നല്ല സൗഹൃദങ്ങളാണ് മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പത്ത്. ജീവിതങ്ങളെ നിറമുള്ളതാക്കി തീർക്കുന്നതും അർത്ഥവത്താക്കി തീർക്കുന്നതും നല്ല സൗഹൃദങ്ങളാണ്. കുട്ടികാലം തൊട്ട് നമ്മോടൊപ്പം കളിച്ചു വളർന്നവരിൽ ഇന്നും നമ്മൾ പഴയപോലെ ഊഷ്മളതയോടെ ഓർക്കുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർ ഉണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ പുതിയ ക്ലാസ്സിലേക്ക് പ്രവേശിച്ച് പുതിയ ബെഞ്ചിൽ സ്ഥാനം പിടിച്ചപ്പോൾ നമ്മുടെ മുഖത്തെ സങ്കോചം വായിച്ചറിഞ്ഞ് കൂട്ടുകൂടാൻ വന്ന ആ പഴയ കൂട്ടുകാരൻ ഒരു പക്ഷേ ഇന്നും നമ്മുടെ ചങ്കായിയിരിക്കും. പിന്നീട് ഏറെ ദുഃഖത്തോടെ കൂടി സ്കൂൾ ജീവിതവും സൗഹൃദങ്ങളും വേർപിരിഞ്ഞുപോകേണ്ടിവരുമ്പോൾ ഇതുപോലുള്ള സൗഹൃദങ്ങൾ ഇനിയും ലഭിക്കുമോ എന്ന ആശങ്ക തോന്നിയിട്ടില്ലാത്തവർ കുറവായിരിക്കും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ചെന്ന് പെടുന്ന ഇടങ്ങളിളെല്ലാം നമ്മുക്ക് ചേരുന്ന രീതിയിലുള്ള സൗഹൃദങ്ങൾ നാം സൃഷ്ടിച്ചെടുക്കുന്നുണ്ട്. ജീവിതയാത്രയിൽ നമ്മൾ കണ്ടുമുട്ടിയ പലരും പിന്നീട് നമ്മുടെ ഉറ്റ ചങ്ങാതിമാരായി മാറിയിട്ടുമുണ്ട്.
ഒന്നാലോചിച്ചു നോക്കൂ പ്രതിസന്ധിഘട്ടത്തിൽ നമ്മൾ ആദ്യം വിളിക്കാനായി ഓർക്കുന്നത് ആരെയാണ്? നമ്മൾ ആദ്യമായി ഒരു നല്ല കാര്യം പങ്കുവയ്ക്കാൻ വിളിക്കുന്നത് ആരെയാണ്? മിക്കവാറും ആ വ്യക്തികൾ ആയിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കൾ. സൗഹൃദത്തിന്റെ ഊഷ്മളമായ പല ഉദാഹരണങ്ങളും ലോകചരിത്രത്തിലും സാഹിത്യത്തിലും എല്ലാം നമുക്ക് കാണാൻ സാധിക്കും. വിശ്വപ്രസിദ്ധ സൂഫി പണ്ഡിതൻ ജലാലുദിൻ റൂമി തന്റെ ഉറ്റ സുഹൃത്തിനെ കുറിച്ചുള്ള തീവ്രമായ നഷ്ടബോധത്താലാണ് കവിയായി മാറിയതെന്നാണ് ചരിത്രം.തനിക്ക് ദൈവത്തെ കാണിച്ചു തന്ന ആ അമൂല്യ സുഹൃത്തിന്റെ വേർപാടിൽ മനം നൊന്ത് സ്നേഹത്തിന്റെ വാനമ്പാടി തന്നെ ആയിത്തീരുകയായിരുന്നുവത്രെ റൂമി.
ഡിറ്റെക്റ്റീവ് നോവലിസ്റ്റ് സർ ആർതർ കൊനൻ ഡോയിലിന്റെ മികച്ച കഥാപാത്രസൃഷ്ടിയാണ് ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ സഹായി ആയിരുന്നു ഡോക്ടർ വാട്സൺ എന്ന കഥാപാത്രം. ഹോംസിനെ വളരെ ഭംഗിയായി മനസ്സിലാക്കാനും അദ്ദേഹത്തിന്റെ മനസ്സ് വായിക്കുവാനും ഡോക്ടർ വാട്സണ് അപാരമായ കഴിവ് ഉണ്ടായിരുന്നു. ഹോംസിന്റെ മുഖത്തെ ഭാവഭേദങ്ങൾ മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം എന്ത് ഉദ്ദേശിക്കുന്നു എന്നൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്ന വാട്സണുമായി ഹോംസിനും വളരെ ഗാഢമായ സൗഹൃദം ഉണ്ടായിരുന്നു. അവരുടെ സൗഹൃദം നോവലുകളിലെ കുറ്റാന്വേഷണ പ്രമേയത്തെ പോലും പലപ്പോഴും കവച്ചുവയ്ക്കുന്ന ചാരുതയോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സൗഹൃദത്തെ കുറിക്കുന്ന ഇത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങൾ ഇനിയും ഉണ്ട് ചില കൂട്ടുകെട്ടുകൾ കാണുമ്പോൾ അതുപോലെ ഒരു സൗഹൃദം നമ്മുക്കുണ്ടായിരുന്നെങ്കിൽ ജീവിതം എത്ര മനോഹരമാകുമായിരുന്നു എന്നൊക്കെ തോന്നി പോകുന്ന സന്ദർഭങ്ങൾ ഉണ്ട്.. എന്നാൽ ഈ ആധുനിക കാലഘട്ടത്തിൽ നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നേർക്ക് നേരെയുള്ള സൗഹൃദങ്ങളെക്കാൾ ഉപരിപ്ലവമായ സൗഹൃദങ്ങൾ ആണ് ഇന്ന് എണ്ണത്തിൽ കൂടുതൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന ഒരുപാട് സൗഹൃദങ്ങൾ ഇന്ന് നമ്മുടെ തലമുറ കൊണ്ടാടുകയാണ്. പലപ്പോഴും ആത്മാവില്ലാത്ത സൗഹൃദങ്ങൾ ആയിരിക്കും ഇതിൽ ഭൂരിഭാഗവും. പ്രതിസന്ധിഘട്ടങ്ങളിൽ സഹായിക്കുവാനും മറ്റ് ജീവിതയാഥാർത്ഥ്യങ്ങൾ ധൈര്യത്തോടുകൂടി നേരിടാനുള്ള കരുത്താർജിക്കാനും സഹായകമാവുന്ന സൗഹൃദങ്ങളാണ് നമുക്കാവശ്യം.
എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യം. ഉൾക്കാമ്പുള്ള നല്ല സൗഹൃദങ്ങളാണ് നമ്മുടെ തലമുറയ്ക്ക് വേണ്ടത്. ആത്മാർത്ഥതയും ഇഴയെടുപ്പവും ഉള്ള നല്ല സൗഹൃദങ്ങൾ വളർത്താൻ പുതിയ തലമുറ പഠിക്കട്ടെ. യഥാർത്ഥസൗഹൃദങ്ങൾ ആഘോഷിക്കപ്പെടട്ടെ!
ലത സണ്ണി
ലോക സൗഹൃദദിനം
ലോകത്ത് സമാധാനവും ഐക്യവും നിലനിർത്തുക എന്ന ഉദാത്തമായ കാഴ്ചപ്പാടോടെ 1958 ലാണ് ലോക സൗഹൃദ ദിനത്തിന്റെ ആശയം ഉടലെടുക്കുന്നത്. സൗഹൃദങ്ങൾ പാലങ്ങൾ പോലെ മനുഷ്യരെയും, രാജ്യങ്ങളെയും ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുവാൻ 2011 ൽ ഐക്യരാഷ്ട്ര സഭ ജൂലൈ 30 ലോക സൗഹൃദ ദിനമായി പ്രഖ്യാപിച്ചു.അന്നേ ദിവസം ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾക്ക് സമ്മാനം നൽകിയും, കയ്യിൽ ഫ്രണ്ട്ഷിപ് ബാൻഡ് കെട്ടിയും ഒരിക്കൽകൂടി സൗഹൃദങ്ങൾ നമ്മൾ ചേർത്തുപിടിക്കുന്നു.
