മക്കൾക്ക് കൊടുക്കാൻ വലിയ സമ്മാനം

Share post:

പത്തുവയസുകാരനായ ജെറിക്ക് രാത്രിയിൽ സുഖമായി ഉറങ്ങാൻ കഴിയുന്നില്ല.  പല തവണ വെള്ളം കുടിക്കാനായി എണീല്ക്കും. ഉറക്കത്തിൽ എന്തൊക്കെയോ പുലമ്പും. പേടിച്ചു നിലവിളിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാതാപിതാക്കൾ മകനെയും കൊണ്ട് മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിയത്.

കുടുംബസാഹചര്യങ്ങൾ വിശദമായി കേട്ടുമനസ്സിലാക്കിക്കഴിഞ്ഞപ്പോൾ  ജെറിയുടെ ഉറക്കക്കുറവിന്റെയും ഉറക്കത്തിലെ പ്രശ്നങ്ങളുടെയും കാരണം ഡോക്ടർക്ക് മനസ്സിലായി. ജെറിയുടെ മനസ്സിൽ ഉത്കണ്ഠയുണ്ട്, ആശങ്കകളുണ്ട് . അതിന് കാരണമോ മാതാപിതാക്കൾ ഡിവോഴ്സിനെക്കുറിച്ച് തീരുമാനത്തിലെത്തിയിരിക്കുന്നതും. മാതാപിതാക്കൾ വേർപിരിയുകയാണെന്നും ഇനി മുതൽ തനിക്ക് രണ്ടുപേരിൽ ഒരാൾ മാത്രമേയുണ്ടാവുകയുളളൂവെന്നുമുള്ള ചിന്തയാണ് ജെറിയുടെ ഉറക്കത്തെ അപഹരിച്ചത്.

 കുട്ടികളുടെ മാനസികാരോഗ്യം ഏറെ മെച്ചപ്പെടുത്താനുള്ള ഒരു മാർഗ്ഗമാണ് ദമ്പതികൾ തമ്മിലുള്ള മാനസികമായ ഐക്യവും സ്നേഹബന്ധവും. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം കണ്ടുവളരുന്ന മക്കളിൽ അത് സുരക്ഷിതത്വവും സന്തോഷവും നല്കുന്നുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായിട്ടുള്ള അനുഭവമാണ് കുടുംബത്തിൽ ഉണ്ടാകുന്നതെങ്കിൽ അത് കുട്ടികളുടെ മാനസികനിലയെ ദോഷകരമായി ബാധിക്കും.
ഭർത്താവിനെ നിരന്തരമായി കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന ഒരു അമ്മയെ കണ്ട് വളരുന്ന മകൾ മനസ്സിലാക്കുന്നത് പുരുഷന്മാരെക്കുറിച്ചുള്ളതെറ്റായ ധാരണയാണ്. ഭാര്യയെ നിരന്തരമായി കുറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നത് കണ്ടുവളരുന്ന മകന്റെ മനസ്സിലും രൂപപ്പെടുന്നത് സ്ത്രീയെക്കുറിച്ചുള്ള തെറ്റായ വിചാരങ്ങളാണ്. ഇത്തരം തെറ്റായ വിവരങ്ങളുമായി ഭാവിയിൽ കുടുംബജീവിതം ആരംഭിക്കാൻതുടങ്ങുമ്പോൾ അത് അവരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. പലരുടെയും കുടുംബജീവിതത്തിലുണ്ടാകുന്ന താളപ്പിഴകൾക്കും സ്വഭാവവൈകല്യങ്ങൾക്കും അസ്വാരസ്യങ്ങൾക്കും ഒരു കാരണം കുട്ടികളായിരുന്നപ്പോൾ അവർ കടന്നുപോയ തിക്താനുഭവങ്ങളും സ്ത്രീപുരുഷന്മാരെക്കുറിച്ച് രൂപപ്പെട്ടുവരുന്ന തെറ്റിദ്ധാരണകളുമാണ്. ഭർത്താവിനെ നിരന്തരമായി ചീത്തപറയുന്ന ഒരു ഭാര്യയുടെ മാനസിക നില ഡോക്ടർമാർ അപഗ്രഥനവിധേയമാക്കിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതും ഇതുതന്നെയാണ്. അമ്മ അച്ഛനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും തനിക്ക് ഇഷ്ടമില്ലാത്തത് ഭർത്താവ് ചെയ്യുന്നത് കാണുമ്പോൾ ചീത്തപറയുന്നതും കണ്ടുവളർന്ന മകൾ താനൊരു ഭാര്യയായപ്പോൾ അതേ രീതിയാണ് സ്വീകരിച്ചത്. ഭർത്താവിനെ നിശ്ശബ്ദനാക്കാൻ അമ്മ പ്രയോഗിച്ച രീതികളെല്ലാം മകളും ആവർത്തിച്ചു. ഫലമോ മകളുടെ കുടുംബജീവിതം താറുമാറായി.

കുട്ടിക്കാലത്തെ തിക്താനുഭവങ്ങളിൽ നിന്ന് മുക്തരാകാനും അതിജീവനം നടത്താനും ശ്രമിക്കുന്നവർ വളരെ കുറവാണ്. അച്ഛനും അമ്മയുടെയും ദാമ്പത്യജീവിതത്തിലെ കുറവുകൾ പരിഹരിച്ച് തങ്ങളുടെ ദാമ്പത്യം മനോഹരമാക്കണമെന്ന് തീരുമാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ദമ്പതികൾ കുറവാണെന്ന് കാണാം. പലരും തങ്ങളുടെ മാതാപിതാക്കളുടെ കുടുംബജീവിതത്തിന്റെ തുടർച്ച കൊണ്ടുപോകുന്നു. ഈ തുടർച്ച് അവരുടെ കുടുംബജീവിതത്തിന് ഒരിക്കലും ഗുണം ചെയ്യില്ല.  ദമ്പതികൾ തമ്മിലുള്ള പരസ്പരാദരവും സ്നേഹവും  പങ്കുവയ്ക്കലും കണ്ടുവളരുന്ന മക്കൾ അത് തങ്ങളുടെ കുടുംബജീവിതത്തിലും ആവർത്തിക്കും.

ജെറിയുടെ അനുഭവത്തിലേക്ക് മടങ്ങിവരാം. ജെറിയുടെ ഉറക്കപ്രശ്നങ്ങൾക്ക് ഡോക്ടർ നിർദ്ദേശിച്ച മാർഗ്ഗം ഇതായിരുന്നു. ജെറിയെ അച്ഛനും അമ്മയും ചേർന്ന് കിടത്തിയുറക്കുക. ഉറക്കത്തിന് മുമ്പ് അവനെ ചുംബിക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നുവെന്ന് അവനോട് പറയുക. അച്ഛനും അമ്മയും തന്റെ ഇരുവശങ്ങളിലായികിടക്കുകയും താൻ സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവു ഉണ്ടാവുകയും ചെയ്തതോടെ ജെറിയുടെ ഉറക്കപ്രശ്നങ്ങൾ ഇല്ലാതായി.
കുട്ടികൾ ഏറ്റവും അധികം ഭയക്കുന്നത് മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയലാണ്. അവർക്ക് അച്ഛനെയും അമ്മയെയും വേണം. പക്ഷേ വിവാഹമോചനത്തിൽ അച്ഛനോ അമ്മയോ ആരുടെയെങ്കിലും ഒരാളുടെ കൂടെ മാത്രമേ മക്കൾക്ക് ജീവിക്കാൻ കഴിയൂ. ഇത് മക്കളിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ തീവ്രമാണ്. അച്ഛൻ അമ്മയെയും അമ്മ അച്ഛനെയും ദുഷിച്ചുപറഞ്ഞുകൊടുത്താലും മക്കളുടെ മനസ്സിൽ ചിലപ്പോൾ അച്ഛനും അമ്മയും കാണും. ഇരുവരോടും സ്നേഹം ഉണ്ടായിരിക്കുകയും ചെയ്യും. അച്ഛന്റെ കൂടെ പോണോ അമ്മയുടെ കൂടെ പോണോ എന്ന് കോടതിയിൽ ചോദിച്ചപ്പോൾ എനിക്ക് രണ്ടാളെയും വേണമെന്ന് ഒരു കുട്ടി കരഞ്ഞുപറഞ്ഞതായ ഒരു സംഭവം വക്കീലായ സുഹൃത്തുപറഞ്ഞിട്ടുണ്ട്. പരസ്പരമുളള ഈഗോയുടെ പേരിൽ മാതാപിതാക്കൾ പിരിയുമ്പോൾ തകർന്നുപോകുന്നത് കുഞ്ഞുങ്ങളാണ്. മക്കളെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാതാപിതാക്കൾ ഒരു കാര്യത്തിൽ തീരുമാനമെടുക്കണം. തങ്ങൾ നല്ല ഭാര്യഭർത്താക്കന്മാരായിരിക്കുമെന്ന്. അല്ലറ ചില്ലറ പിണക്കങ്ങൾ ഇല്ലാത്ത ദമ്പതികൾ കാണുകയില്ലായിരിക്കാം. പക്ഷേ ആ പിണക്കങ്ങൾ മക്കളുടെ മനസ്സിൽ പോറലുണ്ടാക്കാതിരിക്കാൻ അവർ ശ്രദ്ധിക്കണം. ചുരുക്കത്തിൽ മക്കളുടെ മാനസികാരോഗ്യത്തിന് സന്തുഷ്ടകരമായ  കുടുംബജീവിതം അത്യാവശ്യം തന്നെ.

യാത്ര

Related articles

മക്കളും അറിയട്ടെ പണത്തിന്റെ വില 

തങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ച പണമില്ലായ്മയുടെ വിഷമങ്ങൾ മക്കൾ അറിയരുതെന്ന് ആഗ്രഹിച്ച് അവരുടെ കാര്യത്തിൽ ഒരു കുറവുമില്ലാതെ  വളർത്തുന്നതിൽ അമിതമായി ശ്രദ്ധകൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. മക്കളുടെ...

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...