പച്ചമുറിവുകൾ

Share post:

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും അതിന്റെ തുടർച്ചയായി ഒരു പ്രയോഗവുമുണ്ട്. പച്ചമുറിവ്. (ലേഖനം വായിച്ചു അനുഭവിക്കേണ്ടതിനാൽ അതേക്കുറിച്ചുള്ള വിവരണങ്ങൾ ഈ കുറിപ്പിൽ ഒഴിവാക്കുന്നു). ആ മുറിവിനെക്കുറിച്ചാണ് പിന്നീട് ചിന്തിച്ചത് മുഴുവൻ. എത്രയെത്ര മുറിവുകളുമായിട്ടാണ് ഓരോ വ്യക്തികളും ജീവിച്ചുപോരുന്നത്. പുറമേയ്ക്ക് നോക്കുമ്പോൾ ആരും മുറിവുകാണാറില്ല. കാരണം പല മുറിവുകളും നാം മറച്ചാണ് കൊണ്ടുനടക്കുന്നത്. നിക്കറിട്ടു നടന്നിരുന്ന പ്രായത്തിൽ തുടയിൽ ഒരു മുറിവുണ്ടായിരുന്നത് ഓർമ്മിക്കുന്നു. പരു ഉണ്ടായി പഴുത്തുപൊട്ടിയ മുറിവ്. നടന്നുപോകുമ്പോഴോ നില്ക്കുമ്പോഴോ ആരും അതുകാണാറില്ലായിരുന്നു. പക്ഷേ ഇരിക്കുമ്പോൾ   ആ മുറിവു കാണപ്പെടുമായിരുന്നു.

ചില മുറിവുകൾ അങ്ങനെയാണ്. അധികമായൊന്നും അവ ആരും അറിയാറില്ല. എന്നാൽ ഏറ്റവും അടുത്തുനില്ക്കുന്നവർ അവ പെട്ടെന്ന് തിരിച്ചറിയുന്നു.  എന്നിട്ടും മുറിവില്ലെന്ന ഭാവേനയാണ് നാം ജീവിക്കുന്നത്; മുറിവില്ലാത്തവരെപോലെയും.  പല മുറിവുകളും നാം മൂടിക്കെട്ടി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.  കാരണം രണ്ടാണ്. മറ്റാരും ആ മുറിവു കാണാതിരിക്കാൻ. സ്വന്തം മുറിവ് മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്താതിരിക്കാൻ. അല്ലെങ്കിലും മറ്റൊരാളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളെനോക്കി മുഖംതിരിക്കുന്നവരാണ് പലരും.  അതുകാണാൻ ആരും ഇഷ്ടപ്പെടാറില്ല. വ്യക്തിത്വത്തിലുണ്ടാകുന്ന പല പോരായ്മകളും ശീലായ്മകളുമെല്ലാം ഇത്തരത്തിലുള്ള മുറിവുകളാണ്. ഒരു വ്യക്തി എന്തുകൊണ്ട് മോശമായി പെരുമാറുന്നു, ജീവിക്കുന്നു എന്നു ചോദിച്ചാൽ ആ വ്യക്തിയുടെ ജീവിതത്തിലെ മുറിവുകൾ തന്നെയാണ് കാരണമെന്ന് പറയേണ്ടിവരും. ലഭിക്കുന്ന മുറിവുകൾ മറ്റുള്ളവർക്ക് കൈമാറുന്നവരാണ് കൂടുതലും. സ്വയം സൗഖ്യപ്പെടാൻ ശ്രമിക്കുന്നതിലും എളുപ്പമായതുകൊണ്ടാവാം പലരും ആ വഴിയെ തിരിയുന്നത്.  ശരീരത്തിലുണ്ടാകുന്ന മുറിവുകൾ മരുന്നുവച്ചു ഭേദപ്പെടുത്താം. പക്ഷേ മനസ്സിനുണ്ടാകുന്ന മുറിവുകളോ? എത്ര ശ്രമിച്ചാലും എത്ര പ്രയത്നിച്ചാലും മനസിലുണ്ടാകുന്ന മുറിവുകൾ ഇടയ്ക്കിടയെങ്കിലും  മറനീക്കി പുറത്തുവരും.
ആർക്കും മുറിവുകൊടുക്കാതിരിക്കുക. ആരെയും മുറിപ്പെടുത്താതെയിരിക്കുക. മുറിയപ്പെടാത്ത മനസ്സുമായി ജീവിക്കാൻ കഴിയുന്നതിലും വലിയ ഭാഗ്യം മറ്റൊന്നുണ്ടോ?

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ

Related articles

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...