പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട് എന്നിങ്ങനെയുളള വിചാരങ്ങൾ അമിതമായി ഒരാളെ ഭാരപ്പെടുത്തുന്ന പ്രശ്നമാണ് ഇത്. സാധാരണയായി എല്ലാ മനുഷ്യരും ഇത്തരം ചിന്തകളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ അതിൽ ചിലർ കൂടുതലായി ഇതേവിഷയത്തെക്കുറിച്ച് അസ്വസ്ഥരാകുന്നുണ്ട്. ഇത് ആത്മവിശ്വാസം കുറയ്ക്കുകയും സാമൂഹികസാഹചര്യങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗം?
ഇത്തരക്കാരുടെ ഏറ്റവുംവലിയ തെറ്റിദ്ധാരണ മറ്റുള്ളവരെല്ലാം തന്നെ ശ്രദ്ധിക്കുന്നു, തന്നെക്കുറിച്ച് ദോഷം പറയുന്നു, പരിഹസിക്കുന്നു എന്നെല്ലാമാണ്.
മറ്റുള്ളവർ തന്നെക്കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നുവെന്നത് അബദ്ധധാരണയാണ്. എല്ലാവരും തന്നെ സ്വന്തം പ്രശ്നങ്ങളിലും ചിന്തകളിലുമാണ് മുഴുകിയിരിക്കുന്നത്. നിങ്ങളെക്കുറിച്ചല്ല, നിങ്ങളുടെ ശരിയും തെറ്റും നോക്കിയിരിക്കലല്ല മറ്റുള്ളവരുടെ ജോലി.
എല്ലാവരും എന്നെ പരിഹസിക്കുന്നു എന്ന തോന്നൽ സ്ഥിരമായി വേട്ടയാടുകയാണെങ്കിൽ ആ അവസ്ഥയെ നേരിടാൻ പുതിയ മാർഗം അന്വേഷിക്കുക. അതായത് എല്ലാവരും എന്നെപരിഹസിക്കുന്നു എന്നതിന് എന്താണ് തെളിവ്, ഞാൻ വെറുതെ ചിന്തിച്ചുകൂട്ടുന്നതായിരിക്കില്ലേ അത് എന്ന വിധത്തിൽ കാര്യങ്ങളെ, തോന്നലുകളെ ചോദ്യം ചെയ്യുക. നമ്മുടെ ഭയങ്ങൾ അസ്ഥാനത്തുള്ളവയും യാഥാർത്ഥ്യബോധമില്ലാത്തവയുമായിരിക്കും.
കഴിഞ്ഞുപോയ സംഭവങ്ങളെ പ്രതി വീണ്ടും വീണ്ടും ചിന്തിച്ചുകൂട്ടാതിരിക്കുക. അന്ന് പെരുമാറിയ രീതിയെക്കുറിച്ചോ സംസാരത്തെക്കുറിച്ചോ പ്രവൃത്തികളെക്കുറിച്ചോ ആവർത്തിച്ചു ചിന്തിക്കുന്നത് ഒഴിവാക്കുക. അങ്ങനെ പറയേണ്ടിയിരുന്നില്ല, അവർ എന്തു വിചാരിച്ചിട്ടുണ്ടാവും ഇങ്ങനെയുള്ള ചിന്തകൾ ഒഴിവാക്കുക. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും സംഭവിച്ചതു സംഭവിച്ചു. അതിനെ അതിന്റെ വിധിക്ക് വിട്ടേക്കുക.
ആരും പൂർണ്ണരല്ലെന്ന് മനസ്സിലാക്കുകയാണ് മറ്റൊരു പോംവഴി. തെറ്റുകളും കുറ്റങ്ങളും എല്ലാവർക്കുമുണ്ടാകാം. പക്ഷേ തെറ്റിനെ പരാജയമായി കാണാതിരുന്നാൽമതി. തിരുത്താൻ തയ്യാറാണെങ്കിൽ തെറ്റുകൾ കുറവല്ല. എല്ലാ മനുഷ്യരും അപൂർണ്ണരും കുറ്റങ്ങളും കുറവുകളുമുള്ളവരാണ്.
ഏതെങ്കിലും ഒരു മേഖലയിൽ അറിവും കഴിവും പ്രാവീണ്യവും വർദ്ധിക്കുമ്പോൾ സ്വാഭാവികമായി ആത്മവിശ്വാസം കൂടും. അതുകൊണ്ട് കഴിവുകൾ വികസിപ്പിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക. നല്ല തയ്യാറെടുപ്പും പരിശീലനവും അവനവരെക്കുറിച്ചുതന്നെയുള്ള അമിതചിന്തയുടെ ഭാരം കുറയ്ക്കും
ഒരു ദിവസം അവസാനിക്കുന്നതിന് മുമ്പ് അന്നേ ദിവസം ചെയ്ത നല്ല ഏതെങ്കിലും മൂന്നുകാര്യങ്ങളെക്കുറിച്ച് കുറിപ്പെഴുതുക.
ഇന്ന് ഞാൻ ചെയ്ത ഒരു നല്ല കാര്യം അല്ലെങ്കിൽ ഇന്ന് എനിക്ക് എന്നോടുതന്നെ മതിപ്പു തോന്നിയ സംഭവം, ഞാൻ യഥാർത്ഥത്തിൽ എന്തായിരുന്നു ഭയപ്പെട്ടത് പക്ഷേ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നിങ്ങനെ ആ ദിവസത്തെ വിശകലനം ചെയ്ത് എഴുതുക.
സ്ഥിരമായി ഇങ്ങനെ ചെയ്തുകഴിയുമ്പോൾ പല ഭയങ്ങളും വിചാരങ്ങളും അസ്ഥാനത്തായിരുന്നുവെന്ന് മനസ്സിലാവുകയും അവനവരെക്കുറിച്ചുള്ള അനാവശ്യമായ ചിന്തകളുടെ ഭാരങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യും.
