അതിചിന്തകൾ കൊണ്ടെന്തു ഫലം?

Share post:

സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ’
– കുമാരനാശാൻ (ചിന്താവിഷ്ടയായ സീത)

ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും സൃഷ്ടിക്കുകയും ചെയ്യുന്നത്. ചിന്തിക്കുന്നത് നല്ലതാണ്. ചിന്തകളും നല്ലതാണ്. പക്ഷേ അമിതമായ ചിന്തകൾ എത്രത്തോളം നല്ലതാണ്? സീതയെക്കുറിച്ച് കുമാരനാശാൻ ഇവിടെ പറയുന്നത് സീത ചിന്തിക്കുകയായിരുന്നില്ല അതിചിന്ത വഹിക്കുകയായിരുന്നുവെന്നാണ്. അതായത് അമിതമായി ചിന്തിക്കുകയായിരുന്നു. അമിതമായ ചിന്തകൾ  പലപ്പോഴും നമുക്ക് നാശനഷ്ടങ്ങളും മാനസികവും ശാരീരികവുമായ രോഗങ്ങളുമാണ് വരുത്തിവയ്ക്കുന്നത്. നിശ്ശബ്ദമായി ജീവിതത്തെ കാർന്നുതിന്നുന്ന ഒരു കാൻസറാണ് അതിചിന്തകൾ.
ദുഷ്യന്തസ്മരണയിൽ മുഴുകിയിരിക്കുന്ന ശകുന്തളയ്ക്ക് പരിസരബോധം പോലും ഇല്ലാതാവുകയും  അത് അവളുടെ ജീവിതം തന്നെ തകർക്കുകയും ചെയ്യുന്നതായി നാം വായിക്കുന്നുണ്ട്. ക്ഷിപ്രകോപിയായ ദുർവാസാവ് ആശ്രമത്തിൽ എത്തിയതുപോലും അറിയാതെ ശകുന്തള സ്വയം മറന്നിരിക്കുകയായിരുന്നു. അതിയായ ചിന്തകളിലുമായിരുന്നു അവൾ. അത് തന്നെ അവഗണിക്കുകയാണെന്നാണ്  മാമുനി കരുതിയത്.  തന്മൂലം മുനി അവളെ ശപിക്കുന്നു.

 അതിചിന്തകൾ എല്ലായ്പ്പോഴും തന്നെ യാഥാർത്ഥ്യത്തെക്കാൾ ഭാവനകളും സങ്കല്പങ്ങളുമാണ്. തന്മൂലം നാം വലിയ ഭീതികൾക്ക് അടിപ്പെട്ടുപോകുന്നു. സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമല്ല സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുപോലും അതിയായി ചിന്തിച്ചു തല പുകയ്ക്കുന്നവരുണ്ട്. ഞാൻ പറഞ്ഞത് ശരിയായിരുന്നോ, ഞാൻ അങ്ങനെ പെരുമാറണമായിരുന്നോ എന്നിങ്ങനെ കഴിഞ്ഞുപോയതിനെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുക. ഒരുപക്ഷേ നമ്മൾ ചെയ്തത് ശരിയായിരിക്കണമെന്നില്ല. എന്നാൽ  അതുകഴിഞ്ഞുപോയി. ആ നിമിഷത്തെ ഇനി നമുക്ക് തിരിച്ചുപിടിക്കാൻ കഴിയില്ല. അതുകൊണ്ട് കഴിഞ്ഞുപോയതിനെക്കുറിച്ചോർത്ത് തലപുകയ്ക്കാതെ ഇനി അത്തരമൊന്ന് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. സംഭവിച്ചുപോയതിനെക്കുറിച്ച് അകാരണമായി ചിന്തിച്ചു തലപുകയ്ക്കുന്നതിലൂടെ നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവു നഷ്ടപ്പെടുകയും ചെയ്തേക്കാം. തീരെ നിസ്സാരമായ കാര്യങ്ങളും  ഗുരുതരമായതായി നമുക്ക് അനുഭവപ്പെടുന്നു.

ഭാവിയെയോർത്തുള്ള ചിന്തകളുമായി നീറിപുകയുന്ന മനസ്സോടെയാണ് ചിലരൊക്കെ ഉറങ്ങാൻ കിടക്കുന്നത്. ഇത്തരം ചിന്തകൾ കാരണം ഉറക്കം അകലെയാകുന്നു. ഉറക്കമില്ലായ്മയും അതിചിന്തകളും തമ്മിൽ അടുത്ത ബന്ധമുണ്ട്. തലവേദന, ഹൃദയമിടിപ്പ് വർദ്ധിക്കൽ, ആശങ്കകൾ, വിഷാദം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ദീർഘകാലം ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ആശങ്കകൾ ശരീരത്തെ ക്ഷീണിപ്പിക്കും.

 അതിരുകടന്ന ചിന്തകൾ സൃഷ്ടിക്കുന്ന മറ്റൊരു പ്രശ്നം ബന്ധങ്ങൾ തകർക്കുകയാണ്. മറ്റുള്ളവരുടെ വാക്കുകളെയും പ്രവൃത്തികളെയും തെറ്റായി വ്യാഖ്യാനിക്കാൻ കഴിവ് ഇത്തരക്കാർക്ക് കൂടുതലാണ്. ചെറിയ മൗനം അവഗണനയായും ചിരി പരിഹാസമായും ഇവർ വ്യാഖ്യാനിക്കും. മറുപടി വൈകുന്നതും സംസാരം കുറയുന്നതും തന്നോടുള്ള അകൽച്ചയായി അവർ തെറ്റിദ്ധരിക്കും. ഇതെല്ലാം ബന്ധവിച്ഛേദത്തിലേക്ക് വഴിതെളിക്കും.

  ചിന്തകൾ യാഥാർത്ഥ്യബോധമുള്ളതാവുക എന്നതാണ് അമിതചിന്തയിൽ നിന്ന് കരകയറാനുള്ള എളുപ്പവഴി.  നാം അതിരുകടന്ന് ചിന്തിച്ചാലും ഇല്ലെങ്കിലും ചിലതൊക്കെ സംഭവിക്കേണ്ടതുതന്നെയാണ്. മഴ പെയ്യുമെന്ന് കരുതി പുറത്തേക്കിറങ്ങാതെ വീട്ടിലിരിക്കുന്നതിന് പകരം  കുടയെടുത്തു പുറത്തേക്കിറങ്ങുക. മഴ പെയ്യട്ടെ എന്റെ കൈയിൽ കുടയുണ്ടല്ലോ എന്ന മട്ട് പുലർത്തുക. പലപ്പോഴും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളെക്കുറിച്ചായിരിക്കും നാം തലപുകയ്ക്കുന്നത്. പരീക്ഷയുടെ റിസൾട്ട് വരുന്നതിനു മുന്നേ തോല്ക്കുമെന്ന് കരുതുന്നതും ശ്രമിക്കുന്നതിന് മുമ്പേ പരാജയപ്പെടുമെന്ന് വിധിയെഴുതുന്നതും അമിതചിന്തയുടെ ഫലമാണ്. ചിന്തകൾ യാഥാർത്ഥ്യമാണോ അതോ എന്റെ ഭയത്തിന്റെ സൃഷ്ടിയാണോ എന്ന് കണ്ടെത്തുക. വെറുതെയിരുന്ന് ചിന്തിക്കാതെ പ്രവർത്തിക്കുക. മറ്റു കാര്യങ്ങളിൽവ്യാപൃതരാവുക. ഒറ്റയ്ക്കിരിക്കുമ്പോൾ ചിന്തകൾ കൂടുതലാകും.സർഗ്ഗാത്മകം എന്നതിനെക്കാൾ നിഷേധാത്മകമായിരിക്കും അത്തരം ചിന്തകൾ. അതുകൊണ്ട് അതിചിന്തകളെ പ്രവൃത്തികളിലേക്ക് വഴിതിരിച്ചുവിടുക. അതിരുകടന്ന ചിന്തകളിൽ നിന്ന് മോചനം നേടാൻ അവ എഴുതിവയ്ക്കുകയാണ് മറ്റൊരു മാർഗം. ആത്മീയതയും നല്ല സുഹൃത്തുക്കളോടുള്ള മനസ്സ് തുറക്കലുമാണ് വേറെ ചില പരിഹാരങ്ങൾ.

 അതിരുകടന്ന ചിന്തകൾ ഈ  നിമിഷത്തിൽ ജീവിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുകയും ഈ നിമിഷത്തിന്റെ സന്തോഷങ്ങൾ കെടുത്തിക്കളയുകയും ചെയ്യുന്നു.  ചിന്തകളെ അതിന്റെ പാട്ടിനുവിട്ടേക്കുക. എന്നിട്ട് കൂസലന്യേ കൈയും വീശി നെഞ്ചുവിരിച്ചു മുന്നോട്ടുനടക്കുക.

Related articles

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്-  അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ...