മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും പെട്ടെന്നൊരു നിമിഷം പിറന്നുവീഴുന്നു. പിറന്നുവീഴുമ്പോഴുള്ള ആദ്യത്തെ കരച്ചിൽതന്നെ അവന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. സ്വാതന്ത്ര്യത്തിലേക്കായി ജനിക്കുന്ന,സ്വതന്ത്രനാകാനായി ആഗ്രഹിക്കുന്ന അവനെ ചുറ്റുപാടുകൾ വരിഞ്ഞുമുറുക്കുന്നതാണ് പിന്നീട് കാണുന്നത്. ഒരുതരത്തിൽ സുഖകരമായ സ്വാതന്ത്ര്യം തന്നെയാണ് അത്. അല്ലെങ്കിൽ വിവേകപൂർവ്വമായ പാരതന്ത്ര്യം. അവന്റെ സ്വതന്ത്രചിന്താഗതിയുള്ള സ്വാതന്ത്ര്യത്തെ, സ്വതന്ത്രനായിരിക്കാനുള്ള ദാഹത്തെ ആരൊക്കെയോ ചേർന്ന് നിയന്ത്രിക്കുന്നു. തൊട്ടറിയാനും തിരിച്ചറിയാനും കഴിയുന്ന വിധത്തിലുള്ള അവന്റെ ചില അനുഭവങ്ങളെ അവ അവന് ദോഷം ചെയ്യുമെന്ന തിരിച്ചറിവുകൊണ്ടും ഭയം കൊണ്ടും വിലക്കുമ്പോൾ നഷ്ടമാകുന്നത് അവന്റെ സ്വാതന്ത്ര്യം തന്നെയാണ്. പക്ഷേ ആ പാരതന്ത്ര്യം അവനെ സംബന്ധിച്ചിടത്തോളം നന്മയ്ക്കുവേണ്ടിയുള്ളതാണ്. അതിലൂടെ അവൻ പഠിക്കുന്നത് തോന്നുന്നതെല്ലാം ചെയ്യുന്നതല്ല സ്വാതന്ത്ര്യം എന്ന വലിയ പാഠം തന്നെയാണ്.
ഇന്ന് എല്ലാവരും പരിധിയിൽകൂടുതൽ സ്വാതന്ത്ര്യവാദികളാണ്. ‘ഇതെന്റെ സ്വാതന്ത്ര്യം’ എന്നാണ് പല വീടുകളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും മുഴങ്ങിക്കേൾക്കുന്ന ഒരു വാചകം. തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുളള പടപ്പുറപ്പാടാണ് അത്. .പരസ്യമായി തെറിവിളിക്കുന്നതും മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഇണചേരുന്നതുവരെ സ്വാതന്ത്ര്യപ്രഖ്യാപനമായി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലം കൂടിയാണ് ഇത്.
എല്ലാ സ്വാതന്ത്ര്യവും ദുരുപയോഗിക്കാനുള്ളതല്ല. സ്വാതന്ത്ര്യം ആഘോഷമാണ്. പക്ഷേ അമിതമായ സ്വാതന്ത്ര്യം അരാജകത്വമാണ്ന മ്മുടെ സ്വാതന്ത്ര്യത്തെ നിർവചിക്കേണ്ടതും നിയന്ത്രിക്കേണ്ടതും നമ്മൾ തന്നെയായിരിക്കണം. എനിക്കുള്ള സ്വാതന്ത്ര്യം ഞാൻ എവിടംവരെ, എന്തിന,് എങ്ങനെ ഉപയോഗിക്കണം എന്ന് ഞാൻ തീരുമാനിക്കുന്നിടത്താണ് എന്റെ സ്വാതന്ത്ര്യം വിലയുള്ളതാകുന്നത്. എന്റെ അതിരുകളെ മറ്റൊരാൾ നിശ്ചയിക്കുമ്പോഴാണ് അത് അസ്വാതന്ത്ര്യമാകുന്നത്. ബാഹ്യമായ സ്വാതന്ത്ര്യത്തെക്കാൾ വലുതാണ് ഒരാൾ അനുഭവിക്കുന്ന ആന്തരികസ്വാതന്ത്ര്യം. ആന്തരികസ്വാതന്ത്ര്യമാണ് ഒരുവനെ സന്തുഷ്ടനും സംതൃപ്തനുമാക്കുന്നത്. ആത്മാവിലാണ് യഥാർത്ഥ സ്വാതന്ത്ര്യം. മറ്റെല്ലാവിധത്തിൽ സ്വാതന്ത്ര്യം ഉണ്ടായിട്ടും ആത്മാവിൽ സ്വാതന്ത്ര്യമില്ലെങ്കിൽ അതുകൊണ്ടെന്തു പ്രയോജനം?
സ്വാതന്ത്ര്യദിനാശംസകളോടെ
വിനായക് നിർമ്മൽ
