സമീപകാലത്ത് ഏറെ ചർച്ചയായ ഒരു വാഹനാപകടം. വണ്ടി ഓടിച്ച 19 കാരനെതിരെ ഒരു വിഭാഗം. ബൈക്കിൽ യാത്രചെയ്ത് അപകടത്തിൽ പെട്ടുമരണമടഞ്ഞ പെൺകുട്ടികൾക്കെതിരെ മറ്റൊരു വിഭാഗം. 19കാരന്റെ വളർത്തുദോഷമാണെന്ന് ഒരു വിഭാഗം. രാത്രി ഒരുമണിക്കു ചായകുടിക്കാൻ പോയത് പെൺകുട്ടികളുടെ വളർത്തുദോഷമാണെന്ന് മറ്റൊരു കൂട്ടർ. രണ്ടിടത്തും പ്രത്യക്ഷമായും പരോക്ഷമായും വിരൽച്ചൂണ്ടപ്പെടുന്നത് മാതാപിതാക്കന്മാരിലേക്കാണ്. ശരിയാണ് മക്കളുടെ വഴിതെറ്റലിൽ ഒരു പരിധിവരെ മാതാപിതാക്കളും കാരണക്കാരാകാറുണ്ട്. എന്നാൽ പൂർണ്ണമായും അതു മാതാപിതാക്കളുടെ മാത്രം കുറ്റമാണോ? മക്കളെ മാതാപിതാക്കന്മാർ എത്രത്തോളം കൃത്യമായി അറിയുന്നുണ്ട്?
ഇതിനു മുമ്പും ആ പത്തൊമ്പതുകാരൻ തനിക്കു കൊള്ളാവുന്നതിന്റെ അഞ്ചിരട്ടി മദ്യം കുടിച്ചിട്ടുണ്ടാവാം. അതേ വേഗത്തിൽ വണ്ടിയുമോടിച്ചിട്ടുണ്ടാവും. അന്ന് അവന്റെയോ മറ്റുള്ളവരുടെയോ ഭാഗ്യത്തിന് അപകടം ഉണ്ടായില്ല. അതുപോലെ ആ പെൺകുട്ടികൾ ജോലി കഴിഞ്ഞ് രാത്രി ഒരു മണിക്ക് അന്നുമാത്രമായിരിക്കില്ല പുറത്തുപോയിട്ടുണ്ടാവുക. പക്ഷേ അപകടം സംഭവിച്ചതുകൊണ്ട് അവർ കുറ്റക്കാരായി. അതുതന്നെയാണ് ഒട്ടുമിക്കകേസുകളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. പിടിക്കപ്പെടുമ്പോൾ മാത്രമാണ് നാംകുറ്റക്കാരാകുന്നത്.
മാതാപിതാക്കളെന്ന നിലയിലോ മുതിർന്നവരെന്ന നിലയിലോ ചെറുപ്പക്കാരെ അന്ധമായി കുറ്റംവിധിക്കുമ്പോൾ, അവരെ പഴിക്കുമ്പോൾ സ്വന്തം മനസ്സാക്ഷിയുടെ മുമ്പിലെങ്കിലും ഒരു ന്യായവിസ്താരം നടത്തുന്നത് നല്ലതായിരിക്കും. എന്റെ കൗമാരത്തിൽ, എന്റെ യൗവനത്തിൽ ഞാനെങ്ങനെയായിരുന്നു. എന്റെ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് സിഗരറ്റ് വലിച്ചത്, കൂട്ടുകാരുമൊത്ത് മദ്യപിച്ചത്, വനിതാഹോസ്റ്റലിന്റെ ഗെയ്റ്റിങ്കലും കോളജ് കവാടത്തിലും മിഴി നട്ട് നിന്നിരുന്നത്, പിന്നെ അതിനപ്പുറത്തേക്കുള്ള സ്വകാര്യതയിൽ ചെയ്തത്… അതെല്ലാം ചെയ്തിട്ടും ഇന്നും നാം മാന്യനായി നിലനില്ക്കുന്നുണ്ടെങ്കിൽ അതാരുടെയോ കടാക്ഷം എന്നുമാത്രമേ പറയാനാവൂ. തെറ്റു ചെയ്യാത്തതുകൊണ്ടല്ല തെറ്റു കയ്യോടെ പിടിക്കപ്പെടാത്തതുകൊണ്ടാണ് നമ്മളിൽ പലരും ഇന്നും മാന്യന്മാരായി ജീവിക്കുന്നത്. മറ്റുള്ളവരെ അവരുടെ വീഴ്ചകളുടെ നിമിഷങ്ങളിൽ കാരണമില്ലാതെ വിധിക്കാതിരിക്കുക. നാളെ വിധിക്കപ്പെടുന്നത് നമ്മളായിരിക്കും. വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കാതിരിക്കുക എന്നല്ലേ ആ ഗുരു പറഞ്ഞത്?
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്
