നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം.. എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ. നമുക്ക് നമ്മെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥ. പുറമേയ്ക്ക് നോക്കുമ്പോൾ സൗഭാഗ്യമുള്ള മനുഷ്യരുടെ പട്ടികയിലായിരിക്കാം നാം ഇടംപിടിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ വിലയിരുത്തലിൽ അഭിമാനിക്കാൻ മാത്രമല്ല അഹങ്കരിക്കാൻ വരെ നമുക്ക് ഒരുപിടി കാര്യങ്ങളുമുണ്ടാവാം.
പക്ഷേ അവയ്ക്കെല്ലാം അപ്പുറമായി ഒരു ശൂന്യത ഉളളിൽ പേറുന്നവർ ധാരാളമുണ്ട്. ഒന്നിലും സന്തോഷമില്ല. നേട്ടങ്ങളിലോ ബന്ധങ്ങളിലോ പ്രശസ്തിയിലോ ഒന്നും സന്തോഷമില്ല. സ്വയം നഷ്ടമാകുന്നവരാണ് ഇവർ. ഒരാൾക്ക് സ്വയം നഷ്ടമായാൽ പിന്നെ എന്തുചെയ്യും? അതിലും വലിയ നഷ്ടം മറ്റെന്താണുളളത്? ചില തിരിഞ്ഞുനോട്ടങ്ങൾ അനിവാര്യമാകുന്നത് ഇവിടെയാണ്. ചില വീണ്ടെടുക്കലുകളും ഇവിടെയാണ് നമുക്കുണ്ടായിരിക്കേണ്ടത്. എവിടെയാണ്, എങ്ങനെയാണ് എന്തുകൊണ്ടാണ് എനിക്കെന്റെ സന്തോഷങ്ങൾ നഷ്ടമായിരിക്കുന്നത്? അകാരണമായി ഒരാൾക്കും അവനവരെ നഷ്ടമാകില്ല. ഏതെങ്കിലുമൊക്കെ കാരണങ്ങൾ ഓരോ നഷ്ടപ്പെടലിനു പിന്നിലും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ആ നഷ്ടങ്ങളെ കൃത്യമായി വേർതിരിച്ചറിയുക. സാധിക്കുന്ന നഷ്ടങ്ങളെ പരിഹരിക്കാൻ ശ്രമിക്കുക. അവയ്ക്ക് പകരം വയ്ക്കാവുന്ന എന്തെങ്കിലും മാർഗങ്ങളുണ്ടോയെന്ന് നോക്കുക. തിരിച്ചുപിടിക്കാൻ കഴിയാത്ത നഷ്ടങ്ങളെ ഉൾക്കൊള്ളുക. ചിലപ്പോൾ ചില നഷ്ടങ്ങൾ നാളെ ലാഭമായിമാറിയേക്കാനും സാധ്യതയുണ്ട്.
വാടിത്തളർന്നുനില്ക്കുന്ന ചെടികൾ പ്രഭാതമാകുമ്പോഴേയ്ക്കും നിവർന്നുവരുന്നതുപോലെ ചില നഷ്ടങ്ങൾക്കുശേഷം നമുക്ക് പുതിയ പ്രഭാതങ്ങളുമുണ്ടാവും എന്ന് വിശ്വസിക്കുക. ഏത് അവസ്ഥയിലും സ്വയം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുക.
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്