കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

Share post:

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ ദുരിതത്തിലാഴ്ത്തിയ രണ്ടു പ്രളയകാലത്തും മനുഷ്യന്‍, കൂടുതല്‍ മാനവികനായും മാനുഷികനായും മാറിയതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ നാം നേരില്‍ കണ്ടതാണ്. നിപ്പ വൈറസ് കാലത്തും രോഗികളുടെ ജീവന്‍ പൊതിഞ്ഞുപിടിക്കാനുള്ള ശ്രമങ്ങളില്‍ സ്വന്തം ജീവിതങ്ങള്‍ ഹോമബലിയായി അര്‍പ്പിച്ച മനുഷ്യസ്‌നേഹികളെയും നാം കണ്ടു.

ഇപ്പോള്‍ ദേശങ്ങളെന്നോ രാജ്യങ്ങളെന്നോ ഭേദമില്ലാതെ കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോഴും മനുഷ്യന്‍ കൂടുതലായി മറ്റുള്ളവരെ സേവിക്കാനും സ്‌നേഹിക്കാനും സന്നദ്ധരായിക്കൊണ്ടിരിക്കുകയാണ്.  പേഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്വുപ്പ്‌മെന്റ് എന്ന വസ്ത്രത്തിനുള്ളില്‍ ഒതുങ്ങി തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ രോഗീശുശ്രൂഷകളിലേര്‍പ്പെട്ടിരിക്കുന്ന ആതുരപ്രവര്‍ത്തകര്‍.. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഒറ്റയ്ക്ക് ഉണ്ടും ഉറങ്ങിയും കുടുംബങ്ങളില്‍ നിന്ന് അകന്ന് ജീവിക്കുന്നവര്‍. നാളെ തങ്ങള്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുണ്ടായിരുന്നിട്ടും അതിനെ അവഗണിച്ച് മറ്റുളളവരുടെ ജീവനുകള്‍ക്ക് കാവല്‍ നില്ക്കുന്നവര്‍. എത്ര നന്ദിയോടെയാണ്‌നാം അവരെയെല്ലാം ഓര്‍മ്മിക്കേണ്ടത്. അതുപോലെ പൊതുനിരത്തിലിറങ്ങി രോഗം പടര്‍ത്താതിരിക്കാന്‍ മുന്‍കരുതലുകളും താക്കീതുകളുമായി നില്ക്കുന്ന പോലീസുദ്യോഗസ്ഥര്‍. പോലീസുകാരെക്കുറിച്ച് പല തെറ്റിദ്ധാരണകളുള്ളവര്‍ക്ക് പോലും ഇത്തവണ അവരുടെ സേവനങ്ങളെപ്രതി അവരെ സ്‌നേഹിക്കാതിരിക്കാനാവില്ല.

ഇങ്ങനെ ഓരോരുത്തരും ഓരോ രീതിയില്‍ കോവീഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അങ്ങനെയൊന്നും ഭാഗഭാക്കാകാന്‍ സാധിക്കാത്ത, എന്നാല്‍ മനുഷ്യസ്‌നേഹം ഉള്ളിലുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള അവസരമായിരിക്കുകയാണ് ഗവണ്‍മെന്റ് തലത്തില്‍ രൂപീകരിക്കുന്ന സന്നദ്ധം എന്ന യുവജനസംഘടന. 22 നും 40 നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള സന്നദ്ധസേനയാണ് ഇത്. ലോക് ഡൗണും ഐസോലേഷനുമൊക്കെ വ്യാപകമാകുമ്പോള്‍ ഭക്ഷണവും ഭക്ഷ്യവസ്തുക്കളുമെത്തിക്കുക, രോഗികളെ ആശുപത്രിയില്‍ എത്തിക്കുക, ആശുപത്രിയില്‍ കൂട്ടിരിക്കുക തുടങ്ങിയവയെല്ലാമാണ് ഈ സന്നദ്ധസംഘടനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നന്മകള്‍. അണ്ണാന്‍കുഞ്ഞും തന്നാലായത് എന്ന മട്ടിലുള്ള തീരെ ചെറിയ സഹായങ്ങള്‍ക്കുപോലും വലിയ വിലയുണ്ടാകുന്ന കാലമാണ് ഇത്. മൊബൈലിനും ഇന്റര്‍നെറ്റിനും അവധി നല്കി യുവജനങ്ങള്‍ ഉണര്‍ന്നെണീല്‌ക്കേണ്ട സമയമാണ് ഇത്.

കൊറോണയുടെ ദുരിതകാലത്തും കരിഞ്ചന്തയു പൂഴ്ത്തിവയ്പുമായി മനുഷ്യത്വം നഷ്ടപ്പെടുത്തിജീവിക്കുന്ന കച്ചവടക്കാരെ യുവജനങ്ങളുടെ ഈ നന്മ അമ്പരപ്പിക്കണം, ലജ്ജിപ്പിക്കണം. അതുകൊണ്ട് സന്നദ്ധം എന്ന വെബ്‌പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പേര് രജിസ്ട്രര്‍ ചെയ്ത് എല്ലാ യുവജനങ്ങളും സമൂഹത്തോടും ഭരണകൂടത്തോടുമുള്ള അവരുടെ പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമാക്കി ഇത് മാറ്റണം.ചലച്ചിത്രതാരങ്ങളായ ടൊവിനോയും സണ്ണി വെയ്‌നുംപോലെയുള്ളവര്‍ ഇതില്‍ അംഗങ്ങളായത് യുവജനങ്ങള്‍ക്ക് ഏറെ പ്രചോദനവും പ്രോത്സാഹനവുമാണ്. ആ മാതൃക സ്വീകരിച്ച് കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ടുവരട്ടെ. എല്ലാകാര്യങ്ങളിലും നമുക്ക് ഒപ്പമായിരിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ ആയിരിക്കുന്ന സാഹചര്യങ്ങളില്‍ ആവതുപോലെ ഒപ്പമായിരിക്കാന്‍, സ്‌നേഹത്തിന്റെയും സേവനത്തിന്റെയും കരങ്ങള്‍ ആവശ്യക്കാരനിലേക്ക് നീട്ടാന്‍ ഏതൊരാള്‍ക്കും കഴിയുമെന്നാണ് തോന്നുന്നത്.

സന്നദ്ധം അത്തരമൊരു വിളിയാണ്. ഒപ്പമായിരിക്കാനും കൂടെ നടക്കാനുമുള്ള വിളി. സന്നദ്ധരായിരിക്കാനുള്ള വിളി. നമുക്ക് സന്നദ്ധരാകാം.

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...