ഒരു ദിവസം നമ്മളെല്ലാവരും ഈ ലോകത്തുനിന്ന് യാത്രയാകും. ദിവസവും ഉപയോഗിച്ചിരുന്ന കസരേയും മേശയും കട്ടിലും മറ്റൊരാൾ ഉപയോഗിക്കും. സ്ഥിരമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മറ്റൊരാൾ നിങ്ങൾക്ക് പകരക്കാരനായി എത്തും. നിങ്ങൾ മരിച്ചുപോയാലും നിങ്ങൾ പെരുമാറിയിരുന്ന ലോകം അതുപോലെ തന്നെ അവിടെയുണ്ടാകും. വീട്, നാട്, ഓഫീസ്, ലോകത്തിന് ഒരു ഇളക്കവും സംഭവിക്കില്ല, ഒന്നും നിങ്ങളുടെ അസാന്നിധ്യത്തിൽ അവസാനിക്കുന്നില്ല. മഴ പിന്നെയും പെയ്യും, മഞ്ഞും നിലാവും വീണ്ടും വരും. വെയിൽ പരക്കും, പച്ചിലകൾ തളിർക്കും ചെടികൾ പൂവിടും കുട്ടികൾ വളരും സുഹൃത്തുക്കൾ പുതിയ കൂട്ടുകെട്ടുകൾ സൃഷ്ടിക്കും. ആർക്കും മാറ്റമുണ്ടാവുന്നില്ല. നിങ്ങൾക്ക് മാത്രമേ മാറ്റമുണ്ടാകുന്നുള്ളൂ. ആ മാറ്റമാവട്ടെ നിങ്ങൾ ജീവിച്ചിരിക്കുന്നില്ല എന്നതു മാത്രമാണ്. ലോകത്തിന് അതിന്റെ പതിവ് താളം നഷ്ടപ്പെടുന്നില്ല എന്നുതന്നെ.
പക്ഷേ നിങ്ങളുടെ സാന്നിധ്യംകൊണ്ട് ജീവിതത്തിൽ മാറ്റമുണ്ടായ ചില അപൂർവ്വം മനുഷ്യരുണ്ടാവാം. നിങ്ങളെ അത്രമേൽ സ്നേഹിച്ചവർ. അത് ഒരു പക്ഷേ മാതാപിതാക്കളാകാം, ജീവിതപങ്കാളിയാവാ ം, ഏറ്റവും അടുത്ത സുഹൃത്താകാം. കുഞ്ഞുമക്കളാകാം. അങ്ങനെ വളരെ ചുരുക്കം ചിലർ അവർ അപ്പോഴും നിങ്ങളെ ഓർക്കുന്നുണ്ടാകും. പ്രതിസന്ധിയുടെ ഒരു ഘട്ടത്തിൽ നിങ്ങൾ പറഞ്ഞ ആശ്വാസവാക്കുകൾ, ആരും സഹായിക്കാനില്ലാതിരുന്നപ്പോൾ നിങ്ങൾ നീട്ടിയ കൈ, ഒരു തെറ്റിന്റെ പേരിൽ തകർന്നുപോയപ്പോൾ നിങ്ങൾ നൽകിയ രണ്ടാമത്തെ അവസരം, വിഷമിച്ചിരുന്ന ഒരു ദിവസം നിങ്ങൾ സമ്മാനിച്ച പുഞ്ചിരി ഇവയൊക്കെ അവരുടെ ഓർമകളിൽ ജീവിച്ചേക്കാം.അപ്പോൾ സ്വാഭാവികമായി ഒരു ചോദ്യം ഉയരുന്നു: നിങ്ങൾ മരിച്ചശേഷം ആളുകൾ നിങ്ങളെക്കുറിച്ച് എന്തായിരിക്കും ഓർക്കുക. നിങ്ങൾ എങ്ങനെ ഓർമ്മിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നുംകൂടി ചിന്തിക്കേണ്ടതുണ്ട്.
നിങ്ങൾ സമ്പാദിച്ച പണം എത്രയായിരുന്നു എന്നോ എത്ര വലിയ വീട് പണിതു എന്നോ എത്ര ഉയർന്ന പദവിയിലെത്തി എന്നോ ആയിരിക്കുമോ അവരുടെ ഓർമകളിൽ ആദ്യം വരുന്നത് അതോ നിങ്ങൾ അവരോട് എങ്ങനെ പെരുമാറി, അവരുടെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാക്കി, അവർക്ക് നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ എങ്ങനെ അനുഭവപ്പെട്ടു എന്നതായിരിക്കുമോ ? ഒരു അധ്യാപകൻ മരിച്ചുപോയേക്കാം. എന്നാൽ വർഷങ്ങൾക്കുശേഷം പോലും അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തുകൊണ്ട് ജീവിതത്തിലെ നിർണായക സന്ദർഭത്തിൽ ഒരു തീരുമാനം എടുക്കുന്ന വിദ്യാർഥിയുണ്ടാകാം. ഒരു അമ്മ ഈ ലോകത്തുനിന്ന് യാത്രയായേക്കാം. എന്നാൽ അവൾ പഠിപ്പിച്ച സത്യസന്ധതയും കരുണയും ജീവിതകാലം മുഴുവൻ മക്കളുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. ഒരു സാധാരണ മനുഷ്യൻ വലിയ സമ്പത്തൊന്നും സമ്പാദിച്ചിട്ടുണ്ടാകില്ല. പക്ഷേ അയാളുടെ വീട്ടിൽനിന്ന് വിശന്നവരാരും ഭക്ഷണം കഴിക്കാതെ മടങ്ങിയിട്ടില്ലെന്ന ഓർമ നാട്ടുകാർക്കിടയിൽ നിലനിന്നേക്കാം.
ഇവിടെ ഒരു പ്രധാന കാര്യമുണ്ട്. ഓർമ്മിക്കപ്പെടാൻ പ്രശസ്തനാകേണ്ടതില്ല. ചരിത്രപുസ്തകങ്ങളിൽ പേര് വരണമെന്നില്ല. ആയിരക്കണക്കിന് ആളുകൾ അറിയണമെന്നുമില്ല. നിങ്ങളുടെ സാന്നിധ്യംകൊണ്ട് ഒരാളുടെ ജീവിതമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതത്തിന് അർത്ഥവത്തായ ഒരു സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാരണം ആളുകൾ നിങ്ങളുടെ വാക്കുകളേക്കാൾ നിങ്ങളുടെ പെരുമാറ്റം ഓർക്കും ജീവിതത്തിൽ നമ്മൾ പലർക്കും ഉപദേശങ്ങൾ നൽകാറുണ്ട്.
സത്യസന്ധരായിരിക്കണം, മറ്റുള്ളവരെ സഹായിക്കണം, മാതാപിതാക്കളെ ബഹുമാനിക്കണം, പണം മാത്രം ജീവിതലക്ഷ്യമാക്കരുത് എന്നൊക്കെ പറയും. എന്നാൽ നാംതന്നെ ഈ മൂല്യങ്ങൾ പാലിക്കുന്നുണ്ടോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ടത്.മക്കളോട് സത്യസന്ധരായിരിക്കണമെന്ന് പറയുകയും അവർക്ക് മുന്നിൽതന്നെ കള്ളം പറയുകയും ചെയ്യുന്ന മാതാപിതാക്കളെ അവർ ഓർക്കുന്നത് വാക്കുകളുടെ പേരിലായിരിക്കില്ല. പറഞ്ഞതും ചെയ്തതും തമ്മിലുള്ള വൈരുധ്യമായിരിക്കും അവരുടെ ഓർമയിൽ നിലനിൽക്കുക.
ജോലിക്കാരോട് ബഹുമാനത്തോടെ പെരുമാറുന്ന ഒരു മേലധികാരിയെ ആളുകൾ ഓർക്കുന്നത് അയാളുടെ പദവിയുടെ പേരിൽ മാത്രമല്ല. എല്ലാവരും ഭയപ്പെട്ടിരുന്ന ഒരു സാഹചര്യത്തിൽപ്പോലും നീതിപൂർവമായ തീരുമാനം എടുത്തതിന്റെ പേരിലായിരിക്കും.നിങ്ങൾ ദേഷ്യപ്പെട്ടപ്പോൾ മറ്റുള്ളവരോട് എങ്ങനെ സംസാരിച്ചു നിങ്ങളെക്കാൾ ദുർബലരായവരോട് എങ്ങനെ പെരുമാറി നിങ്ങളെ സഹായിക്കാൻ കഴിയാത്തവരോട് പോലും ബഹുമാനം കാണിച്ചോ നിങ്ങൾക്ക് അധികാരം ലഭിച്ചപ്പോൾ അതുപയോഗിച്ച് മറ്റുള്ളവരെ ഉയർത്തിയോ, അതോ അവരെ ചെറുതാക്കാനോ ശ്രമിച്ചോ ഇത്തരം ചോദ്യങ്ങൾക്ക് നമ്മുടെ ദൈനംദിന ജീവിതമാണ് ഉത്തരം നൽകുന്നത്.ഒരാളുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ അയാൾ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ മാത്രം നോക്കിയാൽ പോരാ. പരാജയപ്പെടുമ്പോഴും വിമർശിക്കപ്പെടുമ്പോഴും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുമ്പോഴും അയാൾ എങ്ങനെ പെരുമാറുന്നു എന്നതും ശ്രദ്ധിക്കണം.കാരണം, മനുഷ്യരുടെ ഓർമയിൽ പലപ്പോഴും വലിയ പ്രസംഗങ്ങളെക്കാൾ ആഴത്തിൽ പതിയുന്നത് ഒരു ചെറിയ പ്രവൃത്തിയായിരിക്കും.നിങ്ങൾ സ്നേഹിച്ചവർ നിങ്ങളെ എങ്ങനെ ഓർക്കും.ഒരു ദിവസം നിങ്ങളുടെ മക്കൾ നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അവരുടെ മനസ്സിൽ എന്തായിരിക്കും ഉയർന്നുവരിക.നിങ്ങൾ അവർക്കായി നൽകിയ പണവും വാങ്ങിക്കൊടുത്ത വിലകൂടിയ വസ്തുക്കളും മാത്രമായിരിക്കുമോ അതോ പരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ നിങ്ങൾ അവരെ ആശ്വസിപ്പിച്ചതും തെറ്റു ചെയ്തപ്പോൾ തിരുത്തിയതും വിജയിച്ചപ്പോൾ അഭിമാനത്തോടെ ചേർത്തുപിടിച്ചതും ഓർമിക്കുമോ?
ജീവിതപങ്കാളി നിങ്ങളെ എങ്ങനെ ഓർക്കും എന്ന ചോദ്യവും പ്രധാനമാണ്. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചിട്ടും പങ്കാളിക്ക് സ്വന്തം വിഷമങ്ങൾ തുറന്നുപറയാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകാം. സാമ്പത്തികമായി എല്ലാം നൽകിയിട്ടും വൈകാരികമായ അടുപ്പം നൽകാൻ കഴിയാതെപോയ ജീവിതങ്ങളും ഉണ്ടാകാം.
നിങ്ങൾ വീട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് സന്തോഷം തോന്നിയിരുന്നോ അതോ നിങ്ങളുടെ പ്രതികരണത്തെക്കുറിച്ചുള്ള ഭയംകൊണ്ട് അവർ നിശ്ശബ്ദരായിരുന്നോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോൾ നിങ്ങൾ കേൾക്കാൻ തയ്യാറായിരുന്നോതെറ്റു ചെയ്താൽ ക്ഷമ ചോദിച്ചിരുന്നോ കുടുംബാംഗങ്ങൾ സ്വന്തം സ്വപ്നങ്ങൾ പങ്കുവയ്ക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിച്ചിരുന്നോ? ഈ ചോദ്യങ്ങൾ നമ്മെ കുറ്റപ്പെടുത്താനല്ല. മറിച്ച്, നമ്മുടെ സ്നേഹം മറ്റുള്ളവർക്ക് യഥാർഥത്തിൽ അനുഭവിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കാനാണ്.
നാം സ്നേഹിക്കുന്നുവെന്ന് കരുതുന്നത് ഒരു കാര്യമാണ്. നമ്മോടൊപ്പം ജീവിക്കുന്നവർക്ക് ആ സ്നേഹം അനുഭവിക്കാൻ കഴിയുന്നത് മറ്റൊരു കാര്യമാണ്. ഇന്നത്തെ ലോകം വിജയത്തെ പലപ്പോഴും പണത്തിന്റെയും പദവിയുടെയും പ്രശസ്തിയുടെയും അടിസ്ഥാനത്തിലാണ് അളക്കുന്നത്. ആരാണ് കൂടുതൽ സമ്പാദിച്ചത് ആരാണ് വലിയ വീട് പണിതത് ആരുടെ മക്കളാണ് ഉയർന്ന പദവികളിലെത്തിയത് ആരാണ് സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടിയത ഇത്തരം ചോദ്യങ്ങൾ നമ്മുടെ ജീവിതത്തെ നിരന്തരം സ്വാധീനിക്കുന്നു.ഇവയെല്ലാം ജീവിതത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളാകാം. സാമ്പത്തികസുരക്ഷയും തൊഴിൽവിജയവും കുടുംബത്തിന്റെ ക്ഷേമവും വിലപ്പെട്ടതാണ്. എന്നാൽ ഇവയെ മാത്രം ജീവിതത്തിന്റെ വിജയമായി കണക്കാക്കുമ്പോൾ മറ്റു ചില പ്രധാന കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽനിന്ന് ഒഴിഞ്ഞുപോകാം.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഒരാൾ തന്റെ യാത്രയെ തിരിഞ്ഞുനോക്കുമ്പോൾ, സമ്പാദിച്ചതെല്ലാം മാത്രം ഓർത്തുകൊണ്ടിരിക്കണമെന്നില്ല. നഷ്ടപ്പെടുത്തിയ ബന്ധങ്ങളെക്കുറിച്ചും പറയാതെ പോയ സ്നേഹത്തെക്കുറിച്ചും മാറ്റിവച്ച സ്വപ്നങ്ങളെക്കുറിച്ചും മറ്റുള്ളവരെ വേദനിപ്പിച്ച വാക്കുകളെക്കുറിച്ചും ചിന്തിച്ചേക്കാം.അതുകൊണ്ട് വിജയത്തെക്കുറിച്ചുള്ള നമ്മുടെ നിർവചനം വിശാലമാക്കണം. എത്ര പണം സമ്പാദിച്ചു എന്നതിനൊപ്പം എത്ര വിശ്വാസബന്ധങ്ങൾ കെട്ടിപ്പടുത്തു എന്നതു പ്രധാനമാണ്. എത്ര പേരെ തോല്പിച്ചു എന്നതിനുപകരം എത്ര പേരെ വളരാൻ സഹായിച്ചു എന്നും ചിന്തിക്കണം. എത്ര പേർ നമ്മളെ ഭയപ്പെട്ടു എന്നതിനേക്കാൾ എത്ര പേർക്ക് നമ്മളോട് തുറന്നുപറയാൻ കഴിഞ്ഞു എന്നും പരിശോധിക്കണം.
നമുക്ക് ലഭിച്ച സമയം അനന്തമല്ല. ഇന്ന് വേണ്ടെന്നുവയ്ക്കുന്ന ഒരു സന്ധിസംഭാഷണത്തിന്, സൗഹൃദക്കൂട്ടായ്മയ്ക്ക് നാളെ അവസരം ലഭിക്കണമെന്നില്ല. ഏറെക്കാലമായി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളെ കാണാൻ കഴിയാതെപോയേക്കാം. ക്ഷമ ചോദിക്കേണ്ട ഒരാളോട് അത് പറയാനുള്ള അവസരം നഷ്ടപ്പെട്ടേക്കാം. മാതാപിതാക്കളോടൊപ്പം ചെലവഴിക്കാമായിരുന്ന സമയം തിരിച്ചുകിട്ടണമെന്നില്ല.ഈ തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തുകയല്ല മറിച്ച്, പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകാൻ സഹായിക്കുകയാണ് വേണ്ടത്അ വസാനമായി ഇന്ന് രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ ് ഒരു നിമിഷം ശാന്തമായി ഇരുന്ന് ചിന്തിക്കൂ. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങളോടടുത്തവർ സംസാരിക്കുന്ന ഒരു സാഹചര്യം മനസ്സിൽ കാണുക.
നിങ്ങളുടെ മക്കൾ നിങ്ങളെക്കുറിച്ച് എന്ത് പറയും നിങ്ങളുടെ ജീവിതപങ്കാളി.. സുഹൃത്തുക്കൾ സഹപ്രവർത്തകർ, ഒരിക്കൽമാത്രം കണ്ടുമുട്ടിയവർ..അവരുടെ മനസ്സിൽ നിങ്ങൾ പതിപ്പിച്ചിരിക്കുന്ന ചിത്രം എന്തായിരിക്കും? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ ചിലപ്പോൾ മനസ്സിൽ സന്തോഷംഉണ്ടാവണമെന്നില്ല ചില പശ്ചാത്താപങ്ങളും ഉയർന്നുവന്നേക്കാം. നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കേണ്ടിയിരുന്ന ബന്ധങ്ങൾ, പറയേണ്ടിയിരുന്ന വാക്കുകൾ, മാറ്റേണ്ടിയിരുന്ന ശീലങ്ങൾ എല്ലാം ഓർമ്മവന്നേക്കാം. അത് പരാജയത്തിന്റെ അടയാളമല്ല. നിങ്ങളുടെ ജീവിതം ഇനിയും മാറ്റാൻ കഴിയുന്നുണ്ടെന്ന തിരിച്ചറിവാണ്.
നിങ്ങൾക്ക് കഴിഞ്ഞുപോയ വർഷങ്ങളെ മാറ്റാൻ കഴിയില്ല. എന്നാൽ ഇന്നത്തെ പെരുമാറ്റം മാറ്റാൻ കഴിയും. ഇന്നലെ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ലെങ്കിലും ഇന്ന് ക്ഷമ ചോദിക്കാം. നഷ്ടപ്പെട്ട സമയം തിരിച്ചുകൊണ്ടുവരാനാവില്ലെങ്കിലും ഇനി ലഭിക്കുന്ന സമയം കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കാം. കഴിഞ്ഞകാലത്തിലെ എല്ലാ തെറ്റുകളും മായ്ക്കാനാവില്ലെങ്കിലും അവയിൽനിന്ന് പഠിച്ച് നാളെ കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാം. നിങ്ങളുടെ മരണശേഷം ലോകം നിങ്ങളെക്കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തില്ല. നിങ്ങളുടെ പേരിൽ സ്മാരകങ്ങൾ പണിയപ്പെടണമെന്നില്ല. എന്നാൽ ഒരാളുടെ ജീവിതത്തിൽ നിങ്ങൾ നൽകിയ ആശ്വാസം, ഒരു കുടുംബത്തിൽ നിങ്ങൾ സൃഷ്ടിച്ച സ്നേഹം, ഒരു കുട്ടിയുടെ മനസ്സിൽ നിങ്ങൾ വളർത്തിയ ആത്മവിശ്വാസം, ഒരു വിഷമത്തിലായ മനുഷ്യനു നിങ്ങൾ നൽകിയ പ്രതീക്ഷ എന്നിവ നിലനിന്നേക്കാം. അതുകൊണ്ട് ഞാൻ മരിച്ചശേഷം ആളുകൾ എന്നെ എങ്ങനെ ഓർക്കും എന്ന ചോദ്യത്തോടൊപ്പം മറ്റൊരു ചോദ്യം കൂടി ഇന്ന് ചോദിക്കാം. ‘ഞാൻ ജീവിച്ചിരിക്കുന്ന ഈ ദിവസം, മറ്റൊരാളുടെ ജീവിതം കുറച്ചുകൂടി നല്ലതാക്കാൻ എനിക്ക് എന്താണ് ചെയ്യാൻ കഴിയുക?’
