എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി… ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ എത്രയെത്രസന്ദർഭങ്ങളിൽ എത്രയെത്ര നുണകളാണ് നാം ഇതിനകം പറഞ്ഞിട്ടുള്ളത്. നുണ സത്യം പോലെ അവതരിപ്പിച്ച് വിശ്വസിപ്പിച്ച് കാര്യം സാധിച്ചെടുക്കുന്നവർ ധാരാളമുണ്ട്. ഇവിടെയൊക്കെ നാം മറ്റുള്ളവരോടാണ് നുണ പറയുന്നത്.
പക്ഷേ നാം നമ്മോടുതന്നെ നുണ പറയാറുണ്ട്. എങ്ങനെയെന്നല്ലേ നമുക്ക് നമ്മുടെതന്നെ കഴിവുകേടുകൾ, കുറവുകൾ അംഗീകരിച്ചുകൊടുക്കാൻ സാധിക്കാറില്ല. എനിക്ക് ഇങ്ങനെയൊരു ബലഹീനതയുണ്ട് അല്ലെങ്കിൽ എനിക്ക് ഇത്തരം ചില കുറവുകളുണ്ടെന്ന് നാം സ്വയം സമ്മതിക്കാറില്ല. ആരെങ്കിലും നമുക്ക് അത്തരം ചില കുറവുകൾ കാണിച്ചുതന്നാൽ അവരോട് നാം അതിന്റെ പേരിൽ വിദ്വേഷം വച്ചുപുലർത്തുകയും ചെയ്യും. ഇവിടെയെല്ലാം നാം നുണ പറയുകയാണ് ചെയ്യുന്നത്. അവരവരോട്തന്നെ.
സ്വന്തം കുറവുകളെ അംഗീകരിക്കുകയും പരിഹരിക്കാൻ കഴിയുന്നവയാണ് അവയെങ്കിൽ അതിന് ശ്രമിക്കുകയും ചെയ്യുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. ജീവിതത്തിൽ ഒരാൾ വിജയിക്കാതെ പോകുന്നതിന്റെ കാരണങ്ങളിൽ പ്രധാനമായിട്ടുളളത് അവനവരോട് സത്യസന്ധത പുലർത്താത്തതും തന്റെ പിഴവുകളെ അംഗീകരിക്കാത്തതുമാണ്. സ്വന്തം ദൗർബല്യങ്ങളെ അഡ്രസ് ചെയ്യാൻ തയ്യാറാകുന്നവർക്ക് വലിയൊരു ആത്മധൈര്യമുണ്ട്.
അവരവരോട് തന്നെ കള്ളം പറയുന്നത് പലപലരീതിയിലാവാം. ചില ഒഴികഴിവുകൾ അത്തരം ചില നുണകളാണ്. ചെയ്യാൻ ഏല്പിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തീകരിക്കാൻ സാധിക്കാതെ വരുമ്പോൾ അതിന് പല ന്യായീകരണങ്ങളും നിരത്തുന്നവരുണ്ട്, സമയം കിട്ടിയില്ല എന്നതുമുതൽ മറ്റുള്ളവർ അതിന് കാരണക്കാരായി എന്നതുവരെ. വേറെ ചിലർ പല കാര്യങ്ങളും നാളത്തേക്ക് നീട്ടിനീട്ടിവയ്ക്കുന്നവരാണ്. നാളെ എല്ലാം ശരിയാക്കാം എന്നാണ് അവരുടെ മട്ട്. സ്വന്തം പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നവരും അവരവരോട് നുണ പറയുന്നവരാണ്.
തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു പരാജയപ്പെട്ടുകഴിയുമ്പോൾ അതിന്റെ കാരണം എതിർപാർട്ടിക്കാരോ അല്ലെങ്കിൽ ചില പ്രത്യയശാസ്ത്രങ്ങളോ മൂലമാണെന്ന് പറഞ്ഞ് കൈകഴുകുന്നവരെയും നാം കാണാറുണ്ട്. യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് താല്ക്കാലികമായ ആശ്വാസം നല്കാറുണ്ടെങ്കിലും അവ യാഥാർത്ഥ്യത്തെ തുടച്ചുമാറ്റുകയോ നമുക്ക് നമ്മുടേതായ വിജയം നേടിത്തരുകയോ ചെയ്യുന്നില്ല എന്ന് മറക്കരുത്. സ്ഥിരമായി നില്ക്കുന്ന ഏതു വിജയത്തിനും സത്യസന്ധത അത്യാവശ്യമാണ്. ബന്ധങ്ങളിലും പ്രവൃത്തികളിലും സത്യസന്ധത അനിവാര്യമാണ്.
നുണ പറയുമ്പോൾ സത്യസന്ധതയെ നാം തുടച്ചുനീക്കുകയാണ് ചെയ്യുന്നത്. വിജയിക്കാനുള്ള വഴികളിലെ പ്രധാനപ്പെട്ട സംഗതി സത്യസന്ധതയാണ്. ഈ സത്യസന്ധത ആദ്യം പ്രകടിപ്പിക്കേണ്ടത് അവനവരോടുതന്നെയാണ്. കള്ളം താല്ക്കാലികമായ ആശ്വാസം നല്കിയേക്കാം. സത്യം തീർച്ചയായും നമ്മെ വേദനിപ്പിക്കും. പക്ഷേ നാം മറക്കരുതാത്ത കാര്യം സത്യം ശാശ്വതമായ വിജയം നമുക്ക് നല്കുന്നു എന്നതാണ്. നമ്മെ കൃത്യമായി പ്രതിബിംബിപ്പിക്കുന്ന രൂപകമാണ് കണ്ണാടി. നാം എന്താണോ അത് അതേപടി കണ്ണാടിയിൽ പ്രതിഫലിക്കുന്നുണ്ട്. രൂപം മോശമായതിന് കണ്ണാടിയെ കുറ്റം പറയരുതല്ലോ. അതുപോലെ നമ്മുടെ വൈകല്യങ്ങളെയും വികൃതികളെയും അംഗീകരിക്കുക. കഴിവുകേടുകളെയും കുറവുകളെയും തുറന്ന മനസോടെ സ്വീകരിക്കുക. പ്രശ്നങ്ങളെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതുകൊണ്ട് പുരോഗതിയുണ്ടാവുകയില്ല. പ്രശ്നത്തിന് നേരെ നമുക്ക് കണ്ണടയ്ക്കാം. പക്ഷേ പ്രശ്നം അവിടെ അവശേഷിക്കുന്നുണ്ട്. തെറ്റ് സംഭവിച്ചോ ആദ്യം സമ്മതിക്കുക, പിന്നീ്ട് തിരുത്തുക. എല്ലാവരും എല്ലാവിഷയങ്ങളിലും അറിവുള്ളവരോ സമർത്ഥരോ അല്ലന്നേ. അതുകൊണ്ട് ചില കാര്യങ്ങൾ അറിയില്ലെന്ന് തുറന്നുസമ്മതിക്കുന്നതിൽ നാണക്കേട് വിചാരിക്കരുത്. അവനവൻ ചെയ്ത തെറ്റിന്, കുറ്റങ്ങൾക്ക് മറ്റൊരാളുടെ മേൽ കുറ്റാരോപണം നടത്താതിരിക്കുക. അവനനവരോട് സത്യസന്ധത പുലർത്തിക്കൊണ്ട് മുന്നോട്ടുപോവുക. ജീവിതത്തിൽ തീർച്ചയായും വിജയിക്കും.
