തിരുത്താൻ തയ്യാറാകാം

Share post:

കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. ‘നിങ്ങൾ ഒന്നും ഷെയർ ചെയ്യരുത്’, അതായിരുന്നു ആ നിർദേശം. പക്ഷേ കുട്ടിയുടെ മനസ്സിലേക്ക് ഓടിയെത്തിയത് അതേ അധ്യാപിക പഠിപ്പിച്ച പാഠത്തിലെ  ‘ഷെയറിങ് ഈസ് കെയറിങ്’ എന്ന ഭാഗമായിരുന്നു. ഓൺലൈൻ ക്ലാസിലൂടെ പറഞ്ഞുതന്നതിന് വിരുദ്ധമായ മറ്റൊരു ആശയം നേരിട്ടെത്തിയപ്പോൾ അധ്യാപിക പറഞ്ഞത് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇല്ലാത്തവരുമായി ഉള്ളത് പങ്കുവയ്ക്കണമെന്നും മറ്റുള്ളവരെ പരിഗണിക്കുന്നതിന്റെ ഭാഗമാണ് പങ്കുവയ്ക്കലെന്നും പറഞ്ഞുകൊടുത്ത ടീച്ചർ തന്നെ പറയുന്നു ഒന്നും പങ്കുവയ്ക്കരുത്, പെൻസിലോ ഇറൈസറോ കട്ടറോ ടെക്സ്റ്റോ ഒന്നും. അതെങ്ങനെ ശരിയാകും എന്നതായിരുന്നുഅവന്റെ ചോദ്യം.

ഒന്നും ഷെയർ ചെയ്യരുത് എന്ന് ടീച്ചർ ഉദ്ദേശിച്ചത് ഇപ്പോഴത്തെ കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്താണെന്നും മറ്റും പറഞ്ഞ് അവനെ ബോധ്യപ്പെടുത്താൻ ഇത്തിരി പണിപ്പെടേണ്ടിവന്നു. കാലഘട്ടത്തിനും സാഹചര്യത്തിനും അവസ്ഥകൾക്കും അനുസരിച്ച് ജീവിതം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും ആ മാറ്റം പ്രവൃത്തിയിലും ഇടപെടലിലും കടന്നുവരും.  അപ്പോൾ ഇന്നലെ പറഞ്ഞ  പല കാര്യങ്ങൾക്കും തിരുത്തു കൊടുക്കേണ്ടിവരും. അത്തരം തിരുത്തലുകളെ വേണ്ടവിധം ഉൾക്കൊള്ളുകയും അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. മറ്റൊന്നുകൂടി പറയട്ടെ, തിരുത്ത് ഒരു അപരാധമൊന്നുമല്ല. തിരുത്താനും തിരുത്തപ്പെടാനും ഉള്ളതാണ് ജീവിതങ്ങൾ. ഒരു വ്യക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചിലപ്പോൾ തിരുത്തേണ്ടതായി വരാം.  ആശയങ്ങൾ തിരുത്തേണ്ടതായി വരാം. അഭിപ്രായങ്ങൾ തിരുത്തേണ്ടി വന്നേക്കാം.

 അച്ചടിമാധ്യമങ്ങളിലെല്ലാം പ്രൂഫ് റീഡിങ് എന്നൊരു ഏർപ്പാടുണ്ട്.  അക്ഷരത്തെറ്റുകളും വാക്യഘടനയും തിരുത്തി വായനാസുഖം പകരുകയാണ് അതിന്റെ ലക്ഷ്യം. എന്നിട്ടും പ്രൂഫ് റീഡർ കാണാതെ പോകുന്ന, തിരുത്തപ്പെടാതെ പോകുന്ന ചില ഭാഗങ്ങളുണ്ടാവാം. അത്  അവയുടെ സൗന്ദര്യത്തിന് കോട്ടം വരുത്തുകയും ചെയ്യും.
 തിരുത്താൻ നീ തയ്യാറാണോ. ജീവിതം മുഴുവൻ മാറ്റത്തിന് അത് കാരണമാകും. എവിടെയാണ് ഞാൻ തിരുത്തു വരുത്തേണ്ടതെന്ന് സ്വയം ചോദിക്കുക, കണ്ടെത്തുക, തിരുത്തുക.

ആശംസകളോടെ,

വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...