കഥ തീരുമ്പോൾ

Share post:

‘കഥ തീരുമ്പോൾ ഒരു വാനമ്പാടി പറക്കുന്നു’ എന്നത്  ടി. പദ്മനാഭന്റെ മനോഹരമായൊരു കഥയുടെ പേരാണ്. ശരിയാണ്, കഥ തീരുമ്പോൾ ഒരു വാനമ്പാടി പറക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ കഥകൾ ഇനിയും പറഞ്ഞു തീരാത്തത്. പറന്നുപോയ ഓരോ വാനമ്പാടിയും കഥയുടെ ഒരു കൊച്ചു തളിരിലയുമായി വീണ്ടും കഥാകാരന് മുന്നിൽ വന്നിറങ്ങുന്നു.
 
‘പറഞ്ഞിട്ടും പറഞ്ഞിട്ടും എന്തുക്കൊണ്ടാണ്  കഥകളിനിയും തീരാത്തത്?’ ‘ഭൂമിയിലെ മനുഷ്യന്മാരുടെ ജീവിതം ഉള്ളിടത്തോളം കാലം കഥകൾ തീരുന്നതെങ്ങനെ?’  ഓരോ മനുഷ്യനും ഒരു കഥയാണ്, കഥാപാത്രമാണ്. ചിലരുടെ കഥകളിലെ വില്ലനും മറ്റ് ചിലരുടെ കഥകളിലെ നായകനും നിങ്ങളാണ്. പരിപൂർണ്ണനായ നായകനും കൊടൂര വില്ലനുമായി ആരും ഭൂമിയിലുണ്ടാകാൻ വഴിയില്ല. മുന്നിൽ വന്ന് നിൽക്കുന്ന ഓരോ മനുഷ്യനും നിങ്ങളുടെ കഥയിലേക്ക് അറിഞ്ഞോ അറിയാതെയോ വന്നുചേരുന്ന ഒരു പുതിയ കഥാപാത്രമാണ്. അയാളുടെ വേഷം ആടിക്കഴിഞ്ഞാൽ അയാൾ അതുപോലെ തന്നെ തിരശീലക്ക് പിറകിലേക്ക് മറയുന്നു. ഒന്നോർത്തുനോക്കൂ, ഒരൊറ്റ നിമിഷത്തിലേക്ക് മാത്രം, അല്ലെങ്കിൽ അല്പം നീണ്ടുപോയ ഒരേയൊരു സന്ദർഭത്തിലേക്ക് മാത്രം വന്ന് ചേർന്ന ആ മനുഷ്യനെ നിങ്ങൾ ഇപ്പോൾ ഓർക്കുന്നുണ്ടോ? എവിടെ നിന്നാണ് അയാൾ വന്നത്? എങ്ങോട്ടേക്കാണ് അയാൾ  മാഞ്ഞുപോയത്? പിന്നെ ഇതുവരെയും അയാളെ കണ്ടുകിട്ടാത്തതെന്ത്? പുലരാൻ കാലത്ത് കണ്ട സ്വപ്‌നത്തിലെ സുന്ദരിയെ അന്വേഷിച്ചു ജീവിതം തീർത്തുകളഞ്ഞ ചില കാൽപനിക നായകന്മാരെ പോലെ ചിലപ്പോളൊക്കെ നമ്മളും തേടിയിറങ്ങിയിട്ടുണ്ടല്ലോ അത്തരം ചില മനുഷ്യരെ, അല്ലേ.

പൊടുന്നനെ എവിടെ നിന്നോ ചാടിവീണ്, നമ്മളെ ചിരിപ്പിച്ച്, അന്തിപ്പിച്ച്, ഭയപ്പെടുത്തി, സങ്കടപ്പെടുത്തി അല്ലെങ്കിൽ കൃതജ്ഞതാഭരിതരാക്കി മറഞ്ഞുപോയ ആളുകൾ. 
യാത്രയുടെ ഇടയ്‌ക്കെപ്പോഴോ ഉറങ്ങിപോയ നേരത്ത് ആവണം ആ വൃദ്ധൻ തന്റെ അടുത്ത സീറ്റിലേക്ക് എത്തിയത്. നന്നേ അവശനായൊരാൾ. ഉറക്കം തെളിഞ്ഞ അയാളോട് വൃദ്ധൻ കയ്യിലിരുന്ന ഒരു കുറിപ്പ് കാണിച്ചു. ‘ഈ സ്ഥലമെത്തുമ്പോൾ ഒന്ന് പറഞ്ഞു തരാമോ? കുറിപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്: തമന്നൂര് ആൽത്തറ ബസ്സ്‌റ്റോപ്പിൽ ഇറങ്ങുക. സ്‌നേഹാലയം വൃദ്ധസദനത്തിലെത്തിക്കുവാൻ ഓട്ടോക്കാരനോട് പറയുക.  പ്രായമായ അയാളെ വൃദ്ധമന്ദിരത്തിൽ കൊണ്ടുവന്നാക്കാനുള്ള സമയം പോലും ഇല്ലാത്ത മക്കളുടെ ഹതഭാഗ്യനായ ഒരച്ഛൻ. 

കുറെ അനുഭവങ്ങൾ നൽകിയ കഥകളുടെ ഉത്ഭവത്തെ പറ്റി, മലയാളത്തിന്റെ കഥാകാരൻ ടി. പദ്മനാഭൻ വാചാലമാകുന്ന പുസ്തകമാണ് ‘യാത്രാ മധ്യേ’.
‘മഖൻ സിങ്ങിൻറെ മരണം’ എന്ന മനോഹരമായ കഥ വായിക്കാത്തവർ ഉണ്ടാകുമോ!

‘സർദാർജി സർദാർജി…’ രാംലാലിന്റെ സർദാർജി ആ വിളി കേൾക്കുകയുണ്ടായില്ല. അയാൾ പഞ്ചാബിലെ വിളഞ്ഞുനിൽക്കുന്ന ഗോതമ്പ് പാടങ്ങൾ സ്വപ്‌നം കാണുകയായിരുന്നു.

‘മഖൻ സിങ്ങിന്റെ മരണം’ എന്ന കഥ അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 

വിദ്യാർഥിയായിരിക്കുമ്പോൾ 1953ൽ കഥാകൃത്ത് നടത്തിയ ഒരു കശ്മീർ യാത്ര. ബസ്സിലൂടെ കശ്മീരിലെ വിവിധ ഇടങ്ങളിലേക്ക് പോകുമ്പോൾ കണ്ടുമുട്ടിയ ഒരു മനുഷ്യനാണ് മഖൻ സിംഗ്. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള ബസിന്റെ ഡ്രൈവറാണ്; ഒരു പഞ്ചാബി സർദാർജി. ദിവസങ്ങൾ നീണ്ടയാത്രയോ മറ്റോ ആകാം മഖൻസിംഗ് ആകെ അവശനാണ്. സ്റ്റീയറിംഗ് വീലിൽ തലചായ്ച്ച് അയാൾ അങ്ങനെ കിടക്കുന്നു. 

യാത്രക്കിടയിൽ സർദാർജിയുടെ ദയയിൽ വണ്ടിയിൽ കയറിപറ്റിയ ഒരു വൃദ്ധയും മകളെയും ചോദ്യംചെയ്യുകയും ശകാരിക്കുകയുമാണ് ഇടക്കെപ്പോഴോ അപ്രതീക്ഷിതമായി ബസിൽ കയറിയ ടിക്കെറ്റ് എക്‌സാമിനർ. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാൻ ആ പാവങ്ങളെ അനുവദിച്ചത് മഖൻസിങ്ങിന്റെ ദയയായിരുന്നു. അതിന് വേണ്ടുവോളം വഴക്കും അയാൾ കേൾക്കുന്നുണ്ട്. പട്ടാളത്തിൽ അസുഖമായി കിടക്കുന്ന മകനെ കാണാനായാണ് കയ്യിൽ നയാപൈസയില്ലാത്ത ആ അമ്മയും അവരുടെ മകന്റെ ഭാര്യയായ യുവതിയും വഴിയരികിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നിരുന്നത്. അവരുടെ കഥകേട്ട മഖൻ സിംഗ് അവരെ തന്റെ ബസിൽ യാത്ര ചെയ്യാൻ അനുവദിച്ചു, അതിനുള്ള പഴിയാണ് അയാൾ മേലുദ്യോഗസ്ഥനിൽ നിന്നും കേട്ടുക്കൊണ്ടിരിക്കുന്നത്. 

എല്ലാവരോടും ദയകാണിക്കുവാൻ അയാൾക്കൊരു കാരണമുണ്ട്. ചെറുപ്പക്കാരനായിരുന്ന അയാളുടെ മുന്നിലിട്ടാണ് വിഭജനക്കാലത്ത് അക്രമികൾ തന്റെ പിതാവിനെ തുണ്ടംതുണ്ടമായി വെട്ടിനുറുക്കിയത്, ഭാര്യയെ പിടിച്ചുക്കൊണ്ടുപോയത്, അയാളുടെ പൊന്നുവിളഞ്ഞിരുന്ന ഗോതമ്പ് പാടത്തിന് തീയിട്ടത്….അത്രയൊക്കെ മതിയല്ലോ ഒരാൾക്ക് മറ്റൊരാളുടെ വേദനയും വേപഥുവും മനസിലാക്കുവാൻ. എങ്കിലും ഉദ്യോഗസ്ഥന്റെ കടുംപിടുത്തത്തിൽ വിജനമായ ആ ഇടത്ത് വച്ച് ആ അമ്മയ്ക്കും യുവതിക്കും ബസ്സിൽ നിന്നും ഇറങ്ങേണ്ടി വന്നു. ആ വേദന അയാൾക്ക് സഹിക്കാനാവുന്നതിനും അപ്പുറത്തായിരുന്നു. അതാകാം, മലനിരകൾക്കും അഗാധഗർത്തങ്ങൾക്കും മധ്യേയുള്ള അപകടം പിടിച്ച വഴിയിലൂടെ വാഹനം ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഉടൻ തന്നെ ആ വൃദ്ധനായ സർദാർജി കുഴഞ്ഞുവീണു മരിക്കുന്നത്. അപ്പോഴും തുറന്നിരുന്ന അയാളുടെ കണ്ണുകൾ താൻ വിട്ടുപോന്ന നാട്ടിലെ ഗോതമ്പുപാടങ്ങളെ തേടിക്കൊണ്ടിരുന്നിരിക്കണം എന്നെഴുതി ടി. പദ്മനാഭൻ കഥയവസാനിപ്പിക്കുന്നു.
ഇനി പറയു, കഥതീരുമ്പോൾ സത്യമായും ഒരു വാനമ്പാടി പറക്കുന്നില്ലേ?

സന്തോഷ് ചുങ്കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

അജ്ഞാതനാം സഹയാത്രികൻ

എഴുപതുകളുടെ അവസാനത്തിലും,  എൺപതുകളുടെ ആദ്യപാദത്തിലുമായി കേരള സർക്കാർ ആലോചിച്ച് പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപെട്ട അനേകം ജല വൈദ്യുത പ്രോജക്റ്റുകളിലൊന്നിൽ, ഒരു താൽക്കാലിക വാച്ച്‌മേൻ...

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.