വില

Share post:

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ ചെയ്യുമ്പോൾ വില്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെ വരുന്നു. ആ സമയത്ത് കിട്ടുന്നത് എത്രയോ തുച്ഛമായ വിലയാണ്. ആക്രിക്കച്ചവടക്കാരന് എടുത്തുകൊടുക്കുന്ന പലതിന്റെയും കാര്യം അങ്ങനെയാണ്. പത്രമാസികകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഒഴിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ.. എല്ലാം ഉപയോഗിച്ചുകഴിയുമ്പോൾ വിലയില്ലാതാകുന്നു. 

ഒരു ദിനപ്പത്രത്തിന് വാർത്തകൾ മുഴുവൻ അറിയുന്നതോടെ വില കുറയുന്നു. മാസം തോറും പത്രമോഫീസിലേക്കു കൊടുക്കുന്നതിന്റെ എത്രയോ തുച്ഛമായ തുകയാണ് മാസാവസാനം പത്രം വില്ക്കുമ്പോൾ കിട്ടുന്നത്! വ്യക്തിപരമായ താലപര്യങ്ങൾക്കനുസരിച്ച്  കട്ട് ചെയ്ത് സൂക്ഷിക്കുന്നവ മാത്രമാണ് അപവാദമാകുന്നത്. കുപ്പിപ്പാനീയങ്ങളുടെ കാര്യവും അങ്ങനെ തന്നെ. കുടിച്ചുകഴിയുന്നതോടെ കുപ്പി അനാവശ്യമായിത്തീരുന്നു. കുപ്പിക്കുള്ളിലുള്ളതിനാണ് വില. ഉപയോഗിക്കപ്പെടുന്നതിനാണ് വില. 

മനുഷ്യന്റെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അവന്റെ ബുദ്ധിക്കും കഴിവുകൾക്കുമാണ് വിലയുള്ളത്. ബാഹ്യമായ വച്ചുകെട്ടലുകളെക്കാൾ ആന്തരികതയ്ക്കാണ് മൂല്യമുള്ളത്.  പക്ഷേ ആന്തരികതയ്ക്ക് വേണ്ടത്ര വില കൊടുക്കാതെയും ബാഹ്യമായ വച്ചുകെട്ടലുകൾക്ക് അമിതമായ വില കല്പിക്കുകയും ചെയ്യുന്ന കാലമാണ് ഇപ്പോഴുള്ളത്.  ഒരാൾ ധരിക്കുന്ന വേഷം മാത്രമല്ല അയാൾ കയ്യിൽ വഹിക്കുന്ന ബാഗും ടെക്സ്റ്റയിൽസ് ഷോപ്പിന്റെ കവർപോലും അയാളുടെ വില നിശ്ചയിക്കുന്നതിന് മാനദണ്ഡമായി മാറാറുണ്ട്.  ബ്രാൻഡഡ് ഷർട്ട് ധരിക്കുന്ന ആൾക്ക് കൂടുതൽ വില. വില കൂടിയ കാറിൽ വന്നിറങ്ങുന്ന ആൾക്ക് കൂടുതൽ വില. പേരുകേട്ട ഒരു ടെക്സ്റ്റയിൽസ് ഷോപ്പിന്റെ കവർ പിടിക്കുന്ന ആൾക്കു പോലും നാം കൂടുതൽ വില കല്പിക്കുന്നു. ബാഹ്യമായ ചില ഘടകങ്ങൾ മാത്രമാണ് വില നിശ്ചയിക്കുന്നതിലെ ഉരകല്ല്. ഇനി വില കല്പിക്കുന്നതിലെ മറ്റൊരു വശം പറയാം. മനുഷ്യർക്ക് വിലയുള്ള ഒരു കാലം തീർച്ചയായുമുണ്ട്. യൗവനം, അയാളുടെ പ്രതാപം, പ്രശസ്തി,  ഔദ്യോഗികകാലം ഇതൊക്കെ മനുഷ്യനെ കൂടുതൽ വിലയുള്ളവനാക്കുന്നുണ്ട്. എന്നാൽ യൗവനം ചോർന്നുപോകുമ്പോൾ, റിട്ടയർമെന്റ് ആകുമ്പോൾ മനുഷ്യന് വിലയിടിവുണ്ടാകുന്നു.  കാരണം അവരെ സംബന്ധിച്ച ഉല്പാദനക്ഷമതയ്ക്ക് കുറവു നേരിടുന്നു. നിന്നെക്കൊണ്ട് എനിക്കെന്തു പ്രയോജനം ഉണ്ടാകും എന്നനുസരിച്ച് നിനക്ക് ഞാൻ വിലയിടുന്ന കാലമാണ് ഇത്. 

വൃദ്ധർ അവഗണിക്കപ്പെടുന്നതും റിട്ടയർമെന്റു കഴിയുന്നതോടെ ആദരവ് നഷ്ടപ്പെടുന്നതുമെല്ലാം വിലയില്ലായ്മയുടെ ഭാഗമാണ്. യൂണിഫോമിൽ നില്ക്കുന്ന ഒരു പോലീസുകാരന് കൊടുക്കുന്ന ബഹുമാനത്തിനും ആദരവിനും റിട്ടയർമെന്റിലെത്തുന്നതോടെ ഇടിവു സംഭവിക്കുന്നുണ്ട്. പ്രായം കഴിഞ്ഞ ഒരാൾക്ക് ഇവിടെ ജോലിയില്ല. അയാൾ കഴിവുള്ളവനോ ജോലി ചെയ്യാൻ ആരോഗ്യമുള്ളവനോ ആണെങ്കിൽപോലും.  എന്നാൽ എല്ലാ മനുഷ്യർക്കും വിലയുണ്ട്, ഏതവസ്ഥയിലും.  അതാണ് സത്യം. ഈ സത്യം അവനവർ തന്നെ തിരിച്ചറിയാറില്ല. സ്വയം വില കല്പിക്കുന്ന ഒരാൾക്കു മാത്രമേ മറ്റുള്ളവരും വില കല്പിക്കുകയുള്ളൂ. മദ്യപിച്ച് അലങ്കോലപ്പെട്ട് ജീവിക്കുന്ന ഒരാളെ സമൂഹം എത്രത്തോളം വിലമതിക്കും? വിലയുണ്ടാക്കുന്നത് ചിലപ്പോഴൊക്കെ നമ്മൾതന്നെയാണ്. മറ്റു ചിലപ്പോൾ വില കളയുന്നതും. മറ്റുള്ളവർക്കൂകൂടി പ്രയോജനപ്പെടുമ്പോഴാണ് ഒരുവന്റെ ജീവിതത്തിന് വിലയുണ്ടാകുന്നത്.

Related articles

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്-  അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ...