നമ്മുടെ കുടുംബങ്ങളിൽ എന്താണ് സംഭവിക്കുന്നത് ?

Share post:

വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ്  വീട്ടിൽ കയറി  പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചില വാർത്തകളാണ് ഇത്. അപായകരമായ ചില മനോഭാവങ്ങളുടെയും ആശങ്കപ്പെടുത്തുന്ന ചില ജീവിതവീക്ഷണങ്ങളുടെയും ആകെത്തുകയെന്ന് ഇത്തരം വാർത്തകളെ നമുക്ക് പൊതുവെ വിലയിരുത്താം. പക്ഷേ ഇവ നല്കുന്ന ആപൽസൂചനകളെ അവഗണിക്കാൻ വയ്യ. കാരണം കുടുംബത്തിനേല്ക്കുന്ന ഒാരോ മുറിവും സമൂഹത്തിന്റെ മുറിവുകളാണ്. കുടുംബങ്ങളിൽ നിന്നാണ് സമൂഹം രൂപപ്പെടുന്നത്. കുടുംബം തകരുമ്പോൾ അത് സമൂഹത്തെ ദുർബലപ്പെടുത്തും. സമൂഹത്തിന്റെ ശൈഥില്യങ്ങൾ മാനവരാശിയെ പ്രതികൂലമായി ബാധിക്കും. എല്ലാം പരസ്പര  ബന്ധിതമാണ്. ഒന്ന് ഒന്നിന്റെ പുറകിൽ കൊളുത്തിയെന്ന വിധത്തിലുള്ള ട്രെയിൻ ബോഗികൾ പോലെയാണ് കുടുംബവും സമൂഹവും മനുഷ്യവംശവും ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഒന്ന് മറ്റൊന്നിനോട് വേർപെട്ടുപോകുമ്പോൾ മുന്നോട്ടുള്ള ഗതിവിഗതികൾക്ക് പ്രതിബന്ധം സൃഷ്ടിക്കപ്പെടുന്നു.

എന്തുകൊണ്ടാണ് മേൽപ്പറഞ്ഞ വിധത്തിലുള്ളവ കുടംബങ്ങളിൽ വർദ്ധിച്ചുവരുന്നത് എന്നതിന് പലരും അവരുടേതായ വീക്ഷണങ്ങളിൽ പല കാരണങ്ങളും കണ്ടെത്തുന്നുണ്ട്. ധാർമ്മികബോധത്തിൽ വന്ന അപചയം, മൂല്യശോഷണം, ഉപഭോഗപരത, ആധുനിക സാങ്കേതികവിദ്യകളുടെ അതിവ്യാപനവും സാമീപ്യവും, മാധ്യമങ്ങൾ നല്കുന്ന വിപരീത സംസ്കാരം… ഇവയെല്ലാം അവയിൽ ചിലതു മാത്രം. കാരണങ്ങൾ എന്തുമാകട്ടെ കുടുംബങ്ങൾ തകർക്കുന്നതിന് ന്യായീകരണങ്ങളില്ല.
അതുകൊണ്ട് നമുക്ക് കുടുംബബന്ധങ്ങളെ ദൃഢപ്പെടുത്താം. കുടുംബത്തിൽ നിലനിന്നുപോരുന്ന അനാരോഗ്യകരമായ പ്രവണതകളെ തൂത്തെറിയാം. കുടുംബം സൃഷ്ടിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന നമ്മൾ കുടുംബത്തെ തകർത്തെറിയുന്നവരായി മാറരുത്. ഇന്ന് നമ്മൾ എന്തായിരിക്കുന്നുവോ അത് കുടുംബം നല്കിയ നന്മകളാകുമ്പോൾ നാളെ ആ നന്മകളെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് നമുക്ക് കടമയുണ്ടെന്ന കാര്യവും മറക്കരുത്.

കുടുംബത്തിന് വേണ്ടി നിലയുറപ്പിക്കുന്നവരായി മാറട്ടെയെന്ന് ആശംസിച്ചുകൊണ്ട്
സ്നേഹാദരങ്ങളോടെ,

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...