ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ ഊണുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങുന്നത്?
- ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് സാധാരണ അനുഭവമാണ്. പലപല കാരണങ്ങൾ കൊണ്ടാണ് ഉച്ചമയക്കംസംഭവിക്കുന്നത്. പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
- ഉച്ചയ്ക്ക് ഏകദേശം ഒരു മണിമുതൽ മൂന്നു മണിവരെ ശരീരത്തിന്റെ ജാഗ്രത സ്വാഭാവികമായി കുറയുന്ന സമയമാണ്. രാത്രി നന്നായി ഉറങ്ങിയാലും ഈ സമയത്ത് ചെറിയ മന്ദത അനുഭവപ്പെടാം.
- അമിതമായ അളവിലുള്ള ഭക്ഷണം ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ പ്രവർത്തനം ആവശ്യപ്പെടുന്നു. പ്രത്യേകിച്ച് വലിയ അളവിൽ ചോറ്, ബിരിയാണി, പൊറോട്ട തുടങ്ങിയ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ ഭക്ഷണശേഷം ക്ഷീണം കൂടുതൽ തോന്നാം.
- മധുരപലഹാരങ്ങൾ, മധുരമുള്ള പാനീയങ്ങൾ, വെളുത്ത അരി, മൈദാ വിഭവങ്ങൾ തുടങ്ങിയവ രക്തത്തിലെ ഗ്ലൂക്കോസ് വേഗത്തിൽ ഉയർത്തുകയും പിന്നീട് താഴുകയും ചെയ്യുന്നതിനാൽ ചിലരിൽ മന്ദതയും ഉറക്കവും ഉണ്ടാകാം.
ഉച്ചയ്ക്ക് ഉറക്കം വരുന്നതിന്റെ യഥാർത്ഥ കാരണം ചിലപ്പോൾ ഉച്ചഭക്ഷണമല്ല, മുൻ രാത്രിയിലെ ഉറക്കക്കുറവായിരിക്കു ചോറ് മാത്രം കൂടുതലായി കഴിക്കുകയും പച്ചക്കറികൾ, പയർവർഗങ്ങൾ, പ്രോട്ടീൻ എന്നിവ കുറവായിരിക്കുകയും ചെയ്താൽ ഭക്ഷണശേഷം ഊർജത്തിൽ വലിയ വ്യത്യാസം അനുഭവപ്പെടാം.
ഉച്ചമയക്കം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?
- ഉച്ചഭക്ഷണം അമിതമായി കഴിക്കാതിരിക്കുക.
- ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും പ്രോട്ടീനും കൂടുതൽ ഉൾപ്പെടുത്തുക
- റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ്, മധുരപാനീയങ്ങൾ, ഡെസേർട്സ് എന്നിവ കുറയ്ക്കുക.
- ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുക.
- ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക.
- രാത്രിയിൽ സ്ഥിരമായ സമയത്ത് ഉറങ്ങുകയും ഏഴുമുതൽ ഒമ്പതു മണിക്കൂർ വരെ ഉറങ്ങുകയും ചെയ്യുക.
ഭക്ഷണശേഷമുള്ള ചെറിയ മയക്കം സാധാരണമാണ്. എന്നാൽ എല്ലാ ദിവസവും വളരെ ശക്തമായ ഉറക്കം, ഭക്ഷണം കഴിക്കാത്തപ്പോഴും അമിതമായ ക്ഷീണം, കൂർക്കംവലി/ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടൽ, അമിത ദാഹം, മൂത്രമൊഴിക്കൽ, തലചുറ്റൽ തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറുടെ കൺസൾട്ടേഷൻ അത്യാവശ്യമാണ്.
