ജാതി വിട്ടുപോകാത്ത നമ്മൾ!

Share post:

‘ജാതിയൊക്കെ മരിക്കുന്നതുവരെയേ ഉള്ളൂ…’ അടുത്തയിടെ റീലിസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ മലയൻകുഞ്ഞിൽ ജാഫർ ഇടുക്കിയുടെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഇത്.

 പക്ഷേ, മരിക്കുന്നതുവരെ നമുക്ക് ജാതി ഉണ്ട് എന്നതാണ് വാസ്തവം.അതിനേറ്റവും വലിയ ഉദാഹരണമായിരുന്നു രാജസ്ഥാനിൽ നടന്ന സംഭവം.അധ്യാപകരുൾപ്പെടെ ഉന്നതകുലജാതരായ ആളുകൾക്കുവേണ്ടി മാറ്റിവെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുകയോ പാത്രത്തിൽ തൊടുകയോ  ചെയ്തതിന്  അധ്യാപകൻ  ഒമ്പതു വയസുകാരനായ  ദളിത് ബാലനെ മർദ്ദിച്ചു. ജൂലൈയിലായിരുന്നു സംഭവം. ചികിത്സയിലിരിക്കെ കുട്ടി ഓഗസ്റ്റിൽ മരണമടഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം ആഘോഷിച്ച വേളയിലായിരുന്നു ആ മരണവാർത്തയെത്തിയത്.

കാലം എത്ര പുരോഗമിച്ചാലും സാങ്കേതികമായി വളർന്നാലും മനുഷ്യൻ ഇപ്പോഴും ചില സങ്കുചിത ചിന്താഗതികളിൽ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നത് ഖേദകരമാണ്. ജാതിക്കും മതത്തിനും അപ്പുറമായി മനുഷ്യനെ, മനുഷ്യനായി കാണാൻ കഴിയുമ്പോഴേ മനുഷ്യത്വം എന്ന അവസ്ഥ മനോഹരമായിത്തീരുകയുള്ളൂ.
 എന്തിനും ഏതിനും ജാതിയും മതവും അന്വേഷിക്കുകയും അതിന്റെ പേരിൽ വേർതിരിവുകൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ ചില കാര്യങ്ങൾ കൂടി മനസ്സിലാക്കിയിരിക്കണം. വായുവിന് ജാതിയോ മതമോ ഇല്ല.  സൂര്യവെളിച്ചത്തിൽ ജാതിയോ മതമോ കലർന്നിട്ടില്ല. വെള്ളത്തിന്റെ കാര്യവും അങ്ങനെ തന്നെ. മനുഷ്യന് നിലനിന്നുപോരാൻ അടിസ്ഥാനാവശ്യങ്ങളായ ഇവയ്ക്കൊന്നും ജാതിയില്ലെങ്കിൽ, മനുഷ്യരായ നമുക്കെന്തിനാണ് ജാതീയമായ വിഭാഗീയതകൾ?

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണങ്ങൾ തന്നെ പ്രശ്നം പിടിച്ച ഒരേർപ്പാടായി തോന്നുന്നുണ്ട്. യോഗ്യതയുള്ളവരും കഴിവുള്ളവരും മുന്നോട്ടുവരട്ടെ.ആരുടെയും ജാതിയും മതവും മറ്റാരും അന്വേഷിക്കാതിരിക്കട്ടെ. ഒരാളുടെ സ്വകാര്യത പോലെ അത്തരം കാര്യങ്ങളും സംരക്ഷിക്കപ്പെടട്ടെ.
ജാതിയും മതവുമില്ലാത്ത, മാനുഷരെല്ലാവരും ഒന്നുപോലെയായിരുന്ന ഒരു മാവേലിക്കാലത്തിന്റെ അനുസ്മരണത്തിലൂടെയാണ്  ഈ മാസം നാം കടന്നുപോകുന്നത്. എല്ലാവർക്കും ഓണത്തിന്റെ 
ആ വലുപ്പം തിരിച്ചറിയാനാകട്ടെ.

എം.ടിയുടെ  സിനിമയിലെ ഒരു കഥാപാത്രം പറയുന്ന ഡയലോഗോടെ ഇതവസാനിപ്പിക്കാം.. ‘പുരുഷനും സ്ത്രീയുമെന്ന ജാതി, സ്നേഹമെന്ന മതം.’

ആശംസകളോടെ
വിനായക്നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...