”നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല,
അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.
എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.
ഒന്ന് തൊട്ടാൽ തന്നെ
പൊട്ടിക്കരയാൻ പറ്റണമെന്നില്ല.
കരഞ്ഞാൽ തന്നെ ഒരാൾക്കും അത്
മനസിലാകണമെന്നില്ല.
നീ മരിച്ചാൽ ഞാൻ എന്തിന് വരണം ?
എനിക്ക് നീ മരിക്കുന്നില്ലല്ലോ ……….”
സോമൻ കടലൂരിന്റെ ഈ കവിത വായിക്കാത്തവരോ കേൾക്കാത്തവരോ പങ്കുവയ്ക്കാത്തവരോ ഉണ്ടാകാൻ ഇടയില്ല. ശരിയാണ് പ്രണയത്തിന്റെ അവസാനത്തിൽ ഒരു പാട്ട് കൂടെ കിളി പാടും, ഒരു പൂവ് കൂടി വിരിയും, രണ്ടുപേരിലൊരാൾ മരണത്തിന്റെ വില്ലീസുവിരി വകഞ്ഞുമാറ്റി മുന്നോട്ട് നടക്കും, അതല്ലാതെ പ്രണയത്തിന് അനശ്വരമാകാൻ മറ്റൊരു വഴിയില്ലല്ലോ.
‘റിദ’ എന്ന പേര് അറബ് ലോകത്തെ മനോഹരമായ പേരുകളിൽ ഒന്നുമാത്രമായിരിക്കും പലർക്കും, അത് മുഹമ്മദ് ദർവേഷിനെ പരിചയപ്പെടുന്നത് വരെ മാത്രം. അതിന് ശേഷം ആ പേരിന് പ്രണയമെന്നും, വേർപിരിയൽ എന്നും വേദനയെന്നുമൊക്കെ അർത്ഥവ്യത്യാസങ്ങളുണ്ടാകും.
പലസ്തീനി ജനതയുടെ വീണ്ടെടുപ്പിന്റെയും പ്രതിരോധത്തിന്റെയും, ഒപ്പം, പ്രണയത്തിന്റെയും പേരാണ് മുഹമ്മദ് ദർവേഷ്, ലോകം മുഴുവൻ ആരാധകരുള്ള, ഫലസ്തീനി കവി. അദ്ദേഹത്തിന്റെ പ്രണയമായിരുന്നു റിദ. ജൂത പെൺകുട്ടി, കവയത്രി. തമാർ ബെൻ ആമി’ എന്നായിരുന്നു അവളുടെ യദാർത്ഥ പേര്. 1960കളിൽ ഇസ്രായേലിലെ വലിയ നഗരങ്ങളിൽ ഒന്നായ ഹൈഫയിൽ വച്ചാണ് ദർവേഷും റിദയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള, സംഘർഷങ്ങൾക്കിടയിലും രണ്ടുജനതയും സാംസ്ക്കാരികമായി അടുത്തിടപഴകിയിരുന്ന കാലവും ഇടവുമായിരുന്നു ഹൈഫയിലെ ഈ സാംസ്കാരികവേദി.
ദർവേഷിന് എഴുത്ത് എന്നത്, രാജ്യത്തിന്റെ മോചനവും, അതിൻറെ ആത്മാഭിമാനവുമായിരുന്നു. റിദയുമായുള്ള പ്രണയം, അതിനാൽ തന്നെ അതിൻറെ എല്ലാ മനോഹാരിതകളോടും കൂടെ ആയിരിക്കുമ്പോൾ തന്നെ തന്റെ എഴുത്തിന്റെ പ്രചോദനവും കൂടിയായി അദ്ദേഹം തിരിച്ചറിയുന്നു. ‘താങ്കൾ എത്രയധികം അവളെ സ്നേഹിക്കുന്നു’ എന്ന ചോദ്യത്തിന്, അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെയാണ്; ‘അത് എന്നെ എന്റെ കുഴിമാടത്തിൽ നിന്നും ജീവനിലേയ്ക്ക് തിരിച്ചുക്കൊണ്ടുവരാൻ മാത്രം അത്രമേൽ തീവ്രവും സത്യവുമാണ്’ എന്നായിരുന്നു.
റിദ പ്രണയം മാത്രമല്ലായിരുന്നു അദ്ദേഹത്തിന്. അവൾ ഒരു സ്ത്രീയാണ്, ഇസ്രായേലാണ്. നഷ്ടപെട്ടുപോയ നിഷ്കളങ്കതയാണ്, സഹജീവനത്തിന്റെ ശുഭകാമനയാണ്, അതുപോലെതന്നെ സാധ്യതകളില്ലാത്ത ഭാവിജീവിതവുംകൂടിയാണ്. റിദ, അതുക്കൊണ്ടുതന്നെ കവിയുടെ ‘പോയറ്റിക്കൽ ലൈസൻസ്’ കൂടിയാണ്.
‘റിദ ആൻറ് ദി റൈഫിൾ’ (റിദയും തോക്കും) എന്നത് ദർവേഷിന്റെ ഏറ്റവും പ്രശസ്തമായ കവിതയാണ്. റിദ- പ്രണയമാണ്. റൈഫിൾ – യുദ്ധമാണ്, അധിനിവേശമാണ്, രാഷ്ട്രീയവും, സ്വത്വവും ചരിത്രവുമാണ്. ഈ കവിത ഒരേ സമയം ഒരു പ്രണയകവിതയും, രാഷ്ട്രീയ പ്രഖ്യാപനവും കൂടിയായിരുന്നു. റിദ, എന്ന വാക്കും വ്യക്തിയും ആശയവും ദർവേഷിൻറെ നിരവധി കവിതകളുടെ വിഷയവും ആത്മാവും കൂടിയായിരുന്നു.
എന്നാൽ വിധിയുടെ ഇടപെടൽ ഈ ബന്ധത്തെ പിന്നീട് തകർത്തുകളഞ്ഞു. അനിവാര്യമായിരുന്ന വേർപിരിയലിന് ശേഷവും അവർ പരസ്പരം കുറ്റപെടുത്തുകയോ തള്ളിപറയുകയോ ചെയ്യുന്നില്ല, റിദ, ദർവേഷിൻറെ കവിതകളിൽ തുടർന്നും പ്രത്യക്ഷപെട്ടു, അവസാനിക്കാത്ത പ്രതീക്ഷയായിട്ട്, ഒരു പ്രണയ സാധ്യതയായിട്ട്, ആത്മാഭിമാനത്തിന്റെ സൂചകമായിട്ട്, ജീവിതം വീണ്ടും തളിർക്കുമെന്ന ശുഭപ്രതീക്ഷയായിട്ട്…അങ്ങനെയങ്ങനെ..
റിദ ഒരു മൊസാദ് എജന്റായിരുന്നു എന്നും അതറിഞ്ഞതോടെ അയാളുടെ ഹൃദയവും കവിതയും പ്രണയവും തകർക്കപ്പെട്ടു എന്നും വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ അതിന് തക്ക സൂചനകളൊന്നും ലഭിക്കുന്നില്ല, മറ്റേതൊരു ഇസ്രായേലി യുവതികളെയും പോലെ റിദയും ആ രാജ്യത്തിന്റെ നിർബന്ധിത സൈനിക സേവനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നത് മാത്രമാണ് പരമാർത്ഥം.
പ്രണയം തകർന്നു എന്നുള്ളത് സത്യമാണ്. അതിന് ശേഷം ദർവേഷ് എഴുതുന്നുണ്ട്: ‘Once again I felt my homeland is occupied’ ഒരിക്കൽ കൂടെ എന്റെ ജന്മദേശം പിടിച്ചടക്കപ്പെട്ടു’
‘നമ്മൾ വേർപിരിഞ്ഞിട്ടില്ല
അതുക്കൊണ്ടുതന്നെ ഒരിക്കലും നമ്മൾ
കണ്ടുമുട്ടുകയുമില്ല’
തന്റെ നഷ്ടപ്രണയത്തെ, നഷ്ടപ്പെട്ടുപോയ ജന്മദേശത്തെ തോൽപ്പിക്കപ്പെട്ട തന്റെ ജനതയെക്കുറിച്ച് പിന്നീട് അയാൾ കുറിച്ചത് ഇങ്ങനെയായിരുന്നു.
സന്തോഷ് ചുങ്കത്ത്
