റാണ തന്റെ ജീവിതയാത്ര പൂർത്തിയാക്കി മടങ്ങി. ഇന്ത്യൻ നിയമചരിത്രതാളുകളുടെ ആദ്യാനുഭവമായിരുന്നു ഇത്. മുൻപ് അരുണ ഷാൻബാഗിന് ഇതിന് സമാനമായ അനുമതി നൽകിയിരുന്നെങ്കിലും റാണയുടെ കേസാണ് ഈ വിഭാഗത്തിലുള്ള ആദ്യ വിധി.  എല്ലാവർക്കും മാപ്പ് നൽകി, എല്ലാവരോടും മാപ്പിരന്ന് ആ യുവാവ് കടന്നുപോയി.

”ഒരു മരണത്തിന് നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.” തന്റെ ആത്മമിത്രവും എഴുത്തുകാരനുമായ എം.പി. മുഹമ്മദ് മരിച്ചപ്പോൾ എം.ടി. വാസുദേവൻ നായർ എഴുതിയ ‘വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന ഓർമ്മകുറിപ്പിൽ എഴുതിയതാണിത്.  ജീവിതത്തിന് മാത്രമല്ല മരണത്തിനും നമ്മൾ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. 

”അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹീ മെ കൃപയാ ശംഭോ,
ത്വയീ ഭക്തീ മചഞ്ചലാം”

‘ദൈവമേ, ഭക്തനായ എനിക്കു അങ്ങയുടെ കാരുണ്യവും കൃപയും കൊണ്ട് രോഗദുരിതങ്ങളില്ലാത്ത ജീവിതവും ജീവിതാവസാനം ദൈവകൃപയാൽ ആയാസപ്പെടാത്ത  അപകടരഹിതമായ സുഖമരണവും നൽകേണമേ’ എന്ന് പ്രാർഥിച്ച  സുകൃതികളായ  പൂർവികന്മാരുടെ തലമുറബാക്കിയാണ് നമ്മൾ.  ജീവിതത്തിന്റെ പച്ചപ്പിൽ തന്നെ, മരണത്തിന്   വേണ്ടി പ്രാർഥിക്കാൻ മാത്രം വെളിച്ചം ഉണ്ടായിരുന്നവർ. മരണത്തെ ശാന്തമായി സ്വീകരിച്ച് ‘ഒരിക്കലും മറക്കില്ലാ ട്ടാ’ എന്ന് വാക്കുംതന്ന് എല്ലാവര്ക്കും മാപ്പ് നൽകിയും, എല്ലാവരോടും മാപ്പിരന്നും ഒരു പുഞ്ചിരിയോടെ കടന്നുപോയോരാൾ മനസ്സിൽ നിറവോടെ നിൽക്കുമ്പോൾ മരണം ഒന്നിന്റെയും അവസാനമല്ലെന്നും ഉത്ഥാനത്തിന്റെ പുലരിയിലേക്കുള്ള രാത്രിമടക്കം മാത്രമാണെന്നും ഓരോ കടന്നുപോകലും ഓർമിപ്പിക്കുന്നു. 

വിളക്ക് കെടുമ്പോൾ വെളിച്ചം എങ്ങോട്ടാണ് പോകുന്നത്?

ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കുൽദീപ് നയ്യാരുടെ ആത്മകഥയിൽ (Beyond the Lines) ‘വരികൾക്കപ്പുറം’- തന്റെ കുഞ്ഞനുജന്റെ മരണത്തെ പറ്റി വിവരിക്കുന്നുണ്ട്. ഇന്ത്യ വിഭജനത്തിനും മുമ്പ് നടന്നതാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ കാറ്റിന് വാതിലുകൾ തുറന്നിടുന്ന കാലം. കൊളോനിയലിസം ചവച്ചുതുപ്പിയ വെറും തുപ്പൽചണ്ടിയായി രാജ്യം മാറിയിരുന്നു. മാറാരോഗങ്ങളും സാംക്രമിക രോഗങ്ങളും നിർബാധം ജനത്തെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. സിന്ധു എന്നായിരുന്നു കുൽദീപിന്റെ അനുജന്റെ പേര്. കുൽദീപിനെയായിരുന്നു അവനേറ്റവും പ്രിയം. ജ്യേഷ്ഠൻ എന്നർത്ഥത്തിൽ  ‘ബപ്പ’ എന്നായിരുന്നു അവൻ കുൽദീപിനെ വിളിച്ചിരുന്നത്. ഒരുനാൾ അവൻ പനിവന്ന് കിടപ്പിലായി.  പനി, അക്കാലത്തെ ആളെക്കൊല്ലിയായിരുന്ന കോളറയായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. മരണാസന്നനായി കുല്ദീപിന്റെ മടിയിൽ കിടക്കുന്ന സിന്ധു ഇങ്ങനെ പറഞ്ഞു, ‘ ബപ്പാ എന്നെ ഒന്ന് കെട്ടിപിടിക്കാമോ…ശക്തിയായിട്ട്… മുറുക്കെ… എനിക്ക് തണുക്കുന്നു’ കുൽദീപ് തന്റെ അനുജനെ മുറുക്കെ കെട്ടിപ്പിടിച്ചു. അവൻ വിറക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കുഞ്ഞു സിന്ധു,  കുൽദീപിനോട് പറയാൻ തുടങ്ങി..” ബപ്പാ. അതാ അവിടെ വല്ലാത്ത ഒരു വെളിച്ചം. ആ വെളിച്ചത്തിലേക്ക് പോവാൻ തോന്നുന്നു… എന്നെ വിടൂ.. ഞാൻ അങ്ങോട്ട് പോകട്ടെ” ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവൻ യാത്രയായി. ജീവനെകുറിച്ചോ മരണത്തെകുറിച്ചോ ഒന്നുമറിയാത്ത ഒരു കുഞ്ഞാണ് മരണത്തെ, തന്നെ കാത്ത് നിൽക്കുന്ന വലിയ പ്രകാശമായി തിരിച്ചറിഞ്ഞത്.  

അമ്മയെ മാത്രമല്ല, വായിച്ചവരെ മുഴുവൻ കരയിപ്പിച്ചത് വൈലോപ്പിള്ളിയാണ്. 

”മാമ്പഴം പെറുക്കുവാൻ ഞാൻ വരൂ-
ന്നില്ലെന്നവൻ മാൺപെഴും മലർകുല 
എറിഞ്ഞു വെറും മണ്ണിൽ…..

പിന്നെ ഒരുനാൾ, അമ്മയുടെ ഉണ്ണിക്ക് വേണ്ടി ഞെട്ടറ്റ് വീണ –  മുറ്റത്ത് അനാഥമായി കിടന്ന മാമ്പഴം എത്രയോപേരെ കരയിച്ചു.
കവി ഗദ്ഗദപ്പെട്ടു: ”വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ, ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ”. 
മരണത്തെ ‘സഹോദരി’ എന്ന് വിളിച്ച് കടന്നുപോയോരാളെ നമ്മൾ ‘രണ്ടാം ക്രിസ്തു’ എന്ന് വിളിക്കുന്നുവല്ലോ അല്ലെ!.

സന്തോഷ് ചുങ്കത്ത്

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ. ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ്...