തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

Share post:

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം ചെയ്യുന്നത്? സ്ത്രീകളെ ക്കുറിച്ച് പുരുഷന് വലുതായൊന്നും അറിയില്ലയെന്ന എലൈൻ ഷോവാൽട്ടരിന്റെ വാദത്തെ ബഹുമാനിച്ചുക്കൊണ്ട് തന്നെ പറയട്ടെ, നമുക്കത് അറിയില്ല. എന്നാൽ പുരുഷനോ?

പരാജയങ്ങളെ നേരിടുന്ന പുരുഷൻ ആ നിമിഷത്തിൽ മാത്രമല്ല ജീവിതത്തിലാകെ തന്നെ  ഒറ്റപ്പെടുന്നുണ്ടെന്നു തോന്നുന്നു.  പരാജയപ്പെട്ട പുരുഷനേക്കാൾ മോശപ്പെട്ട സ്ഥിതിയാണ് പരാജയപെട്ട അപ്പൻ/അച്ഛന്.  അച്ഛന് ലോകം ചാർത്തിക്കൊടുതിട്ടുള്ള ചില പട്ടങ്ങളുണ്ട്. പോരാളിയുടെ, സംരക്ഷകന്റെ, പ്രശ്‌നപരിഹാരകന്റെ, ദാതാവിന്റെ, നായകന്റെ അങ്ങനെ അങ്ങനെ എത്രയോ. അയാൾക്ക് പരിഹരിക്കാനാവാത്ത വിഷയങ്ങളോ പ്രശ്‌നങ്ങളോ വീട്ടിൽ ഇല്ല. അല്ലെങ്കിൽ ഉണ്ടാകാൻ പാടില്ല.  അയാൾ പോരാളിയാണ്… പോരുകാളയാണ്…

കുഞ്ഞുങ്ങൾ പട്ടിണി കിടക്കേണ്ടി വരുമ്പോൾ, പങ്കാളിയുടെ മാനത്തിന് കാവൽ നിൽക്കേണ്ടി വരുമ്പോൾ, പുര ചോർന്നൊലിക്കുമ്പോൾ, എല്ലാമെല്ലാം അയാൾ കുറ്റാരോപിതനാണ്. അയാൾക്ക് തോൽക്കാൻ അനുവാദമില്ല. 

അത് ആൺവർഗ്ഗത്തിന്റെ മാത്രം  പ്രശ്‌നമാണെന്ന് തോന്നുന്നു.  നെഞ്ച് വിരിവും അതിനെക്കുറിച്ചുള്ള പൊങ്ങച്ചങ്ങളും എല്ലാം നമ്മൾ എത്ര കണ്ടിട്ടുള്ളതാണ്. എതിരാളി തന്നെക്കാൾ ശക്തനാണെങ്കിലും ഒരു ‘ഫൈറ്റ്’ നൽകാതെ അയാൾക്ക് പിൻവാങ്ങാൻ ആകില്ല. പോരിൽ തോറ്റാൽ വീര പരിവേഷമോന്നും കിട്ടില്ല എങ്കിലും അയാൾ പൊരുതണം, വെല്ലുവിളിക്കണം. ചാവും വരെ അല്ലെങ്കിൽ തീർത്തും കീഴടക്കപ്പെടുന്നത് വരെ പോരാടണം. കീഴടക്കപെടുകയോ, പരാജയപ്പെടുകയോ ചെയ്യപെട്ടാൽ, പിന്നെ നഷ്ടങ്ങളുടെ മാത്രം കണക്കാണ് ബാക്കിയാവുക. വീട്, കുലം, നാട്, ഇണ അങ്ങനെ എല്ലാം അയാൾക്ക് നഷ്ടപ്പെടും. 

‘കൊന്നിട്ട് പോടാ’ എന്ന് പ്രതിനായകന്മാർ അലറുന്നത് വെറുതെയല്ല. പരാജയത്തേക്കാൾ മരണം അയാൾ ആഗ്രഹിക്കുന്നതും അതുകൊണ്ടാകും. തോറ്റതിന് ശേഷം ആരെയും അയാൾക്ക് നേരിടെണ്ടതില്ല എന്നതാണ് മരണം നൽകുന്ന ഗുണം. 

അന്റോണിയോ റിച്ചി എന്ന അച്ഛന്റെ പരാജയത്തെ ഹൃദയ നൊമ്പരമായി വിറ്റോറിയോ ഡി സീക്കാ വരച്ചിടുന്നത് ‘ബൈസിക്കിൾ തീവ്‌സിലാണ്’ ഒരു മോഷണശ്രമത്തിൽ പരാജയപ്പെട്ട് പിടിക്കപെട്ടതിനു ശേഷം, തന്റെ കുഞ്ഞിന്റെ നേരെ നോക്കാൻ ബലപ്പെടാതെ താഴ്ന്ന ശിരസ്സുമായി നടന്നു നീങ്ങുന്ന റിച്ചി. 
ആൺ വർഗ്ഗത്തിന്റെ തലവരയാണത്; പരാജയപ്പെടാനാവില്ല.

1940കളിലെ ‘അമേരിക്കൻ സ്വപന’ത്തിൽ  (Amer-ican Dream) സർവ്വരാലും ഇഷ്ടപ്പെടുകയും ആകർ ഷിക്കപ്പെടുകയും ചെയ്യുന്നതാണ് വിജയത്തിന്റെ മാനദണ്ഡം എന്ന് കരുതി ജീവിതച്ചന്തയിൽ സ്വയം തോറ്റുപോകുന്ന വില്ലി ലോമാൻ എന്ന അറുപത്തഞ്ചുകാരന്റെ കഥ പറയുന്ന ആർതർ മില്ലറിന്റെ വിശ്വവിഖ്യാതമായ നാടകമാണ് “The Death of a Salesman’.  വിജയങ്ങളുടെ പുറകെ പായാൻ വിധിക്കപ്പെട്ട ജന്മമാണ് വില്ലിയുടേത്. തന്റെ മക്കളിൽ ഏറെ പ്രിയപ്പെട്ട ബിഫ്  തനിക്ക് പുറകെ വരുമെന്നോർത്താണ്  അയാൾ വിജയങ്ങളെ വേട്ടയാടാൻ ഇറങ്ങുന്നതും ജീവിതത്തിലും കച്ചവടത്തിലും ഒരേപോലെ തോറ്റുപോകുന്നതും ജീവിതത്തിന് അയാൾ സ്വയം നിശ്ചയിച്ച ഒരു ഫുൾ സ്റ്റോപ്പ് ഇടുന്നതും മകന് തന്റെ മരണം കൊണ്ടുവരാൻ പോകുന്ന ഭാഗ്യത്തിൽ ആശ്രയിച്ചിട്ടാകണം. ജീവിതംകൊണ്ട് നേടാനാകാത്തത് മരണം നൽകുമെന്ന വൃഥാ സ്വപ്നം കണ്ട് പരാജിതനായി ജീവിതത്തിൽ നിന്നിറങ്ങിപ്പോകുന്ന അപ്പനാണ് വില്ലി. 

‘കിഴവനും കടലും’എന്ന വിഖ്യാത ക്ലാസിക് നോവലിലും ഹെമിംഗ്‌വേ വരച്ചിടുന്നതും ഇതേ പരാജയത്തിന്റെ ആവർത്തനമാണ്. 

‘മനുഷ്യൻ പരാജയപ്പെട്ടേക്കാം, തകർക്കാനാകില്ല’ എന്നാശ്വസിക്കുമ്പോഴും തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ, ഒരു കൊമ്പൻ മാർലിനെ വേട്ടയാടിപ്പിടിക്കുമ്പോഴും അവസാനത്തെ ചിരി കിഴവൻ സാന്തിയാഗോയുടെതല്ല. സ്രാവുകൾ അവശേഷിപ്പിച്ച മാർലിന്റെ മുള്ളുകൾ ബോട്ടിൽ തന്നെ അവശേഷിപ്പിച്ച്, ബോട്ടിന്റെ പായ്മരങ്ങൾ തോളിലേറ്റി കുന്നുകയറുന്ന സാന്തിയാഗോയിൽ ലോകം ക്രിസ്തുവിനെ കണ്ടു. 

ഇന്നോളം എഴുതപ്പെട്ടതെല്ലാം വിജയിയുടെ ചരിത്രങ്ങളാണ്. പരാജിതൻ എവിടെയും പരാമർശിക്കപ്പെടുകയില്ല. 
എത്രയെത്ര പാവങ്ങളാണ് ‘കമോണ്ട്ട്ര മഹേഷ്’ എന്ന പോർവിളിയിൽ ആവേശക്കുതിപ്പിൽ പെട്ട് തോറ്റുപോയത്!
പരാജയങ്ങളുടെ മനുഷ്യൻ…

പരാജയപ്പെട്ട്, ചരിത്രത്തിൽ നിന്നും തീർത്തും അപ്രസക്തരായ എല്ലാ ആണുങ്ങളോടും അപ്പന്മാരോടും ചേർന്ന് നിന്നുകൊണ്ടൊരു സലാം..


സന്തോഷ് ചുങ്കത്ത്

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...