ലതയും ബാബുവും

Share post:

ഏറെ പ്രചോദനാത്മകമായ രണ്ടുജീവിതങ്ങളെക്കുറിച്ച് എഴുതാമെന്നാണ് വിചാരിക്കുന്നത്. ഒന്ന് ലതയാണ്. നമ്മുടെ സാക്ഷാൽ ലതാ മങ്കേഷ്‌ക്കർ. രണ്ടാമത്തെയാൾ ബാബുവാണ്. പാലക്കാട് മലമ്പുഴയിലെ മലയിൽ കാൽവഴുതി വീണ ബാബു. അമ്പേ വ്യത്യസ്തരായ  ഈ രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെയാണ് ഒരു താരതമ്യപഠനം സാധ്യമാവുന്നതെന്ന് ചോദിച്ചാൽ ശരിയാണ് അത് തികച്ചും അസംഭവ്യമാണ്. പക്ഷേ ജീവിതത്തോടും പ്രതികൂലങ്ങളോടും ഇരുവരും കാണിച്ച സമീപനം കൊണ്ടാണ് ഇവർ തുല്യരാകുന്നത്. സ്വരം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കപ്പെട്ട ഒരു ഭൂതകാലമുണ്ടായിരുന്നു  ലതയ്ക്ക്. പക്ഷേ തോറ്റുപിന്മാറാൻ തയ്യാറായിരുന്നില്ല ആ പെൺകുട്ടി. സ്വന്തം കഴിവുകളെക്കുറിച്ച് അവൾക്ക് അങ്ങേയറ്റം മതിപ്പും വിശ്വാസവുമുണ്ടായിരുന്നു. അതുതന്നെയാണ് പിന്നീട് അവളെ വാനമ്പാടിയാക്കിയത്.

ഇനി ബാബുവിലേക്ക് വരൂ. 43 മണിക്കൂറാണ് പകലത്തെ കൊടും ചൂടിലും രാത്രിയിലെ തണുപ്പിലും ജലപാനം പോലുമില്ലാതെ ആ ഇരുപത്തിമൂന്നുകാരൻ കഴിച്ചുകൂട്ടിയത്. ഒന്ന് കൈവിട്ടാൽ, ഒരു ചുവട് തെറ്റിയാൽ, മനസ്സ് തളർന്നാൽ അവൻ ഇപ്പോൾ ഒരു ഓർമ്മ മാത്രമാകുമായിരുന്നു. പക്ഷേ മനോബലത്തോടെ അവൻ സാഹചര്യത്തെ നേരിട്ടു. ആത്മധൈര്യത്തോടെ അവൻ ജീവിതത്തിലേക്ക് തിരികെ വന്നു.

 സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പുള്ള ഒരാൾക്കും തന്റെ ലക്ഷ്യത്തിൽ നിന്ന്  പാതിവഴിയിൽ പിന്മാറാനാവില്ല. ആരെങ്കിലുമൊക്കെ നമ്മെ ഇക്കാലയളവിൽ നിസ്സാരക്കാരായി തള്ളിപ്പറഞ്ഞിട്ടുണ്ടാവും, കഴിവുകെട്ടവനെന്ന് അധിക്ഷേപിച്ചിട്ടുണ്ടാകാം, ഒരു പരാജയത്തിന്റെ പേരിൽ ഇനിയൊരു സാധ്യതയില്ലെന്ന് വിധിയെഴുതിയിട്ടുമുണ്ടാവും. പക്ഷേ മറ്റുള്ളവരുടെ നാവിൻത്തുമ്പിലല്ല നമ്മുടെ കഴിവും കഴിവുകേടും പരാജയവും വിജയവുമെന്ന തിരിച്ചറിവാണ് നമുക്കാദ്യം ഉണ്ടാവേണ്ടത്. അവനവനിൽ വിശ്വാസമുള്ള ഒരാളെ മറ്റൊരാൾക്കും എന്നേക്കുമായി  തോല്പിക്കാനാവില്ല. ചിലപ്പോൾ അവസരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം.അത്രയേയുള്ളൂ.
ജീവിതയാത്രയിൽ പലപല പ്രതിസന്ധികളും നമുക്ക് നേരിടേണ്ടിവന്നേക്കാം. പ്രതിസന്ധികളെയോ എതിർപ്പുകളെയോ വിപരീതാനുഭവങ്ങളെയോ നമുക്ക് ഒഴിവാക്കാനാവില്ല. പക്ഷേ മനോധൈര്യം കൊണ്ട് നമുക്ക് അവയെ മറികടക്കാനും അതിജീവിക്കാനുമാവും. അവിടെയാണ് ബാബു പ്രചോദനമാകേണ്ടത്. ശരീരത്തെക്കാൾ ആദ്യം തളരുന്നത് മനസ്സാണ്. അതുകൊണ്ട് മനസ്സിനെ തളർത്താതിരിക്കുക. തളരാത്ത മനസ്സുള്ളവനെ ശരീരത്തിനോ വ്യക്തികൾക്കോ സാഹചര്യങ്ങൾക്കോ ഇല്ലാതാക്കാനാവില്ല.

ജീവിതത്തോട് കുറച്ചുകൂടി നമുക്ക് പോസിറ്റീവാം. മനസ്സിനെ കുറച്ചുകൂടി നമുക്ക് ധൈര്യപ്പെടുത്താം.

ആശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...