ഭയത്തെ ഭയക്കേണ്ട…!

Share post:

ഭയം ഒരു പുതപ്പുപോലെ നമ്മുടെ ജീവിതങ്ങളുടെ മേൽ വീണുകഴിഞ്ഞിരിക്കുന്നു.  ഇതെഴുതുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന പല വാർത്തകളും തെല്ലും ശുഭസൂചകമല്ല. അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് നിരക്കും ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങളും പ്രകൃതിക്ഷോഭങ്ങളും… എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ. ഭയത്തിന്റെ ഒരു ചിമിഴിൽ ലോകം ചുരുങ്ങപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഒരുപക്ഷേ ലോകം മുഴുവൻ ഇതുപോലെ ഭയാകുലമായ ഒരു കാലം മുമ്പുണ്ടായിട്ടുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിൽ നാം പലതരം ഭയങ്ങളെ നേരിടുന്നുണ്ട്. അകാരണമായും സകാരണമായുമുള്ള നിരവധി ഭയങ്ങൾ. കുരച്ചുകൊണ്ടോടി വരുന്ന ഒരു പട്ടിയെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം മുതൽ ഉയരമുള്ള സ്ഥലങ്ങളെയും അടച്ചിട്ട മുറികളെയും  ഭയക്കുന്ന മനശ്ശാസ്ത്രപരമായ നിരവധി ഭയങ്ങൾ വരെ ആ പട്ടിക നീളുന്നു..
ചില ഭയങ്ങൾക്ക് കാരണമുണ്ട്. വേറെ ചിലവയ്ക്ക് കാരണമുണ്ടാകാറില്ല. ചില ഭയങ്ങൾ പരിഹരിക്കപ്പെടുന്നവയാണ്. വേറെ ചിലവയാകട്ടെ അപരിഹാര്യമാണ്. ഭയം എന്തു തന്നെയായാലും  എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം ഒന്നേയുള്ളൂ. മരണഭയം. ഈ ലോകത്ത് എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള വികാരമാണ് അത്. മരണത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകാത്ത പ്രായത്തിലുള്ള ശിശുക്കളെ ഒഴിച്ചുനിർത്തിയാൽ സുബോധമുള്ള ഏതൊരാളും താൻ കടന്നുപോകുന്ന, കടന്നുപോകേണ്ട മരണം എന്ന അവസ്ഥയെ ഭയക്കുന്നു.

ജീവിക്കാനുള്ള ആഗ്രഹവും മരിക്കാനുള്ള ഭയവും. മനുഷ്യൻ എന്ന ഒറ്റനാണയത്തിന്റെ ഇരുവശങ്ങളാണ് അവ. അതിൽ നിന്ന് വേർപെടുത്തി നിർവചിക്കാൻ മാത്രം മനുഷ്യൻ വ്യത്യസ്തനാകുന്നതേയില്ല.  ഒരു മനുഷ്യനും ഈ ലോകത്ത് മരിക്കാൻ ഇഷ്ടപ്പെടുന്നില്ല.  അസ്വഭാവികരീതികളിലൂടെ സ്വന്തം ജീവിതം നശിപ്പിക്കുന്നവർ പോലും അപ്രകാരം ചെയ്യുന്നത് ജീവിച്ചിരിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല, മറിച്ച് ജീവിതം അവരാഗ്രഹിക്കുന്നതുപോലെ തിരികെ പ്രതികരിക്കാത്തതുകൊണ്ടുള്ള ഇച്ഛാഭംഗത്തിൽ നിന്നോ നിരാശതയിൽ നിന്നോ ആണ് അത്തരം മരണസ്വീകരണങ്ങൾ. പ്രശസ്തരായ ചിലരുടെ ആത്മഹത്യകളെ തന്നെ അപഗ്രഥിച്ചുനോക്കൂ. മരിക്കാൻ ഇഷ്ടമായതുകൊണ്ടല്ല, ജീവിതം അവരെ ഏതൊക്കെയോ രീതിയിൽ ഭയപ്പെടുത്തുകയും ഭാരപ്പെടുത്തുകയും ചെയ്തിരുന്നു എന്നതുകൊണ്ടാണ് അവർ സ്വയം മരണം സ്വീകരിച്ചത്.
ജീവിതം എല്ലായ്പ്പോഴും നാം ആഗ്രഹിച്ചതുപോലെയുള്ള ഒരേ വരയിലൂടെ ഉരുട്ടിയെഴുതിയ അക്ഷരം പോലെ കൃത്യതയുള്ളതാണെങ്കിൽ, എല്ലാവരുടെയും സ്നേഹങ്ങളും അഭിനന്ദനങ്ങളും നിർലോഭമായി ലഭിക്കുന്നുവെങ്കിൽ, ആരോഗ്യവും സമ്പത്തുമുണ്ടെങ്കിൽ..അപ്പോഴെല്ലാം ജീവിതം മനോഹരമായിത്തീരുന്നു. എത്രയധികം പ്രായമുണ്ടെങ്കിൽ പോലും..
പ്രത്യേകമായി ഒരു അത്ഭുതവും കാത്തുനില്ക്കാനില്ലാതിരുന്നിട്ടും മക്കളുടെയും മരുമക്കളുടെയും കുത്തുവാക്കുകളും അവഗണനയും ഏറെ ഏറ്റുവാങ്ങികഴിയുമ്പോഴും ജീവിച്ചിരിക്കുക എന്ന സന്തോഷങ്ങളിൽ നിന്ന് പുറത്തുകടക്കാൻ വിസമ്മതിക്കുന്ന വൃദ്ധരെ കാണാനിടയായിട്ടുണ്ട്. മരുന്നും രോഗങ്ങളും അവരെ വലയ്ക്കുമ്പോഴും ഒരു ദിനം കൂടി ഇനിയും ജീവിച്ചിരിക്കാൻ.. ആരോഗ്യത്തോടെ പരാശ്രയമില്ലാതെ ഒരുപാടവരമ്പിലൂടെ പഴയതുപോലെ ഓടിച്ചാടി നടക്കാൻ… മരിക്കുമെന്നോ മരിക്കാറായെന്നോ തെറ്റിദ്ധരിക്കപ്പെടുമ്പോൾ അവരുടെ കണ്ണുകളിൽ നിറയുന്നത് മൃതിയുടെ ഭയമാണ്..
കോവിഡ് രോഗിയായ അച്ഛന് അന്ത്യ നിമിഷങ്ങളിൽ ഒരു തുള്ളി വെള്ളം പോലും ഒഴിച്ചുകൊടുക്കാൻ മകളെ സമ്മതിക്കാതിരുന്ന ഒരു അമ്മയെക്കുറിച്ച് നാം പത്രങ്ങളിൽ വായിച്ചില്ലേ.. അപകടത്തിൽ പെട്ട കുഞ്ഞിന് കോവിഡ് ആണെന്നതുകൊണ്ട് ഓടിച്ചെന്നെടുക്കാൻ ഭയന്നവരെയും നാം പത്രങ്ങളിൽ കണ്ടു. അടുത്ത വീട്ടിൽ കോവിഡ് രോഗിയുണ്ടെന്ന് അറിയുന്നതോടെ ജനാലകൾ അടച്ചും വാതിലുകൾ തുറക്കാതെയും വീടിനുള്ളിൽ മാത്രമായി കഴിയുന്നവർ മാത്രമല്ല സ്വന്തം വീട്ടിൽ ഒരു കോവിഡ് രോഗിയുണ്ടായിക്കഴിയുമ്പോൾ അടുത്തുവരാൻ പോലും ഭയക്കുന്നവരുമുണ്ട്. ഈ ഭയങ്ങളെല്ലാം സ്വന്തം ജീവന്റെ സുരക്ഷയെപ്രതിയുള്ള ഭയമാണ്. മരിക്കാനുള്ള ഭയമാണ്.

ഒരു പക്ഷേ മരണത്തിന് ശേഷം എന്തുസംഭവിക്കും എന്ന് കൃത്യമായി നമുക്കുള്ള അറിവില്ലായ്മയാകാം മരണഭയത്തിന്റെ കാരണങ്ങളിലൊന്ന്. സത്യത്തിൽ നമുക്കുണ്ടാവേണ്ടത് മരണഭയമല്ല മരണാവബോധമാണ്. നമ്മൾ മനുഷ്യരായതുകൊണ്ട് മരിക്കേണ്ടവരാണെന്നും മരിക്കുക തന്നെ ചെയ്യുമെന്നുമുളള അവബോധം. എല്ലാ മനുഷ്യരും മരിക്കേണ്ട ഭൂമിയാണ് ഇത്. ജനിച്ച മനുഷ്യരെല്ലാം മരിച്ച ഭൂമിയും. പദവി, പ്രതാപം, തറവാട്ട് മഹിമ, വിദ്യാഭ്യാസയോഗ്യത എന്നിങ്ങനെയുള്ള നിരവധി ബാഹ്യഘടകങ്ങൾ കൊണ്ട് ഒരുപാട് ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ള വ്യക്തികൾക്ക് പോലും മരണത്തിൽ നിന്നുള്ള മോചനം ആനുകൂല്യമായി ലഭിക്കുന്നതേയില്ല. ഇത് മനുഷ്യന്റെ അടിസ്ഥാനപരമായ നിസ്സഹായതയാണ് വെളിവാക്കുന്നത്. മരണം മനുഷ്യരെ സമന്മാരാക്കുന്നു എന്ന തിരിച്ചറിവാണ് ഉണ്ടാക്കുന്നത്. ഏറിയാൽ എഴുപതോ അതിലും ഏറിയാൽ നൂറോ.. അതിനപ്പുറം നീളുന്ന മനുഷ്യായുസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഈ യാത്രയുടെ അന്ത്യത്തിൽ നാം ഒന്നും കൊണ്ടുപോകുന്നില്ല. എന്നിട്ടും സഹജീവി സ്നേഹമില്ലാതെയും അർഹിക്കുന്നത് കൊടുത്തുതീർക്കാതെയും  നാം എത്രയോ നിർദാക്ഷിണ്യത്തോടെയാണ് ജീവിക്കുന്നത്. മരണമുള്ളതുകൊണ്ടാണ് നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് അർത്ഥമുള്ളത്. ഇത്തരമൊരു തിരിച്ചറിവുണ്ടാകാൻ ഒരു വ്യക്തിക്ക് ആത്മീയമായ അടിത്തറയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മരണമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് കുഞ്ചൻ നമ്പ്യാർ പാടിയിരിക്കുന്നത് അറിയില്ലേ. എത്രയോ ഭീതിദമായ അവസ്ഥയാണ് അത്. സത്യത്തിൽ മരണം ഒരു മോചനമാണ്. മരണം ഒരു വഴികാട്ടിയാണ്. മനുഷ്യന്റെ നേട്ടങ്ങളുടെ ക്ഷണികതയും ഇഹലോകത്തിന്റെ നശ്വരതയും അത് വെളിവാക്കുന്നുണ്ട്. ഒരു പൂവ് കൊഴിയുന്നതുപോലെ സ്വസ്ഥമായും സ്വച്ഛമായും മരിച്ചുപോയ ചില ഗുരുക്കന്മാരെക്കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്. കോവിഡിന്റെ ഈ മഹാമാരിയുടെ കാലത്ത് നാം ഇനി ധ്യാനിക്കേണ്ടത് മരണത്തെക്കുറിച്ചായിരിക്കണം. സ്വച്ഛവും ശാന്തവുമായ മരണത്തെക്കുറിച്ച്… ഭയമില്ലാതെ മരിക്കുന്നതിനെക്കുറിച്ച്… ജീവിതത്തിൽ നിന്നുള്ള നിഷ്‌ക്രിയതയായിട്ടല്ല മറിച്ച് ജീവിതത്തെ അർത്ഥബോധത്തോടെ സമീപിക്കാൻ… കൂടുതൽ നല്ല മനുഷ്യരാകാൻ…

നന്ദു മഹാദേവൻ എന്ന കാൻസർ രോഗിയുടെ പോരാട്ടവും അതിജീവനവും ഒടുവിൽ മരണവും വാർത്തയായിരുന്നുവല്ലോ. എരിഞ്ഞുതീരാനുള്ളതല്ല ആളിക്കത്താനുള്ളതാണ് ജീവിതമെന്നാണ് രോഗത്തിന്റെ മൂർദ്ധന്യത്തിലും നന്ദു വിശ്വസിച്ചിരുന്നത്. വെറും 27 വയസുമാത്രമേ അവനുണ്ടായിരുന്നുള്ളൂ. എന്നിട്ടും ഒരേസമയം അവൻ ജീവിതത്തെ സ്നേഹിക്കുകയും മരണത്തെ അതിധീരമായി നേരിടുകയും ചെയ്തു. മരണം തൊട്ടരികിലുള്ളപ്പോൾ പോലും ഒരുപക്ഷേ അവൻ ഭയപ്പെട്ടിട്ടുണ്ടാവില്ല. ജീവിതത്തോടും മരണത്തോടുമുള്ള അവന്റെ സമീപനം എക്കാലവും വാഴ്ത്തപ്പെടുക തന്നെ ചെയ്യും.
ഭയമില്ലാതെ മരിക്കുക. അതായിരിക്കട്ടെ നമ്മുടെ പുതിയ സ്വപ്‌നം. നമ്മുടെ വിചാരം എനിക്ക് മാത്രം മരണമില്ല മറ്റുള്ളവരുടേതാണ് അതെന്നാണ്. അത്തരമൊരു വികലമായ ചിന്തയുടെ പേരിലാണ് നാം പലപല കാരണങ്ങൾ കൊണ്ട് കലഹിക്കുന്നതും വിദ്വേഷം പുലർത്തുന്നതും. കൂടിയല്ല ജനിക്കുന്ന നേരത്ത് കൂടിയല്ല മരിക്കുന്ന നേരത്ത് പിന്നെ ഇടവേളയിലെ ഈ സമയത്ത് കണ്ടുമുട്ടുമ്പോൾ നാം എന്തിനാണ് വൃഥാ മത്സരിക്കുന്നത് എന്ന് പൂന്താനം ചോദിച്ചിട്ടുണ്ട്. ശരിയല്ലേ.. മത്സരങ്ങൾ ഒഴിവാക്കി മനുഷ്യരായി, മരണമുള്ളവരാണെന്ന തിരിച്ചറിവുള്ളവരായി നമുക്ക് ജീവിക്കാം. മരണഭയങ്ങൾ ഒഴിവായി മരണാവബോധമുള്ളവരായി ജീവിക്കുമ്പോൾ ജീവിതത്തിന്റെ പുതിയ അർത്ഥതലങ്ങൾ നമുക്ക് വെളിപെട്ടുകിട്ടിത്തുടങ്ങും.

Related articles

ആത്മീയതയും മാനസികാരോഗ്യവും

മനുഷ്യജീവിതത്തിൽ മാനസികാരോഗ്യം ഒരു അത്യാവശ്യ ഘടകമാണ്. ശരീരാരോഗ്യത്തിന് സമാനമായ പ്രാധാന്യം മാനസികാരോഗ്യത്തിനും ഉണ്ടെന്ന് ഇന്ന് ആരോഗ്യശാസ്ത്രവും മനഃശാസ്ത്രവും തെളിയിച്ചിരിക്കുന്നു. അതേ സമയം, ആത്മീയത മനുഷ്യന്റെ...

പ്രതീക്ഷയുടെ ഉയിർപ്പ്

എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ പറയുന്നത് കോവിഡുണ്ടാക്കിയ പരിക്കിൽ നിന്ന് ലോകം പുറത്തുകടക്കണമെങ്കിൽ 25 വർഷമെടുക്കുമെന്നാണ്. അല്പം...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും പൂ നുള്ളുന്ന പോലെ നിസാരമല്ലേ. എന്നിട്ടെന്തുകൊണ്ട് ചെയ്യുന്നില്ല? 'എന്നിട്ടും ഇതൊന്നും ദൈവം...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്  കണ്ണെറിഞ്ഞ്  യാത്ര ചെയ്യുന്നത് ഒരു പതിവാണ്. നിഷേയെപ്പോലെ നടക്കുമ്പോഴല്ല യാത്ര ചെയ്യുമ്പോഴാണ്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും ആദ്യത്തെയും അവസാനത്തേയും തുരുത്ത്. ‐"Are we more than matter?‐' അപാരമായ...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന സവിശേഷമായ ഘടകവും അതുതന്നെ. ശുദ്ധമായ ഹൃദയത്തിന്റെ പ്രതിഫലനമാണ് സത്യസന്ധമായ...

പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള പ്രാർത്ഥന, വിവാഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന, വീടു പണിക്കുവേണ്ടിയുളള പ്രാർത്ഥന.  ജീവിതത്തിൽ മാനുഷികമായി...

അനുഗ്രഹങ്ങൾ എന്ന സമ്പാദ്യം

ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്....