വാർദ്ധക്യത്തിലെ വിളക്കുകൾ

Share post:

സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ  നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന വിധത്തിലുള്ള കഥകളും മറ്റ് സാഹിത്യസംഭാവനകളും നല്കിക്കൊണ്ടിരുന്ന അവർ  ഇന്ന് രോഗത്തിന്റെയും പ്രായത്തിന്റെയും കൂടുകളിലേക്ക് ചേക്കേറിയപ്പോൾ എല്ലാ മഷിയും അവരിൽ നിന്ന് ഉണങ്ങിപ്പോയതുപോലെ..
രോഗവും വാർദ്ധക്യവും എത്തുന്നതിന് മുമ്പുതന്നെ പലരും പേന ഊരിവച്ചു. തന്റെ മഹത്തായ കൃതി വരുന്നൂ, വരുന്നൂ എന്ന് മലയാളത്തെ കാത്തുനിർത്തിയിട്ട് അത് പൂർത്തിയാക്കാതെ കാക്കനാടൻ കടന്നുപോയി. പൊൻകുന്നം വർക്കിയെ പോലെയുള്ള മുതിർന്ന തലമുറ എത്രയോ മുമ്പേ എഴുത്ത് അവസാനിപ്പിച്ചവരായിരുന്നു, പ്രായവും മരണവും കടന്നുവരുന്നതിന് മുമ്പു തന്നെ.
 എന്നാൽ ഇതിന് അപവാദമുണ്ടായി ചിലരുണ്ട്, മലയാളത്തിൽ. ഉദാഹരണമായി ലളിതാംബിക അന്തർജ്ജനവും കോവിലനും.  പ്രായവും രോഗവും വകവയ്ക്കാതെ മാസ്റ്റർപീസുകൾ രചിച്ചവരാണവർ. സർഗ്ഗാത്മകത യൗവനത്തിൻറെ മാത്രം തിരുശേഷിപ്പല്ല എന്നും  ഏതു പ്രായത്തിലും പ്രകാശം പ്രസരിപ്പിക്കാൻ കഴിവുള്ള വിളക്കുകളാണെന്നും തെളിയിച്ചവർ.

അന്തർജ്ജനം തന്റെ സാഹിത്യജീവിതത്തിൽ ഒരേയൊരു നോവലേ എഴുതിയിട്ടുള്ളൂ. അഗ്‌നിസാക്ഷി. അന്തർജ്ജനത്തിന്റെ മാസ്റ്റർപീസ് കൃതിയായിരുന്നു അത്. 1977 ൽ ആണ് ആ നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. അതായത് ലളിതാംബിക അന്തർജ്ജനത്തിന്റെ അറുപത്തിയെട്ടാം വയസിൽ. (1909 മാർച്ച 30 നാണ്  ജനനം)
സാധാരണ ഒരു വീട്ടമ്മയെ സംബന്ധിച്ച് മക്കളും കൊച്ചുമക്കളുമെല്ലാമായി രോഗത്തിന്റെ അസ്വസ്ഥതകളുമായി എഴുത്ത് നിലച്ചിരിക്കുന്ന ഒരു പ്രായമാണത്. പക്ഷേ അവിടെ അങ്ങനെ ഒതുങ്ങിക്കൂടിയിരിക്കാൻ അന്തർജ്ജനത്തിന് കഴിയുമായിരുന്നില്ല.  നാല്പതു വർഷത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളുടെ കഥ കൂടി പറയുന്ന ഈ നോവൽ മലയാളത്തിലെ സ്ത്രീപക്ഷ രചനകളിൽ ഏറ്റവും ശ്രദ്ധേയവുമാണ്. ആദ്യത്തെ വയലാർ അവാർഡും അഗ്‌നിസാക്ഷിക്കായിരുന്നു.

വി. വി അയ്യപ്പൻ എന്ന കോവിലന്റെ കാര്യമാണ് അതിനെക്കാൾ ശ്രദ്ധേയം. സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ  കഥ പറയുന്ന തട്ടകം എന്ന നോവൽ പ്രസിദ്ധീകരിച്ചത് 1995 ൽ ആയിരുന്നു. അപ്പോൾ അദ്ദേഹത്തിന് എഴുപത്തിരണ്ട് വയസായിരുന്നു പ്രായം. ക്ലിപ്തമായ ഇതിവൃത്തമോ ഏകീകൃത ഘടനയോ ഈ നോവലിനില്ല.

വിശാലമായ ക്യാൻവാസിലൂടെ അനേകം കഥാപാത്രങ്ങളിലൂടെയും കുടുംബങ്ങളിലൂടെയും ഒരു സംസ്‌കൃതിയുടെ കഥയാണ് അദ്ദേഹം തട്ടകത്തിലൂടെ പറഞ്ഞത്. കോവിലന്റെ ഏറ്റവും മികച്ച കൃതിയായി തട്ടകത്തെ നിരൂപകർ അപഗ്രഥിച്ചിട്ടുമുണ്ട്.

ഒ.വി. വിജയൻ  അവസാനകാലത്ത് എഴുതിയ കൃതിയാണ് തലമുറകൾ. 1997 ലാണ് ഈ കൃതി പുറത്തിറങ്ങിയത്. അന്ന് വിജയന് അറുപത്തിയേഴ് വയസായിരുന്നു പ്രായം. ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങാത്ത പേനയുമായി മലയാളത്തെ ധന്യരാക്കിയവരായിരുന്നു ഇവരെല്ലാം.

മരണമെത്തുന്ന നേരം വരെ  ക്രിയാത്മകമായ ചിന്തകളുടെ ഊർജ്ജകേന്ദ്രമായിരുന്നു എം.എൻ. വിജയനും അബ്ദുൾ കലാമും.  പ്രായത്തെ അവഗണിച്ചുകൊണ്ട് പുതിയ ആശയങ്ങളും ചിന്തകളുമായി ലോകത്തെ പ്രകാശിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. കാലവും ലോകവും അവരുടെ ആശയങ്ങൾക്കും ചിന്തകൾക്കുമായി കാതോർത്തു. പുതിയ കാലത്തെ പ്രശോഭിപ്പിക്കുവാൻ കഴിയുന്ന വിധം ചിന്തകളുടെ സമൃദ്ധിയിൽ സമ്പന്നരുമായിരുന്നു അവർ.  

രോഗബാധിതനാകുന്നതുവരെ സാഗരഗർജ്ജനം തന്നെയായിരുന്നു  വാർദ്ധക്യത്തിലും സുകുമാർ അഴീക്കോട്.

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...