സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

Share post:

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സ്‌നേഹം  പൊട്ടിമുളച്ചുവരുന്ന ഒരു വിത്തുപോലെയാണ്..കുഴിച്ചുവച്ച വിത്ത്  അനുകൂലസാഹചര്യത്തിൽ  മുളച്ചുപൊന്തുന്നതുപോലെ സ്‌നേഹിക്കാൻ കൊളളാവുന്നതെന്ന് തോന്നുന്ന നിമിഷത്തിൽ അത് തല നീട്ടുന്നു. പിന്നെ ഇല വരുന്നു,കായ് വരുന്നു, ഫലം ചൂടുന്നു, തണൽ നല്കുന്നു.പോകപോകെ ഇലകൊഴിയുന്നു, ഉണങ്ങുന്നു, വീണ്ടും തളിർക്കുന്നു. 
സ്‌നേഹം സൂര്യനെപ്പോലെയുമാണ്. ഉദിച്ചുയരുന്ന സൂര്യനെ കണക്കെയാണ് അത്. ഉദിച്ചുയരുമ്പോൾ സൂര്യകിരണങ്ങൾക്ക് ചുട്ടുപൊള്ളിക്കുന്ന ചൂടില്ല. സ്‌നേഹവും അങ്ങനെ തന്നെ. രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ എന്തൊരു സൗമ്യതയോടെയാണ് ഇടപെടലുകൾ. പക്ഷേ സ്വാതന്ത്ര്യവും ദു:സ്വാതന്ത്ര്യവുമായിക്കഴിയുമ്പോൾ മീനമാസത്തിലെ നട്ടുച്ചയുടെ ചൂടാണ് സ്‌നേഹത്തിന്. പൊള്ളലേല്പിക്കാനും കറുത്തു കരുവാളിപ്പിക്കാനും കഴിയുന്ന വിധത്തിലേക്ക് സ്‌നേഹം രൂപം മാറുന്നു. തിളച്ചുതൂവിയ പാൽ അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കുമ്പോൾ ശാന്തമാകുന്നതുപോലെ സ്‌നേഹം പിന്നീട് ശാന്തമാകുകയും ചെയ്യുന്നു.

സായാഹ്നത്തിലെ വെയിൽ കണക്കായിക്കഴിയും അപ്പോഴേയ്ക്കും സ്‌നേഹം. എല്ലാസ്‌നേഹങ്ങൾക്കും ഉയർച്ചകളും താഴ്ചകളുമുണ്ട്. അകലങ്ങളും അടുപ്പങ്ങളുമുണ്ട്. വെറുപ്പം വീഴ്ചകളുമുണ്ട്. കണ്ണീരും  സ്വപ്‌നങ്ങളുമുണ്ട്. ഒരേപോലെയാകുമ്പോൾ സ്‌നേഹം പോലും എത്ര വിരസമായേനേ! 

ഓരോരുത്തരുടെയും സ്‌നേഹത്തിന്റെ രീതികൾ പോലും വ്യത്യസ്തമാണ്. നടപ്പൂരീതിയും ശൈലിയും ഭക്ഷണപ്രിയങ്ങളും നിറവും വണ്ണവും രൂപവും പോലെ.. അവർക്ക് അങ്ങനെയേ സ്‌നേഹിക്കാനാവൂ.  അവരുടെ സ്‌നേഹം അങ്ങനെയാണ്. പിടി്ച്ചുകെട്ടിയും കൂട്ടിലിട്ടും വളർത്തിയിട്ടും ചില മൃഗങ്ങൾ അഴിച്ചുവിട്ടുകഴിയുമ്പോൾ സഹജപ്രവണതകളിലേക്ക് മടങ്ങാറുള്ളതുപോലെ ഏതൊക്കെ രീതിയിൽ തിരുത്തിയെഴുതാൻ ശ്രമിച്ചാലും സ്‌നേഹത്തിന്റെ തനതുവഴികളിൽ നിന്ന് അവർക്ക് മാറിനടക്കാനാവില്ല. അതിന് അവരെ കുറ്റപ്പെടുത്തുന്നതിന് പകരം ആ സ്‌നേഹത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി സ്വയം തയ്യാറായാൽ മതി. രണ്ടുണ്ട് പ്രയോജനം. അവനവർക്ക് നിരാശപ്പെടേണ്ടിയും വരില്ല മറ്റേ ആൾക്ക് മുറിവേല്‌ക്കേണ്ടിയും വരില്ല.

ചിലർ അധികമൊന്നും സംസാരിക്കേണ്ട ആവശ്യം പോലുമില്ല. വാക്കുകളെക്കാൾ അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് അവരുടെ സ്‌നേഹങ്ങൾ. കാറ്റുപോലെ.. കാറ്റിനെ കാണാനാവുമോ.. ഇല്ല.. വിയർത്തുകുളിച്ചുനില്ക്കുമ്പോൾ കുളിരുമായി കടന്നുവരുന്ന കാറ്റുപോലെയാണ് അവർ. അനുഭവിപ്പിച്ചേ അവർ മടങ്ങൂ. 

സ്‌നേഹത്തെക്കുറിച്ച് എഴുതുമ്പോഴെല്ലാം ഞാൻ നിന്നെയോർക്കുന്നു. നിന്നെയോർമ്മിച്ചെഴുതുന്ന സ്‌നേഹത്തിന്റെ വരികൾക്കെല്ലാം വല്ലാത്ത  സുഗന്ധമുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. അല്ലെങ്കിൽ സ്‌നേഹത്തെക്കുറിച്ച് എഴുതുമ്പോഴെല്ലാം നീ കടന്നുവരുന്നതാവും.  ഇനി നിനക്കോ  എനിക്കോ ഒരിക്കലും പഴയതുപോലെയാവാനാവില്ല. 

എനിക്കും നിനക്കുമിടയിൽ ഔപചാരികമായ ഒരുപാട് മതിലുകളുമുണ്ട്. പക്ഷേ ഒരു മതിലും ചാടികടക്കേണ്ടാത്തവിധം നമുക്കിടയിൽ ഞാൻ മതിൽതീർത്തിട്ടില്ല എന്നതാണ് എന്റെ ആശ്വാസം. കാരണം സ്‌നേഹമെന്നത് ഒരു വ്യക്തിയുമായി പലതരത്തിൽ അകന്നുപോയിട്ടും വീണ്ടുംവീണ്ടും ആവ്യക്തിയുമായി തന്നെ അകന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.  അതിന് പിന്നിലെ ധാർമ്മികപ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ തലപുകയ്ക്കുന്നുമില്ല. ഞാൻ നിന്നെ സ്‌നേഹിക്കുന്നതുകൊണ്ട് മറ്റുളളവർക്കോ നിനക്കുപോലുമോ എന്റെ സ്‌നേഹത്തിന്റെ പേരിൽ പോറലുകൾ ഉണ്ടാകാത്തതുകൊണ്ടുകൂടിയാണ് അത്. മറ്റുളളവരറിയാതെ ചിലരൊക്കെ ചില നിക്ഷേപങ്ങൾ നടത്താറില്ലേ അതീവരഹസ്യമായി..  അതുപോലെയാണ് നിന്നോടുളള എന്റെ സ്‌നേഹവും.

നിനക്കു മുമ്പും ഞാൻ പലരെയും സ്‌നേഹിച്ചിട്ടുണ്ട്. നിനക്ക് ശേഷവും ഞാൻ പലരെയും സ്‌നേഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ  പലരെയും സ്‌നേഹിക്കുന്നുണ്ട്. പക്ഷേ  പലതവണ അകന്നും പലതവണ വെറുത്തും വീണ്ടുംവീണ്ടും ഞാൻ സ്‌നേഹത്തിലായിരിക്കുന്നത് നിന്നോടുമാത്രമേയുള്ളൂ.

കടൽത്തിരപോലെയും പെയ്തുതോരാത്ത മഴപോലെയും ഞാനെന്തിനാണ് നിന്നെ ഇപ്പോഴും ഇങ്ങനെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നത്?

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...