മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും അതുതന്നെയാണ്. കരിയർ, കുടുംബം, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്. ഈ തിരക്കിനിടയിൽ പലപ്പോഴും അവഗണിക്കപ്പെടുന്നത് ആരോഗ്യമാണ്. ചെറുപ്പമല്ലേ യൗവനമല്ലേ ഇങ്ങനെയങ്ങ് ഓടിക്കോളും എന്നാണ് ചിന്ത.
ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഇഷ്ടമുള്ളതുപോലെയെല്ലാം ജീവിച്ചും മുന്നോട്ടുപോകുന്നതിനിടയിൽ ശരീരം ചില അപായസൂചനകൾ നല്കുന്നതുപോലും ശ്രദ്ധിക്കുകയോ ഗൗരവമായി കാണുകയോ ചെയ്യാറില്ല. ഇത് അപ്പോൾ ദോഷമുണ്ടാക്കുന്നില്ല എങ്കിലും ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയേക്കാം. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയുളള ശ്രദ്ധ മുപ്പതുവയസിൽ തന്നെ ആരംഭിക്കേണ്ടതുണ്ട് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഇതിന് എന്താണ് മുപ്പതിലെത്തിയ ചെറുപ്പക്കാർ ചെയ്യേണ്ടത്?
- പ്രമേഹവും അമിതവണ്ണവും കൊളസ്ട്രോളും ശരീരത്തിൽ കയറിക്കൂടിയതിന് ശേഷമാണ് പലരും ജിമ്മിലേക്കോടുന്നത്. ആ ഓട്ടം അത്രയും വേഗത്തിൽ ജിമ്മിലേക്ക് ആക്കുന്നതിന് പകരം മുപ്പതുവയസു തുടങ്ങുമ്പോൾ തന്നെ ചെറിയ തോതിൽ ശാരീരികവ്യായാമം ചെയ്യുക എല്ലാ ദിവസവും മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കാതെ ആഴ്ചയിൽ കുറഞ്ഞത് പലദിവസങ്ങളിലായി 150 മിനിറ്റ് നേരം മിതമായ തോതിൽ വ്യായാമം ചെയ്യുക. വേഗത്തിലുളള നടത്തവും സൈക്ലിംങും നീന്തലും ഗുണകരമാണ്. ആഴ്ചയിൽ രണ്ടുമുന്നു ദിവസം മാത്രം പേശീശക്തി വർദ്ധിപ്പിക്കുന്ന വ്യായാമം ചെയ്താൽ മതിയാവും. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നവയാണ് ഇത്തരം കാര്യങ്ങൾ.
- ഉറക്കം ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്. ഉറക്കമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് പറയാം. ദിവസവും ഏഴുമുതൽ ഒമ്പതുമണിക്കൂർവരെ ഉറക്കം നല്ലതാണ്. അതുപോലെ തോന്നുന്ന സമയത്ത് കിടന്നുറങ്ങാതെ കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. കിടക്കുന്ന സമയത്ത് സ്ക്രീൻ സമയം അധികമായാൽ അത് ഉറക്കത്തെ ബാധിക്കും. ദീർഘകാല ഉറക്കക്കുറവ് നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കും.
- ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗത്തിൽ നിയന്ത്രണം വരുത്തുക. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കുക. പ്രോട്ടീൻ സമൃദ്ധമായിരിക്കണം ഭക്ഷണം. ഇന്ന് പല ചെറുപ്പക്കാരും സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ടാണ് ജീവിക്കുന്നത്. പലതരം സ്ട്രസുകൾ അവരുടെ ജീവിതത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. സ്ട്രസ് വലിയൊരു വില്ലനാണ്. അതുകൊണ്ട് സമ്മർദ്ദം കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.. ധ്യാനം, പ്രാർത്ഥന എന്നിവ ശീലമാക്കുക. പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുക, ഇ്ഷ്ടപ്പെട്ട ഹോബികൾ കണ്ടെത്തുക. ജോലിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവനല്ല വിശ്രമിക്കാൻ കൂടി വിധിക്കപ്പെട്ടിരിക്കുന്നവനാണ് മനുഷ്യൻ. അതുകൊണ്ട് ചത്തുമീൻ പിടിക്കാതെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്രശ്രദ്ധ നല്കിക്കൊണ്ട് വിശ്രമിക്കുക.
- ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും സ്ഥാപിക്കുകയുമാണ് അടുത്തപടി. കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. സുഹൃത്തുക്കളുമായി ബന്ധപ്പെടുക. സാമൂഹികമായ ഒറ്റപ്പെടൽ അവസാനിപ്പിക്കുക. നല്ല ബന്ധങ്ങൾ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഒന്നുപോലെ ഗുണകരമാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയാണ് മറ്റൊരു പ്രധാനകാര്യം. ഹൃദ്രോഗം, കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിവയുടെയെല്ലാം സാധ്യത കുറയ്ക്കാൻ ഇതുവഴിയായി സാധിക്കും.
- ആരോഗ്യപരിശോധനകൾ കൃത്യമായി നടത്താൻ ശ്രമിക്കുകയാണ് അവസാനത്തെ നിർ്ദ്ദേശം. ഷുഗർ-കൊളസ്ട്രോൾ പരിശോധനകൾ കൃത്യമായും നടത്തിയിരിക്കണം. അതുപോലെ പ്രായത്തിനും കുടുംബചരിത്രത്തിനും അനുയോജ്യമായ സ്ക്രീനിങ് പരിശോധനകളും.
- ഇതൊക്കെ മുപ്പതുവയസ് മുതൽ കൃത്യമായി ശീലിക്കുകയാണെങ്കിൽ തുടർന്നുള്ള കാലം ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കാൻ സാധിക്കും. ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ അതോ രോഗിയായി കഴിയണോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. ദീർഘായുസ് എന്നത് നൂറുവയസുവരെ ജീവിച്ചിരിക്കുന്നത് മാത്രമല്ല ആരോഗ്യത്തോടെയും ഊർജ്ജത്തോടെയും പരസഹായമില്ലാതെയും ജീവിച്ചിരിക്കുന്നതുകൂടിയാണ് എന്ന കാര്യം മറക്കാതിരിക്കാം.
