Home Social & Culture Social Media ഡിജിറ്റൽ ലോകമാണ്… കുട്ടികൾ സുരക്ഷിതരാണോ?

ഡിജിറ്റൽ ലോകമാണ്… കുട്ടികൾ സുരക്ഷിതരാണോ?

0
ഡിജിറ്റൽ ലോകമാണ്… കുട്ടികൾ സുരക്ഷിതരാണോ?


ഡിജിറ്റൽ ലോകം ഒരു ചിലന്തിവല കണക്കെയാണ്. സമീപത്തുകൂടി വരുന്നവരെപോലും വലയിലാക്കാൻ മാത്രം കഴിവുള്ള, പ്രലോഭിപ്പിക്കുന്ന പലതും അതിലുണ്ട്. ഈ വലയിൽ  കുടുങ്ങുന്നവരേറെയും കൗമാരക്കാരാണ്.   വലകൾ അറുത്തുമാറ്റിയും അല്ലെങ്കിൽ വലയിൽ കുടുങ്ങാതെയും കൗമാരക്കാരെ രക്ഷിക്കാൻ എന്താണ് മാർഗം?

മാതാപിതാക്കളും മക്കളും തമ്മിലുള്ള തുറന്ന സംസാരം പലപ്പോഴും കുട്ടികളെ സോഷ്യൽമീഡിയായുടെ കെണികളിൽ നി്ന്ന് രക്ഷപ്പെടുത്തും.കുട്ടികൾ എന്താണ് ഓൺലൈനിൽ കാണുന്നത്, ആരുമായാണ് സംസാരിക്കുന്നത്, ഏത് ആപ്പുകളാണ് ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കുക. പല മാതാപിതാക്കളും മക്കളോട് സ്വരമുയർത്തിയും ഭീഷണിപ്പെടുത്തിയുമാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. മാതാപിതാക്കളുടെ സംസാരത്തിലെ ഈ രീതി മക്കളിൽ ഭീതിയും തെറ്റിദ്ധാരണയും ജനിപ്പിക്കുന്നതുകൊണ്ടുതന്നെ അവർ പറയുന്ന മറുപടി സത്യമായിരിക്കണമെന്നില്ല. എന്നാൽ മക്കളോട് സൗഹാർദപൂർവമായും നയപരമായും കാര്യങ്ങൾ ചോദിച്ചാൽ അവർ വാസ്തവം പറയുകയും അക്കാര്യത്തിൽ വേണ്ട  തിരുത്തലുകളും മാർഗനിർദ്ദേശങ്ങളും നല്കുകയും ചെയ്യാം.

പേര്, വിലാസം, ഫോൺ നമ്പർ, സ്‌കൂൾ, പാസ്വേഡ്, ലൊക്കേഷൻ, കുടുംബവിവരങ്ങൾ, സ്വകാര്യ ചിത്രങ്ങൾ എന്നിവ അപരിചിതരുമായി പങ്കിടരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക. ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകളാണ് അനിവാര്യം. പ്രായത്തിന് അനുയോജ്യമായ ആപ്പുകളും ഗെയിമുകളും മാത്രമേ മക്കൾക്ക് അനുവദിക്കാവൂ. ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് അതിന്റെ പ്രായപരിധി, സ്വകാര്യതാ നയം, ചാറ്റ് സൗകര്യങ്ങൾ എന്നിവ മാതാപിതാക്കൾ പരിശോധിച്ചിരിക്കണം  മക്കളുടെ സ്‌ക്രീൻ സമയത്തിൽ നിയന്ത്രണങ്ങൾ വരുത്തണം. ഉറങ്ങുന്നതിന് മുമ്പ് ഫോൺ മാറ്റിവയ്ക്കുന്നതും  ഭക്ഷണസമയത്ത് ഫോൺ ഒഴിവാക്കുന്നതും പോലെയുള്ളവ ശിക്ഷയായിട്ടല്ല കുടുംബത്തിലെ അലിഖിത നിയമമായിട്ടാണ് അവതരിപ്പിക്കേണ്ടത്. കടുത്ത നിയന്ത്രണം ചിലപ്പോഴെങ്കിലും അപകടത്തിന് കാരണമായേക്കാം.ആരോഗ്യകരമായ അകലമാണ് അനാവശ്യമായ കൂട്ടിയിടികൾ ഒഴിവാക്കുന്നത്. 

ഓൺലൈൻ സുഹൃത്തുക്കളെക്കുറിച്ച് ജാഗ്രത പുലർത്താൻ മക്കളെ പ്രേരിപ്പിക്കണം,. ഓൺലൈനിൽ പരിചയപ്പെട്ട ഒരാൾ യഥാർത്ഥത്തിൽ ആരാണെന്ന് ഉറപ്പില്ല. നേരിൽ കാണാൻ ആവശ്യപ്പെടുന്നവരോട് പ്രത്യേക ജാഗ്രത വേണമെന്ന് കുട്ടികളെ പഠിപ്പിക്കുക. പരിഹാസം, ഭീഷണി, അപമാനകരമായ സന്ദേശങ്ങൾ, സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവ സംഭവിച്ചാൽ മിണ്ടാതിരിക്കാതെ മാതാപിതാക്കളോട് പറയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അതുപോലെ സംശയകരമായ ലിങ്കുകളും സന്ദേശങ്ങളുംസമ്മാനം ലഭിച്ചുവെന്നോ അക്കൗണ്ട് അടച്ചുപൂട്ടുമെന്നോ പറഞ്ഞ് വരുന്ന സംശയകരമായ ലിങ്കുകളിലോ ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധകൊടുക്കണം. വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രത്യേക കരുതലുള്ളവരായിരിക്കാൻ മക്കൾക്ക് പറഞ്ഞുകൊടുക്കണം.

പല മാതാപിതാക്കളും മക്കളോട് മൊബൈൽ ഉപയോഗത്തിൽ നിയന്ത്രണം വരുത്തണമെന്ന് നിർ്ദ്ദേശിക്കുകയും എന്നാൽ അവർ സ്വന്തം ജീവിതത്തിൽപ്രാവർത്തികമാക്കാതിരിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ ആശയവൈരുദ്ധ്യംസൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് മക്കളോട് മൊബൈൽ ഉപയോഗത്തിൽ നിയന്ത്രണം വരുത്തണമെന്ന് നിർദ്ദേശിക്കുന്ന മാതാപിതാക്കൾ സ്വന്തം ജീവിതത്തിലൂടെ അതുകാണിച്ചുകൊടുക്കണം

LEAVE A REPLY

Please enter your comment!
Please enter your name here