Home News & Current Affairs Editorial വിജയത്തിന്റെ പ്രശ്‌നം

വിജയത്തിന്റെ പ്രശ്‌നം

0
വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം വലുതും അത് അനിവാര്യവുമാണ്.  ഒരാളും തോല്ക്കാൻ ആഗ്രഹിക്കുന്നില്ല. തോൽവി അപമാനവും തളർച്ചയുമാണ്. വിജയം അഭിമാനവും ഉയർച്ചയുമാണ്. പക്ഷേ ഇങ്ങനെയൊക്കെ പറയുമ്പോഴും വിജയത്തിന് മറ്റൊരു പ്രശ്നം കൂടിയുണ്ട്.
അതു നമ്മുടെ വളർച്ച മുരടിപ്പിക്കുന്നു. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു മേഖലയാണ് ഇത്.  വിജയിക്കാൻ വേണ്ടിയുള്ള ശ്രമമാണ് നമ്മെ അധ്വാനശീലരും പ്രയത്നശാലികളുമാക്കുന്നത്. അറിവു നേടാനും ശ്രദ്ധ നേടാനും കാരണമാകുന്നതും അതുതന്നെ.

എന്നാൽ വിജയിച്ചുകഴിയുന്നതോടെ പരിശ്രമങ്ങൾ അവസാനിക്കുന്നവരാണ് ഭൂരിപക്ഷവും. തൽഫലമായി കൂടുതൽ വളരാനുള്ള സാധ്യത അവർക്ക് ഇല്ലാതാകുന്നു. ചില ചെടികളുടെ ഇലകൾ നാം നുള്ളിക്കളയാറുണ്ട്. കൂടുതൽ ഉയർന്നുപോകാതിരിക്കാനാണ് അപ്രകാരം ചെയ്യുന്നത്.  അതുപോലെ ഒരു ഘട്ടം എത്തിക്കഴിയുമ്പോൾ നാം നിന്നുപോകുന്നതിന് കാരണം പുതിയ കാര്യങ്ങൾ പഠിക്കാതെ പോകുന്നതും അധ്വാനം അവസാനിപ്പിക്കുന്നതുമാണ്. പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴാണ് നമുക്ക് വളർച്ചയുണ്ടാകുന്നത്.  വിജയങ്ങൾ എപ്പോഴും നമ്മെ സുരക്ഷിതബോധമുള്ളവനാക്കുന്നു. അതുകൊണ്ടുതന്നെ ഒരു ഘട്ടം കഴിയുമ്പോൾ അത് നമ്മുക്ക്  അപകടം ചെയ്യും. വ്യക്തിയുടെ വളർച്ചയെ നിശ്ശബ്ദമായി തടയുന്നവയാണ് ചില വിജയങ്ങൾ.  പുറമേയ്ക്ക് നോക്കുമ്പോൾ നാം വിജയിച്ച മനുഷ്യരാണ്. പക്ഷേ സൂക്ഷിച്ചുനോക്കിയാൽ നമുക്കറിയാം നാം ആന്തരികമായി തോറ്റവരാണെന്ന്.

അതുകൊണ്ട് വിജയിക്കുമ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക. വിജയിച്ചു എന്നുകരുതി പരിശ്രമം അവസാനിപ്പിക്കാതിരിക്കുക. മരിച്ചുവീഴുന്ന നിമിഷം വരെ നമുക്ക് പല കാര്യങ്ങളും പുതുതായി പഠിക്കാനുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ നാം പുതുതാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്.വിജയിക്കുമ്പോഴും വിജയം നിലനിർത്താൻ കഴിയുന്നത് പരിശ്രമികൾക്കുമാത്രമാണ്. അതുകൊണ്ട് ഒരു വിജയവും അവസാനമല്ലെന്ന മനസ്സിലാക്കി ജീവിതത്തിൽ തുടർച്ചയായി പരിശ്രമിക്കുക, പഠിക്കുക.

വിജയാശംസകൾ
വിനായക് നിർമ്മൽ