Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ സ്റ്റാറ്റസ് ഉണ്ട്, ഹെൽത്ത് സ്റ്റാറ്റസ് ഉണ്ട് നിലവിലെ സ്റ്റാറ്റസുണ്ട്, അന്തസിന്റെ പ്രതീകമായ സ്റ്റാറ്റസുണ്ട്. സോഷ്യൽമീഡിയായുടെ ഈ അതിപ്രസരണകാലത്ത് സ്റ്റാറ്റസ് എന്ന വാക്ക് വളരെയധികം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വാട്സാപ്പിലും ഇൻസ്റ്റയിലുമൊക്കെ സ്റ്റാറ്റസ് ഇട്ടും കണ്ടും നാം അവസ്ഥകളെ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. നിനക്ക് സ്റ്റാറ്റസില്ലേ എന്ന ചോദിച്ചാൽ അർത്ഥം മാറത്തക്കവിധത്തിലാണ് സംഗതികളുടെ പോക്ക്.
സത്യത്തിൽ സ്റ്റാറ്റസ് ഒരു ഒളിഞ്ഞുനോട്ടവും അതേ സമയം അതൊരു പ്രകടനപരതയുമാണ്. മറ്റുള്ളവന്റെ അവസ്ഥ മനസ്സിലാക്കാനുള്ള മനുഷ്യമനസിന്റെ നിഗൂഢമായ അന്വേഷണവും ആനന്ദവുമാണ് വാട്സാപ്പിലെ സ്റ്റാറ്റസ് അന്വേഷണങ്ങൾക്ക് പിന്നിലുള്ളത്. പതിവായി മറ്റുള്ളവരുടെ സ്റ്റാറ്റസ് തിരയുന്നവരുണ്ട്. അവൻ/ അവൾ എന്തു ചെയ്യുന്നുവെന്ന് അറിയുകയാണ് അതിന്റെ ലക്ഷ്യം. എന്റെ നേട്ടങ്ങളും വിജയവും മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമവും എന്നാൽ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലുള്ള പ്രകടനപരതയുടെ രഹസ്യാത്മകതയും കൂടിയാണ് സ്റ്റാറ്റസ്. ഞാൻ സ്റ്റാറ്റസ് ഇടുന്നു. നീ അത് നിത്യവും കാണുന്നു. അറിയുകയും പറയുകയും ചെയ്തില്ലെങ്കിലും അവിടെ ഒരു കമ്മ്യൂണിക്കേഷൻ വ്യക്തമായി നടക്കുന്നു. എന്റെ നേട്ടങ്ങളെ പണച്ചെലവില്ലാതെ പരസ്യപ്പെടുത്താനുള്ള എളുപ്പമാർഗമായി, മാധ്യമമായി ഇന്ന് വാട്സാപ്പ് സ്റ്റാറ്റസുകൾ മാറിയിട്ടുണ്ട്.
സ്ഥിരമായി തങ്ങളുടെ അവസ്ഥകൾ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുന്നവരുമുണ്ട്. സ്റ്റാറ്റസ് നോക്കി ജീവിതത്തിന്റെ ഗുണനിലവാരവും വ്യക്തിയുടെ മനോഗതങ്ങളും മനസ്സിലാക്കാൻ കഴിയുന്നവിധത്തിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. അതുപോലെ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തുകഴിഞ്ഞിട്ട് ഓരോ മിനിറ്റിലും ആരെങ്കിലും അത് കണ്ടുവോ എന്ന് പരിശോധിക്കുന്നവരുമുണ്ട്. വാട്സാപ്പ് സ്റ്റാറ്റസുകൾക്ക് അപ്പുറം ജീവിതത്തിൽ ഒരു സ്റ്റാറ്റസ് ഉണ്ടാവുക എന്നതാണ് അതിലെല്ലാം പ്രധാനം. വാട്സാപ്പ് സ്റ്റാറ്റസുകൾക്ക് നിശ്ചിതസമയപരിധി മാത്രമേയുള്ളൂ. എന്നാൽ നമ്മുടെ ജീവിതത്തിലെ സ്റ്റാറ്റസ് അങ്ങനെയല്ല. അതുകൊണ്ട് ജീവിതത്തിൽ സ്റ്റാറ്റസ് നിലനിർത്തുക.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്
