തങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ച പണമില്ലായ്മയുടെ വിഷമങ്ങൾ മക്കൾ അറിയരുതെന്ന് ആഗ്രഹിച്ച് അവരുടെ കാര്യത്തിൽ ഒരു കുറവുമില്ലാതെ വളർത്തുന്നതിൽ അമിതമായി ശ്രദ്ധകൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. മക്കളുടെ ആവശ്യങ്ങളോട് നോ പറയാൻ കഴിയാതെ അവർ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുത്തും ചോദിക്കുമ്പോഴൊക്കെ പോക്കറ്റ്മണി നല്കിയും മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കന്മാരുടെ എണ്ണം പെരുകിവരുന്നു. അല്ലലറിയാതെ വളർത്തിക്കൊണ്ടുവന്നിട്ട് ഐ ഫോൺ മേടിച്ചുകൊടുക്കാത്തതിന്റെ പേരിൽ ആത്മഹത്യാഭീഷണി മുഴക്കിയ മകനെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛനും മകനും അമ്മയും കൊക്കയിൽ വീണുമരിച്ചസംഭവം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞമാസമായിരുന്നുവല്ലോ? ഈ സാഹചര്യത്തിൽ മക്കളെ എങ്ങനെയാണ് പണത്തിന്റെ വില പഠിപ്പിക്കുക എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.
മക്കളെ പണം ഏല്പിക്കാൻ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന മാതാപിതാക്കന്മാരുണ്ട്. ചെറുപ്പം മുതൽക്കേ പണത്തിൽ നിന്നും അകറ്റിനിർത്തിയും പണം കൈകാര്യം ചെയ്യുന്നതിൽ ഭയം നിറച്ചും മക്കളെ വളർത്തിക്കൊണ്ടുവരുമ്പോൾ പണത്തെക്കുറിച്ചുള്ള നിഷേധാത്മകചിന്തയാണ് മക്കൾക്ക് മാതാപിതാക്കന്മാർ നല്കുന്നത്. ചെറുപ്പംമുതൽക്കേ പണമെന്നു കേട്ടാൽ പേടിക്കേണ്ടതാണ് എന്ന ധാരണവച്ചുപുലർത്തുന്ന മക്കൾ മുതിർന്നുകഴിയുമ്പോൾ പണം വിവേകത്തോടും ധൈര്യത്തോടും ചെയ്യാൻ കഴിവില്ലാത്തവരായി മാറും. അതുകൊണ്ട് മക്കളുടെ പ്രായമനുസരിച്ച് അവരുടെ കൈയിൽ പണം കൊടുക്കാനും അത് വിവേകത്തോടെ ചെലവഴിക്കാനുമുളള പരിശീലനം മാതാപിതാക്കന്മാർ നല്കണം. പോക്കറ്റ്മണി എന്ന പേരിൽ മക്കൾക്ക് പണം നല്കുമ്പോൾ അത് മുഴുവൻ ധൂർത്തടിക്കാനുള്ളതല്ല എന്ന ബോധ്യം മക്കൾക്ക്കൊടുക്കാൻ ശ്രദ്ധിക്കണം. ആവശ്യമുള്ളത് എന്ത്, അത്യാവശ്യമുള്ളത് എന്ത്, അനാവശ്യമായത് എന്ത് എന്ന വ്യത്യാസം മക്കൾക്ക് പറഞ്ഞുകൊടുക്കണം. പണം കൊടുക്കുമ്പോൾ അത് മൂന്നുതരത്തിൽ ചെലവഴിക്കാനാണ് മക്കളെ പഠിപ്പിക്കേണ്ടത്. 1 ആവശ്യത്തിന് ചെലവഴിക്കുക. 2 അതിൽ ഒരു ഭാഗം സമ്പാദ്യമായി നീക്കിവയ്ക്കുക. 3 മറ്റുള്ളവരെ സഹായിക്കാൻ ചെലവഴിക്കുക. ഉദാഹരണത്തിന് നൂറുരൂപയാണ് കുട്ടിക്ക് കൊടുക്കുന്നത് എന്നു കരുതുക. അതിൽ അമ്പതുരൂപ സമ്പാദ്യമായി മാറ്റിവയ്ക്കാനും 40 രൂപ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കാനും പത്തുരൂപ മറ്റുള്ളവരെ സഹായിക്കാനും എന്ന മട്ടിൽ വിഭജനം നടത്താൻ മക്കൾക്ക് ചെറുപ്പംമുതൽ പരിശീലനം നല്കുക. ചിലർ പറഞ്ഞുകേട്ടിട്ടില്ലേ എന്റെ കൈ ഓട്ടക്കൈ ആണ്. പണം കൈയിലിരിക്കില്ല, വെള്ളംപോലെ ചെലവായിപ്പോകും എന്ന്.
വർഷങ്ങളായി ഭേദപ്പെട്ട സാലറി ഉണ്ടായിട്ടും അതു കുടുംബത്തിലെ പൊതുആവശ്യങ്ങൾക്കായി ചെലവഴിക്കാതിരുന്നിട്ടും മാസാവസാനമാകുമ്പോൾ പണം ഇല്ല എന്ന് പറഞ്ഞ് പരക്കംപായുന്ന ചിലരെ കണ്ടിട്ടുണ്ട്. അവർക്ക് പണം ചെലവഴിക്കാനറിയില്ല. പണം ചെലവഴിക്കാനുള്ള പരിശീലനം അവർക്ക് വീടുകളിൽനിന്ന് കിട്ടിയിട്ടില്ല. കിട്ടുന്ന പണം മുഴുവൻ പലകാര്യങ്ങൾക്കായി ചെലവഴിച്ച് ഒരുരൂപ പോലും നാളെത്തേയ്ക്ക് നീക്കിവയ്ക്കാൻ കഴിയാതെപോകുന്ന സാമ്പത്തികകാര്യങ്ങളിൽ അമ്പേ പരാജയപ്പെട്ടുപോകുന്നവരാണ് ഇക്കൂട്ടർ. വരുമാനത്തിന്റെ തീരെ ചെറിയൊരു അംശംപോലും സമ്പാദ്യമായി ചെലവഴിക്കാൻ അവർക്ക് കഴിയാതെപോകുന്നതിന്റെ കാരണം ചെറുപ്പകാലം തൊട്ട് മണിമാനേജ്മെന്റ് അവർക്ക് വശമില്ലായിരുന്നു എന്നതുകൊണ്ടാണ്.
കുടുംബബഡ്ജറ്റ് തയ്യാറാക്കുമ്പോൾ മക്കളെയും കൂടെ കൂട്ടുക. കുടുംബത്തിലെ വരവുചെലവുകളെക്കുറിച്ചുള്ള ബോധ്യം കുട്ടികൾക്കും ഉണ്ടാകട്ടെ. ഇഎംഐ, വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ചെലവ്, വെള്ളം, കറന്റ്, ഗ്യാസ്, പെട്രോൾ, വീട്ടുചെലവ് ഇങ്ങനെ ഒരു കുടുംബത്തിലേക്ക് അത്യാവശ്യമായിരിക്കുന്ന ചെലവുകളെക്കുറിച്ചെല്ലാം മക്കൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് ബോധ്യം നല്കണം. വരുമാനം ഒരിടത്തുനിന്നു മാത്രമാണെന്നും എന്നാൽ ചെലവ് നാനാവശത്തേക്കുമാണ് പോകുന്നതെന്നും മനസ്സിലാക്കാൻ കഴിയുന്ന മക്കൾ ചെലവുനിയന്ത്രിക്കാൻ കഴിവുള്ളവരായി മാറും. മാസശമ്പളക്കാരനായ ഒരാളുടെ വരുമാനം കൊണ്ടാണ് കുടുംബം നടക്കുന്നതെങ്കിൽ വരുമാനം മാസത്തിലൊരിക്കൽ മാത്രമാണ് ലഭിക്കുന്നതെന്നും എന്നാൽ എല്ലാ ദിവസവും പണത്തിന് ആവശ്യമുണ്ടെന്നും അവർ തിരിച്ചറിയും. ഇത് സാമ്പത്തികമായ അച്ചടക്കം പാലിക്കാൻ അവരെ സഹായിക്കും. ഷോപ്പിംങിന് കൊണ്ടുപോകുമ്പോൾ എല്ലാം വാങ്ങിക്കൂട്ടാനുള്ള മക്കളുടെ പ്രവണതയെ പ്രോത്സാഹിപ്പിക്കരുത്. അത്യാവശ്യമായതും ഗുണനിലവാരമുളളതുമായവയാണ് തിരഞ്ഞെടുക്കേണ്ടതെന്ന പാഠം അവരെ പഠിപ്പിക്കണം. വീട്ടിലെ ചെറിയ ചെറിയ ജോലികൾ മക്കളെക്കൊണ്ട് ചെയ്യിപ്പിച്ചതിനുശേഷം അവർക്ക് പണം നല്കുന്ന ചില മാതാപിതാക്കന്മാരുണ്ട്. ഇത് നല്ല രീതിയല്ല എന്നാണ് സാമ്പത്തികവിദഗ്ദരുടെ അഭിപ്രായം. കാരണം സ്വന്തം ഉത്തരവാദിത്തത്തിന് പണം വാങ്ങുന്ന രീതി എല്ലാത്തിനും പണം എന്നവിധത്തിലുള്ള മനോഭാവം രൂപപ്പെടാനേ സഹായിക്കൂ. എന്നാൽ പ്രോത്സാഹനസൂചകമായി മക്കളുടെ ചില ജോലികൾക്ക് പണം നല്കുന്നതും നല്ലതാണ്. അധ്വാനിച്ചുനേടിയതാണ് പണമെന്ന ചിന്ത അവരിൽ ഉറയ്ക്കാൻ ഇതുസഹായിക്കും. ഒരു സാധനം മക്കൾ വേണമെന്ന് ആവശ്യപ്പെട്ടാൽ ഉടനടി അതുവാങ്ങിക്കൊടുക്കാതെ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് നല്കുക. ഒരാഴ്ച കഴിഞ്ഞും ആവശ്യത്തോടുള്ള പ്രതിപത്തി അതേപടി നിലനിന്നാൽ മാത്രം വാങ്ങിക്കൊടുക്കാൻ തയ്യാറാവുക .പണം ചെലവഴിക്കാൻ കൂടിയുള്ളതാണ് എന്ന കാര്യവും മറന്നുപോകരുത്.
ആഡംബരത്തിൽ നിന്നുള്ള അകന്നുനില്പും ലുബ്ധും തമ്മിൽ വ്യത്യാസമുണ്ട്. ലുബ്ധ മക്കൾക്ക് നല്കുന്നത് നെഗറ്റീവ് സന്ദേശമാണ്. എന്നാൽ ധൂർത്തടിക്കാതിരിക്കൽ പണത്തിന്റെ വില അറിയാൻ അവരെ സഹായിക്കുകയും ചെയ്യും. മാതാപിതാക്കന്മാരുടെ സമ്പാദ്യശീലമാണ് മക്കൾ കണ്ടുവളരുന്നത്. അതുകൊണ്ട് സാമ്പത്തികാച്ചടക്കവും നിക്ഷേപവും സമ്പാദ്യവും എന്നാൽ ചെലവഴിക്കാനുള്ള സന്നദ്ധതയുമുള്ള മാതാപിതാക്കന്മാരുടെ മക്കൾ സാമ്പത്തികകാര്യങ്ങളിൽ വിശ്വസ്തരും വിദഗദരുമായിരിക്കാനാണ് സാധ്യത കൂടുതൽ. പണത്തെ പേടിക്കരുത് എന്നൊരു സങ്കല്പമുണ്ട് അതുപോലെ പണത്തെ ആരാധിക്കുകയുമരുത്. പണം നമ്മുടെ ആവശ്യങ്ങൾ നിവർത്തിക്കാനുള്ള ഒരു ഘടകം മാത്രമാണെന്നും അത് ചെലവാക്കുമ്പോൾ തീർന്നുപോകുന്നതാണെന്നും മനസ്സിലാക്കി പണം വിവേകത്തോടെ ചെലവഴിക്കുക..
