ഒക്കിനാവയിലെ പരമ്പരാഗത സമൂഹങ്ങളിൽ മോയൈ (Moai) എന്നറിയപ്പെടുന്ന ദീർഘകാല സൗഹൃദസഹായ കൂട്ടായ്മകൾ നിലവിലുണ്ട്. പരസ്പരം പിന്തുണയ്ക്കുകയും ആവശ്യസമയത്ത് സഹായിക്കുകയും സന്തോഷവും ദുഃഖവും പങ്കിടുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ വ്യക്തിക്ക് സുരക്ഷിതത്വബോധം നൽകുന്നു.
പ്രായമാകുമ്പോൾ മക്കൾ ജോലിക്കായി അകലങ്ങളിലേക്ക് പോകാം. ജീവിതപങ്കാളി മരിച്ചേക്കാം. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞേക്കാം. വിരമിച്ചതോടെ ജോലിസ്ഥലത്തെ ബന്ധങ്ങളും നഷ്ടപ്പെടാം. ഈ സാഹചര്യങ്ങളിൽ ഏകാന്തത പലരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നു. സാമ്പത്തികമായി സുരക്ഷിതരായിരുന്നാലും സംസാരിക്കാൻ ഒരാളില്ലാത്തതും അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്തതും മനസ്സിനെ വേദനിപ്പിക്കും.ഇതിന് പരിഹാരമായി കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധം പുലർത്തണം. ഒരേ വീട്ടിൽ നിരവധി പേർ താമസിക്കുന്നുണ്ടെങ്കിലും പ്രായമായ ഒരാൾക്ക് വൈകാരികമായ ഏകാന്തത അനുഭവപ്പെടാം.
ഭക്ഷണവും മരുന്നും നൽകുന്നത് മാത്രം പരിചരണമല്ല. അവരുടെ വാക്കുകൾ കേൾക്കുക, അഭിപ്രായങ്ങൾക്ക് വില നൽകുക, പഴയ അനുഭവങ്ങൾ പറയാൻ അവസരം നൽകുക, കുടുംബത്തിന്റെ തീരുമാനങ്ങളിൽ പങ്കാളികളാക്കുക എന്നിവയും പരിചരണത്തിന്റെ ഭാഗമാണ്.
വാർധക്യത്തിലുള്ള ഒരാൾക്ക് ഏറ്റവും ആവശ്യമുള്ളത് പലപ്പോഴും സഹായഹസ്തത്തോടൊപ്പം സ്നേഹപൂർവമായ ഒരു കേൾവിക്കാരനെയാണ്.
ഇങ്ങനെ ചെയ്തുനോക്കൂ…
വാർധക്യത്തെ ഭയന്ന് ജീവിക്കാതിരിക്കുക
ജീവിതത്തിന് ലക്ഷ്യം കണ്ടെത്തുക
ശരീരത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുക
ഭക്ഷണത്തിൽ മിതത്വം പാലിക്കുക
സുഹൃത്തുക്കളെയും കുടുംബത്തെയും ചേർത്തുപിടിക്കുക,
പ്രകൃതിയോട് അടുപ്പം പുലർത്തുക,
പുതിയ കാര്യങ്ങൾ പഠിക്കുക, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന ജീവിതം നയിക്കുക.
