Home Inspiration & Motivation Life പറ്റിപ്പോയി…!

പറ്റിപ്പോയി…!

0
പറ്റിപ്പോയി…!

അബദ്ധങ്ങൾ ജീവിതത്തിൽ സാധാരണമാണ്. എന്നാൽ പറ്റിപ്പോയ അബദ്ധങ്ങളെ
പ്രതി തുടർന്നുള്ള കാലം നാം എങ്ങനെ ജീവിക്കണം? 
അല്ലെങ്കിൽ അബദ്ധങ്ങളോടുള്ള പ്രതികരണം എന്തായിരിക്കണം?

ഇംഗ്ലീഷിൽ Embrrassing Faux pas എന്നൊരു വാക്കുണ്ട്. അറിയാതെ സംഭവിച്ചുപോയ ഒരു പ്രവൃത്തിയെച്ചൊല്ലിയുള്ള നാണക്കേട് എന്നോ നാണക്കേടുണ്ടാക്കുന്ന സാമൂഹികഅബദ്ധം എന്നോ ഒക്കെ അതിന് അർത്ഥം പറയാം. ഒരാളെ പേരുമാറി വിളിക്കുന്നതുമുതൽ രഹസ്യമായ കാര്യം മറ്റുള്ളവരുടെ മുമ്പാകെ അബദ്ധത്തിൽ വെളിപ്പെടുത്തുന്നതുവരെയുളള കാര്യങ്ങൾ ഇതിന്റെ പരിധിയിൽ പെടുന്നുണ്ട്. സംഭവിച്ചുപോയ ഈ അബദ്ധത്തിന്റെ പേരിൽ ഏറെ മന:ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവരുമുണ്ട്. അയ്യോ എന്നാലും ഞാൻ അങ്ങനെ പറഞ്ഞുപോയല്ലോ/ ചെയ്തുപോയല്ലോ.. മീറ്റിംങിനിടയിൽ അബദ്ധം പറഞ്ഞുപോയല്ലോ എന്നൊക്കെയായിരിക്കും ഇവരുടെ വിഷമം. ഈ വിഷമത്തിൽനിന്നും പുറത്തുകടക്കാൻ ചില മാർഗങ്ങൾ പറയാം.

സംഭവിച്ചുപോയതിനെ ആദ്യംതന്നെ അംഗീകരിക്കുക. ശരിയാണ് പറഞ്ഞതു മോശമായിപ്പോയി. പ്രവർത്തിച്ചതു ശരിയായുമില്ല. പക്ഷേ സംഭവിച്ചുപോയില്ലേ. ഇനി  അതിനെ അംഗീകരിക്കുക. സംഭവിച്ചുപോയതിനെ ന്യായീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനെക്കാൾ നല്ലത് അംഗീകരിക്കുകയും സ്വീകരിക്കുകയുമാണ്. ആത്മവിശ്വാസത്തിന്റെ ഭാഗം കൂടിയാണ് അത്.

നമ്മുടെ വാക്കോ പ്രവൃത്തിയോ മറ്റെയാളെ വേദനിപ്പിച്ചുവെന്ന് മനസ്സിലായാൽ സോറി പറയുക. സോറിക്ക് അധികം അലങ്കാരങ്ങളോ വിശദീകരണങ്ങളോ വേണ്ടതില്ല. പലപ്പോഴും ദീർഘമായ സോറിപറച്ചിലുകളും വിശദീകരണങ്ങളും കാര്യം കുഴപ്പത്തിലാക്കുകയും വഷളാക്കുകയുമേയുള്ളൂ. ആവശ്യമുള്ളത് ആവശ്യമുള്ളിടത്ത് പറയുക. ആവശ്യമുള്ളതുപോലെയും. ഇനി സ്വയം പരിഹസിക്കാൻ മാത്രം നർമ്മബോധവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ചെറിയൊരു തമാശ പറഞ്ഞ് വിഷയം ലഘൂകരിക്കുന്നതും നല്ലതാണ്. ഇനി ഇതിലൊക്കെ പ്രധാനപ്പെട്ട കാര്യം. നിങ്ങൾക്ക് ഒരു അബദ്ധം പറ്റി. പക്ഷേ അത് നിങ്ങൾ മാത്രമേ ദീർഘകാലം ഓർത്തിരിക്കാറുള്ളൂ. മററുള്ളവർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ സംഭവം വിസ്മരിച്ചുപോയിട്ടുണ്ടാവും. നമ്മൾ നമ്മെക്കുറിച്ച് ചിന്തിക്കുന്നതുപോലെയോ ചിന്തിക്കുന്നത്രയോ മറ്റുള്ളവർ നമ്മെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. സ്വയം കുറ്റപ്പെടുത്തി ആത്മനിന്ദയിൽ നീറേണ്ട കാര്യമൊന്നുമില്ല. നിങ്ങൾക്ക് പറ്റിപ്പോയി. പക്ഷേ അതുകൊണ്ടുമാത്രം നിങ്ങൾ മോശപ്പെട്ട വ്യക്തിയാകുന്നില്ല. എല്ലാവർക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ തെറ്റുകൾ സംഭവിക്കുന്നു. അത്രയും വിചാരിച്ചാൽ മതി. നമ്മുടെ ഏതെങ്കിലും അബദ്ധത്തെക്കാൾ വലുപ്പമുള്ളവരാണ് നമ്മൾ. അങ്ങനെയൊരു വിശ്വാസവും ധാരണയും കിട്ടിക്കഴിഞ്ഞാൽ ഏത് അബദ്ധവും നിസ്സാരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here