‘മരമാകുന്ന അടയ്ക്കകൾ’

Share post:

‘അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.’  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ നേർവഴിക്ക് നയിക്കാനും നല്ലതു പറഞ്ഞുകൊടുക്കാനും  മാതാപിതാക്കൾക്ക് കഴിയും. പക്ഷേ അവൻ മുതിർന്നു കഴിയുമ്പോൾ അത് അത്രത്തോളം സാധ്യമാകണം എന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്.

മക്കളുടെ മേൽ സ്വാധീനവും നിയന്ത്രണവുമുള്ള മാതാപിതാക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഓരോ മക്കളും അവരവരുടേതായ സ്വകാര്യലോകത്തിൽ വിരാചിക്കുമ്പോൾ അവിടെയെന്തു സംഭവിക്കുന്നുവെന്നോ എങ്ങനെയെല്ലാമാണ് അവൻ പൊതുസമൂഹത്തിലോ രഹസ്യഇടങ്ങളിലോ ഇടപെടുന്നതെന്നോ വീട്ടുകാർ അറിയാതെപോകുന്നു.

എന്നാൽ അവൻ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ അകപ്പെടുമ്പോൾ, അവന്റെ രഹസ്യാത്മകത പരസ്യമാക്കപ്പെടുമ്പോൾ സമൂഹം കുറ്റക്കാരുടെ പട്ടികയിൽ  പ്രതിചേർക്കുന്നത് മാതാപിതാക്കളെയായിരിക്കും; ‘വളർത്തുദോഷം’. അതാണ് ഇത്തരം കേസുകളിലെ കുറ്റപ്പെടുത്തലുകൾക്ക് പറയുന്ന ഏറ്റവും നിസ്സാരമായ വിശേഷണം. മക്കൾക്കൊപ്പം കല്ലെറിയാനും പഴിചാരാനും വിധിക്കപ്പെടുന്ന മാതാപിതാക്കൾ.

നടിയും സാമൂഹ്യപ്രവർത്തകയുമായ മാലാ പാർവതിയുടെ മകൻ ഉൾപ്പെട്ട ഒരു ലൈംഗികവിവാദത്തിൽ ഭൂരിപക്ഷവും കുറ്റപ്പെടുത്തിയത് ആ നടിയെയായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന മാലാ പാർവതിക്ക് മകനെ നന്നായി വളർത്താൻ സാധിച്ചില്ല എന്നതായിരുന്നു പ്രധാന ആരോപണം.  
കുറ്റക്കാരനെന്ന് വാദി കുറ്റപ്പെടുത്തിയ അനന്തകൃഷ്ണനെക്കാൾ പൊതുസമൂഹത്തിന് താല്പര്യം മാലാപാർവതിയെന്ന  അമ്മയെ കുറ്റപ്പെടുത്താനായിരുന്നു.  അത്തരക്കാരോട് ഒര ു ചോദ്യം. കുറ്റപ്പെടുത്തുന്ന  ഈ ആളുകളുടെ മക്കൾക്ക് നാളെ വഴിതെറ്റില്ലെന്ന് എന്താണുറപ്പ്? അന്ന് മക്കളുടെ വഴിപിഴയ്ക്കലിന് അവർ സ്വയം കുറ്റമേറ്റെടുക്കുമോ?

മക്കളെ നല്ലരീതിയിൽ വളർത്താൻ വിധിക്കപ്പെട്ടിരിക്കുന്നവരും അങ്ങനെയുള്ള കടമ നിർവഹിക്കേണ്ടവരുമാണ് മാതാപിതാക്കൾ എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ മക്കൾ വഴിപിഴച്ചുപോകുന്നതിന് പൂർണ്ണമായും മാതാപിതാക്കളെ കുറ്റക്കാരാക്കുന്നത് അത്ര ശരിയായ നടപടിയല്ല. പ്രത്യേകിച്ച് ഇന്നത്തെകാലത്ത്. കാരണം വീടിനുള്ളിലെ മക്കളല്ല വീടിന് പുറത്ത്. മൊബൈൽ ഫോണും ഇന്റർനെറ്റും ഒരുക്കിക്കൊടുക്കുന്ന സ്വകാര്യതകൾ ഏതൊരാളെയും പ്രലോഭിപ്പിക്കാൻ തക്ക കഴിവുളളവയാണ്.

അവരെന്തു ചെയ്യുന്നു, എന്ത് കാണുന്നു എന്നൊന്നും മാതാപിതാക്കൾക്ക് കണ്ടെത്താൻ കഴിയുകയുമില്ല. തുടക്കത്തിൽ എഴുതിയതുപോലെ അടയ്ക്കായാകും പോലെയല്ല  അടയ്ക്കാ മരമാകുമ്പോൾ. മക്കളുടെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നതിന്  മാതാപിതാക്കൾക്ക് ഒരുപാട് പരിമിതികളുണ്ട്.  പ്രത്യേകിച്ച് സാങ്കേതികമായ കാര്യങ്ങളിൽ പിന്നാക്കം നില്ക്കുന്നവരാണ് മാതാപിതാക്കൾ എങ്കിൽ… അവരെ കബളിപ്പിക്കാനും അവരിൽ നിന്ന് മറച്ചുപിടിക്കാനും മക്കൾക്ക് എളുപ്പം കഴിയും. മാതാപിതാക്കൾ മക്കളെ നല്ലവരായിട്ടാണ് കാണുന്നത്. മക്കളെ മാതാപിതാക്കൾ വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസമില്ലെങ്കിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ശിഥിലമായിപോകും.

തങ്ങളുടെ വിശ്വാസത്തിനും ധാരണയ്ക്കും അപ്പുറമായി മക്കളിൽ നിന്ന് ചിലതൊക്കെ പരസ്യമാക്കപ്പെടുമ്പോഴാണ് അച്ഛനമ്മമാർ ആ ആരോപണങ്ങളെ നിഷേധിക്കുന്നത്. നന്നായി പഠിക്കുന്ന മകനോ മകളോ പരീക്ഷയിൽ കോപ്പിയടിച്ചതിന് ഡീബാർ ചെയ്യപ്പെട്ടു എന്ന് കേൾക്കുമ്പോൾ മാതാപിതാക്കൾ അത് അംഗീകരിച്ചുതരണമെന്നില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം മക്കൾ അങ്ങനെ ചെയ്യുന്നവരല്ല.

താലോലിച്ചും സ്നേഹിച്ചും വളർത്തിക്കൊണ്ടുവന്ന മകൾ ഒരു സൂചന പോലും നല്കാതെ കണ്ടൊരുവന്റെ കൂടെ ഒളിച്ചോടിപ്പോകുമ്പോൾ മാതാപിതാക്കൾ തകർന്നുപോകുന്നു. അവർ ആ ഇറങ്ങിപ്പോക്കിനെ വിശേഷിപ്പിക്കുന്നത് തട്ടിക്കൊണ്ടുപോകലായോ ലവ് ജിഹാദായോ ഒക്കെയാകാം. അറിയപ്പെടുന്ന ഒരു കോളജ് അധ്യാപകന്റെ മകൾ ഒരുവന്റെ കൂടെ ഇറങ്ങിപ്പോയപ്പോൾ അദ്ദേഹത്തെ പലരും കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കാനിടയായിട്ടുണ്ട്. നാട്ടുകാരെ മുഴുവൻ നന്നാക്കാൻ ഇറങ്ങിയ അങ്ങേർക്ക് മകളെ നന്നായി വളർത്താൻ കഴിഞ്ഞില്ല എന്ന മട്ടിൽ. എന്തൊരു കഷ്ടമാണ് ഇത്. ആ അച്ഛൻ അറിഞ്ഞോ മകളുടെ മനസ്സും ചെയ്തികളും എന്തായിരിക്കുമെന്ന്. മക്കളെ വിശ്വസിക്കാനല്ലേ പറ്റൂ, ഉള്ളുചികഞ്ഞ് നോക്കാനൊന്നും പറ്റില്ലല്ലോ. രാവിലെ കോളജിലേക്ക് പോകുന്ന മകൾ പഠിക്കാനല്ല കാമുകനൊപ്പം ചുറ്റിക്കറങ്ങാനാണ് പോകുന്നതെന്ന് ഏതെങ്കിലും മാതാപിതാക്കൾ വിശ്വസിക്കുമോ, ഇല്ല.

മാതാപിതാക്കളുടെ വിശ്വാസവും
സ്നേഹവുമാണ് മക്കൾ ചൂഷണംചെയ്യുന്നത്. ഇവിടെ കുറ്റക്കാർ മാതാപിതാക്കളല്ല, മക്കൾ മാത്രമാണ്. അതുകൊണ്ട് അയൽക്കാരന്റെ മക്കൾക്ക് വഴിതെറ്റുമ്പോൾ  ആ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിൽ അത്യുത്സാഹമൊന്നും വേണ്ട. നാളെയത് നിങ്ങളുടെ കുടുംബത്തിലും സംഭവിച്ചുകൂടായ്കയില്ല.

 അന്ന് ആ കുറ്റപ്പെടുത്തൽ താങ്ങാൻ നിങ്ങൾക്ക് കഴിവുണ്ടായിരിക്കണമെന്നുമില്ല. വഴിതെറ്റിപ്പോകാത്ത മക്കളാണ് എല്ലാ മാതാപിതാക്കളുടെയും സ്വപ്നവും പ്രാർത്ഥനയും ആഗ്രഹവും.

മക്കൾ വഴിതെറ്റിപ്പോയാലും മാതാപിതാക്കൾക്ക് അവരെ തള്ളിക്കളയാനും വെറുക്കാനും കഴിയുകയുമില്ലല്ലോ. കാരണം അതാണല്ലോ ഒരാളെ അച്ഛനും അമ്മയുമാക്കുന്നത്?

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്. പക്ഷേ സാഹചര്യങ്ങള്‍ നല്കുന്ന സൂചന ഇനിയും ലോക്ക് ഡൗണ്‍ തുടരും എന്നുതന്നെയാണ്....