മക്കളോടുള്ള സ്നേഹം വ്യവസ്ഥകളില്ലാത്തതാവട്ടെ

Share post:


മക്കളെ തിരുത്താനും നേർവഴിക്ക് നയിക്കാനും കടപ്പെട്ടവരാണ് ഓരോ മാതാപിതാക്കളും. പക്ഷേ പലപ്പോഴും ഈ തിരുത്തൽ വേണ്ടത്ര ഫലം ചെയ്യുന്നുണ്ടോ? മാതാപിതാക്കൾ  ഉദ്ദേശിച്ച രീതിയിലാണോ അവരുടെ ഉപദേശങ്ങളെ, തിരുത്തലുകളെ മക്കൾ സ്വീകരിക്കുന്നത്?

  ഭൂരിപക്ഷം മാതാപിതാക്കളും മക്കൾക്ക് തിരുത്തലുകൾ നല്കുന്നത് ആവശ്യമില്ലാത്ത വിധം സ്വരമുയർത്തിയും അവരുടെ കുറവുകളോട് തെല്ലും സഹിഷ്ണുതയില്ലാതെയുമാണ്. താരതമ്യപ്പെടുത്തലും കുറ്റപ്പെടുത്തലും വിമർശനവും നിർബാധം നടത്തുകയും ചെയ്യും.  സ്നേഹം കൊണ്ടാണ് മക്കളെ ശാസിക്കുകയും  അതിനപ്പുറം ശിക്ഷിക്കുകയും ചെയ്യുന്നത് എന്നാണ് മാതാപിതാക്കളുടെ ന്യായീകരണം.

എന്നാൽ ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകളും സ്വരമുയർത്തലുകളും വിപരീതഫലങ്ങളേ സൃഷ്ടിക്കുകയുള്ളൂ. മക്കളുടെ ആത്മവിശ്വാസം കുറയാനും ആത്മാഭിമാനം നഷ്ടപ്പെടാനുമാണ് ഇവ സാഹചര്യമൊരുക്കുന്നത്. തെറ്റു ചൂണ്ടികാണിച്ചുകൊടുക്കുന്നത് കുറ്റമല്ല പക്ഷേ സഹിഷ്ണുത കൈവിടാതെയായിരിക്കണം. തങ്ങളിൽ നിന്ന് എങ്ങനെയുള്ള പെരുമാറ്റവും അച്ചടക്കവുമാണ് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെന്ന് മക്കൾക്ക് ബോധ്യമാവണം. എങ്കിൽ മാത്രമേ അടുത്ത തവണ ആ തെറ്റ് അവർ ആവർത്തിക്കാതിരിക്കുകയുള്ളൂ.

 ഏതെങ്കിലും തെറ്റിന്റെ പേരിൽ, ‘നിന്നെ എനിക്കിനി കാണണ്ടാ’, ‘നിന്നോടെനിക്കുള്ള സ്നേഹം നഷ്ടപ്പെട്ടു’ എന്നൊക്കെ പറയുന്ന ധാരാളം മാതാപിതാക്കളുണ്ട്. ഇത്തരം വാക്കുകൾ മക്കളിലുണ്ടാക്കുന്ന ചിന്ത എന്തായിരിക്കും എന്ന് ആലോചിച്ചുട്ടുണ്ടോ?  മാതാപിതാക്കൾക്ക് സന്തുഷ്ടകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് താൻ സ്നേഹിക്കപ്പെടുന്നത്. അവരുടെ താല്പര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ ഒഴിവാക്കപ്പെടുന്നു. ഇങ്ങനെയൊരു ചിന്ത മക്കളിൽ രൂപപ്പെടുന്നത് നല്ലതല്ല. മക്കൾ ഏത് അവസ്ഥയിലും മക്കൾ തന്നെയാണ്. പക്ഷേ അതൊരിക്കലും അവരുടെ തെറ്റിന് കുടപിടിക്കുന്ന രീതിയുമല്ല. മറിച്ച് തെറ്റിനെ തെറ്റായും മക്കളെ മക്കളായും കാണുക. എങ്കിൽ മാത്രമേ ഏതെങ്കിലുമൊക്കെ പിഴവുകൾ സംഭവിച്ചാലും മാതാപിതാക്കളുടെ അടുക്കലേക്ക് തന്നെ വരാനുള്ള സ്വാതന്ത്ര്യം മക്കൾക്കുണ്ടാവൂ.

പരീക്ഷയിൽ തോറ്റതിനും മാർക്ക് കുറഞ്ഞതിനുമൊക്കെ ആത്മഹത്യ ചെയ്യുന്നവരും ഒളിച്ചോടുന്നവരുമായ മക്കളിൽ ഭൂരിപക്ഷവും തങ്ങളെ മാതാപിതാക്കൾ തോറ്റവരും പരാജയപ്പെട്ടവരുമായി സ്വീകരിക്കില്ല എന്ന് ഭയന്ന് അങ്ങനെ ചെയ്യുന്നതാവാം. പക്ഷേ ഈ മാതാപിതാക്കൾ യഥാർത്ഥത്തിൽ മക്കളോട് സ്നേഹമില്ലാത്തവരാണോ ഒരിക്കലുമല്ല. ഓരോ ശിക്ഷണത്തിലും ശിക്ഷയിൽ പോലുമുള്ളത് മക്കൾ തങ്ങളെക്കാൾ നല്ലവരും ഉയർന്നവരുമാകണമെന്ന മാതാപിതാക്കളുടെ അദമ്യമായ ആഗ്രഹമാണ്, സ്നേഹമാണ്. പക്ഷേ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് കഴിയാതെ പോകുന്നു. അതുകൊണ്ട് മക്കളോടുള്ള സ്നേഹം ഉള്ളിൽ സൂക്ഷിക്കാതെ അത് പ്രകടിപ്പിക്കുക,  ഇന്നതുപോലെയായാൽ മാത്രമേ നിന്നെ സ്നേഹിക്കൂ എന്ന് ശാഠ്യം പിടിക്കാതെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കാൻ പഠിക്കുക.

മക്കളെ വ്യക്തികളായി കാണുകയാണ് മറ്റൊരു  പ്രധാന കാര്യം. അവരൊരിക്കലും മാതാപിതാക്കളുടെ അടിമകളല്ല. തങ്ങളെ പോലെയാക്കാതെ മക്കളെ അവരെപ്പോലെയാകാൻ പരിശീലിപ്പിക്കുക. ഓരോ വ്യക്തിയും അവനവർ ആയിരിക്കട്ടെ.  വീടിനെ സംബന്ധിച്ച കാര്യങ്ങളിൽ അവരുടെ അഭിപ്രായം ചോദിക്കുകയും കൊള്ളാവുന്നവയാണെങ്കിൽ സ്വീകരിക്കുകയും ഇല്ലെങ്കിൽ എന്തുകൊണ്ട് സ്വീകാര്യമല്ല എന്ന് കാരണം സഹിതം ബോധ്യപ്പെടുത്തുകയും ചെയ്യുക.

വ്യക്തിത്വവും ആത്മാഭിമാനവും ആത്മവിശ്വാസവുമുളളവരാക്കി മക്കളെ വളർത്തുകയാണ് വേണ്ടത്. ശരിതെറ്റുകളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ചിന്തകൾ കുട്ടികളിൽ രൂപപ്പെടുന്നതും മാതാപിതാക്കളുടെ ജീവിതവും പെരുമാറ്റവും സംസാരവും വഴിയാണ്. അതുകൊണ്ട് മക്കൾക്കു മുമ്പിൽ നല്ലതുപോലെ പെരുമാറാനും സംസാരിക്കാനും എപ്പോഴും ശ്രദ്ധിക്കുക.

അവസാനമായി ഒരു കാര്യം കൂടി മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം പരിധികളും പരിമിതികളും മനസ്സിലാക്കുക. നിങ്ങളൊരിക്കലും പെർഫക്ട് പേരന്റ് അല്ല. നിങ്ങളെന്നല്ല ഈ ലോകത്തിൽ ഒരാളും പരിപൂർണ്ണരായ മാതാപിതാക്കളല്ല. സ്വന്തം പരിമിതി മനസ്സിലാക്കിക്കഴിയുമ്പോൾ കുറെക്കൂടി നല്ല മാതാപിതാക്കളാകാൻ ഓരോരുത്തർക്കും സാധിക്കും.

ടി എസ് ബിജു

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...