അതിരു നിശ്ചയിക്കേണ്ട വിശ്വാസങ്ങൾ 

Share post:

ഏതിനും ചില അതിരുകൾ  നിശ്ചയിക്കേണ്ടതുണ്ട്. സീബ്രാ ലൈനുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന ജാഗ്രതയെന്നതുപോലെ… നാലുവരിപ്പാതയിലെ നിയമങ്ങളെന്നതുപോലെ… ചെറുതായിട്ടെങ്കിലും അതിരുകൾ  ഭേദിക്കപ്പെട്ടാൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമെന്നത് ഉറപ്പ്. വിശ്വാസത്തിനും ഇത് ബാധകമാണ്. കാരണം മതത്തിന്റെ ഭാഗമായുള്ള വിശ്വാസത്തിന്റെ പേരിലെന്ന വ്യാജേന കേരളസമൂഹം കളങ്കപ്പെട്ട, ഭയപ്പെട്ട, ആശങ്കാഭരിതരായ സംഭവങ്ങളിലൂടെയാണ് കഴിഞ്ഞമാസം നാം കടന്നുപോയത്.

ഇസ്തിരിയിട്ടതുപോലെയുള്ള ചില മതവിശ്വാസങ്ങൾക്ക് പോലും പുനർചിന്തയും പുതുക്കിപ്പണിയലും ആവശ്യമുണ്ടെന്ന് തോന്നിപ്പോകുകയാണ്. ഏതൊരു തരത്തിലുള്ള ഹിംസയും വാഴ്ത്തപ്പെടേണ്ടതല്ല. മറ്റൊരാളെ ചെറുതായി പോലും മുറിവേല്പിക്കുന്നത്,  അവരുടെ രക്തം ചിന്തുന്നത് ഇതൊക്കെ മതവിശ്വാസത്തിന്റെ ഭാഗമായി കടന്നുകൂടുന്നതിനെക്കുറിച്ച് ഇനിയും സ്ഥിരമായി നില്ക്കുന്ന വിധത്തിലുള്ള അസ്വസ്ഥത നമ്മെ പിടികൂടിയിട്ടില്ല എന്നതല്ലേ വാസ്തവം. വെള്ളപ്പൊക്കം വരുമ്പോൾ മാത്രം അതേക്കുറിച്ച് പരിതപിക്കുകയും വെള്ളം ഇറങ്ങിപ്പോയിക്കഴിയുമ്പോൾ അത് വിസ്മരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളുടെ കാര്യത്തിലും ബാധകമാണ്. അന്ധവിശ്വാസങ്ങളെക്കുറിച്ച്  വായ് തോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന മാധ്യമങ്ങൾ പോലും പരസ്യവരുമാനത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ക്ലാസിഫൈഡ് മുതൽ സപ്ലിമെന്റ് വരെ ഇത്തരം പരസ്യങ്ങൾ സ്വീകരിക്കുന്നതും അപലപിക്കേണ്ടതുതന്നെ.

പരിഷ്‌കൃതസമൂഹമെന്ന്  നെഞ്ചുവിരിച്ചുനില്ക്കുന്ന നമ്മുടെ വിവിധ മതവിഭാഗങ്ങളുടെ പരസ്യപ്രകടനങ്ങളിൽ പോലും അസ്വസ്ഥപ്പെടുത്തുന്ന ചില ആചാരങ്ങളുണ്ടെന്നതും നിഷേധിക്കാനാവില്ല. ഇതിനൊക്കെ എന്ന് അവസാനമുണ്ടാകും. ആര് ഇതിനെതിരെ രംഗത്തിറങ്ങും?

വിശ്വാസം നല്ലതാണ്, പക്ഷേ അത് അന്ധവിശ്വാസമാകാതിരുന്നാൽ മതി. മറ്റുള്ളവരെ വിശ്വാസത്തിലെടുക്കേണ്ടത് ആവശ്യമാണ്. പക്ഷേ കണ്ണടച്ചും കണ്ണുപൂട്ടിയും ആരെയും വിശ്വസിക്കരുത്. കാരണം നമുക്ക് തന്നെയറിയില്ല നാം ആരാണെന്ന്. പ്രതികൂല സാഹചര്യത്തിലും അഭിരുചികളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന അനുകൂലസാഹചര്യങ്ങളിലും നാം എങ്ങനെ പ്രതികരിക്കുമെന്ന്… നമ്മുടെ ഉള്ളിലെ ആസുരതകൾക്ക് എത്രത്തോളം ആഴമുണ്ടെന്ന്… അപ്പോൾ മറ്റുള്ളവർക്കെങ്ങനെ നാമാരാണെന്ന് നിശ്ചയിക്കാൻ കഴിയും?

അതിരുകളുണ്ടാവട്ടെ, വ്യക്തിബന്ധങ്ങളിലും മതവിശ്വാസങ്ങളിലും. ബോധപൂർവ്വമായ അകലങ്ങൾ കൂട്ടിയിടികൾ ഒഴിവാക്കുമല്ലോ.

ആശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...