കുട്ടികളെ ഒറ്റയ്ക്ക് വളർത്തുമ്പോൾ…

Share post:

തന്നെ ഇന്നലെ വരെ താങ്ങിനടത്തിയിരുന്ന പുരുഷന്റെ പിന്തുണയും സ്‌നേഹവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായിപ്പോകുമ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന സ്ത്രീയാണ് വിധവ. അവളുടെ സഹനങ്ങൾ അനവധിയും അവളുടെ മുറിവുകൾ ആഴത്തിൽ ഉള്ളവയുമാണ്. സാമ്പത്തികം, വൈകാരികം, മനഃശാസ്ത്രപരം എന്നിങ്ങനെ വിവിധ തരത്തിൽ അപഗ്രഥിക്കേണ്ടവയാണ് അവൾ നേരിടുന്ന പ്രസ്‌നങ്ങൾ. ഒരേ സമയം അവൾക്ക് നഷ്ടപ്പെട്ടത് തന്റെ ഭർത്താവിനെയും തന്റെ മക്കളുടെ അച്ഛനെയുമാണ്. 

മക്കളുടെ ജീവിതത്തിന്റെ ചുക്കാൻ പിടിക്കേണ്ടതും അവരുടെ ജീവിതമാകുന്ന പായ്ക്കപ്പൽ തീരത്ത് എത്തിക്കേണ്ടതും അവൾ മാത്രമാകുന്നു. അവൾ ഒരേ സമയം അവർക്ക് അപ്പനും അമ്മയുമായി മാറേണ്ടിവരുന്നു. ഈ സാഹചര്യം അവളെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. പല വിധവകളും നേരിടുന്ന വലിയൊരു പ്രശ്‌നങ്ങളിലൊന്ന് ഭർത്താവിന്റെ മരണശേഷം മക്കളെ എങ്ങനെ വളർത്താം എന്നതാണ്. പല മക്കളും അച്ഛന്റെ അസാന്നിധ്യത്തിൽ താന്തോന്നികളായി മാറുന്ന സാഹചര്യം കണ്ടുവരാറുണ്ട്. അമ്മയെ അനുസരിക്കാൻ തങ്ങൾക്ക് മനസ്സില്ലെന്ന് വെല്ലുവിളിക്കുന്ന മക്കളുമുണ്ട്. ഇത് വിധവയായ ഒരു അമ്മയെ സംബന്ധിച്ച് വളരെ ഹൃദയഭേദകമാണ്. ഈ സാഹചര്യത്തിൽ ഒരു വിധവയ്ക്ക് എങ്ങനെയാണ് മക്കളെ വളർത്തിവലുതാക്കേണ്ടത് എന്ന കാര്യത്തിൽ ഏതാനും നിർദ്ദേശങ്ങൾ നല്കുന്നത് ഉചിതമാണെന്ന് കരുതുന്നു. ഭർത്താവ് മരിച്ചുപോയതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അയാളുടെ ഭാര്യയുടെ ചുമലിലാകും. അതിൽ അവളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നതു മക്കളുടെ ഭാവിയാണ്. അപ്പൻ മരിച്ചുപോകുന്നതോടെ ഒരു കുഞ്ഞ് പാതി അനാഥനാകുകയാണ് ചെയ്യുന്നത്.ആ പാതി അനാഥത്വം അങ്ങനെ നിലനില്‌ക്കെ തന്നെയാണ്  തന്നാലാവുന്നവിധത്തിലെല്ലാം കുഞ്ഞുങ്ങളുടെ സംരക്ഷണവും സുരക്ഷിതത്വവും ഒരു വിധവ ഏറ്റെടുക്കുന്നത്. മക്കളുടെ സ്‌കൂൾഫീസടയ്ക്കുന്നതിനെക്കുറിച്ചോ മകളെ വിവാഹപ്രായമെത്തുമ്പോൾ വിവാഹം കഴിപ്പിച്ചയ്ക്കുന്നതിനെക്കുറിച്ചോ എല്ലാം അവൾ ഒറ്റയ്ക്ക് ആശങ്കപ്പെടുകയും വേവലാതിപ്പെടുകയും ചെയ്യുന്നു. അപ്പനില്ലാതെ മക്കളെ എങ്ങനെ വളർത്തിവലുതാക്കും എന്നത് അവളുടെ നെഞ്ചിലെ വലിയ തീയാണ് സാമ്പത്തികസുരക്ഷിതത്വം ഉണ്ടെങ്കിൽതന്നെ ഈ ചുമതല അവൾ സ്വയം നിർവഹിച്ചേ മതിയാകൂ. 

മക്കളുമായി ആഴത്തിലുള്ള സ്‌നേഹബന്ധം സ്ഥാപിക്കുകയാണ് ഏറ്റവും പ്രധാനം. എന്നുകരുതി മക്കൾക്ക് അവരുടെ ഇഷ്ടങ്ങൾ മുഴുവൻ സാധിച്ചുകൊടുക്കുന്നു എന്നല്ല ഇതിന്റെ അർത്ഥം. മക്കളെ യാഥാർത്ഥ്യബോധമുളളവരാക്കി വളർത്തുക. സാഹചര്യമെന്താണെന്ന് മക്കൾ മനസ്സിലാക്കണം. മക്കളുടെ വിഷമം കുറയ്ക്കുകയല്ല അമ്മയെന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ടത്. മറിച്ച് മക്കളെ അവരുടെ ഭാവി കരുപ്പിടിപ്പിക്കാൻ കഴിയത്തക്കവിധത്തിൽ അവർക്ക് പിന്നിൽ നില്ക്കുക എന്നതാണ്.അച്ഛൻ മരിച്ചതിന്റെ വിഷമം മറക്കാനും കുറയ്ക്കാനുമായി മക്കൾക്ക് അവരുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചുകൊടുക്കാൻ തുടങ്ങിയാൽ അത് പലപ്പോഴും നിഷേധാത്മാകമായ പ്രതികരണമേ ഭാവിയിൽ സൃഷ്ടിക്കുകയുള്ളൂ. മക്കളുടെ ജീവിതത്തിൽ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നിങ്ങളാണെന്ന് തിരിച്ചറിയണം. അതനുസരിച്ച് ജീവിക്കാനും ജീവിതത്തെ കെട്ടിപ്പടുക്കുവാനും നിങ്ങൾക്ക് കഴിയണം. 
അമിതമായ വിഷാദവും നിരാശതയും പൊട്ടിത്തെറിയും കണ്ടുവളരുന്ന മക്കളുടെ വ്യക്തിത്വത്തെ അവയെല്ലാം ബാധിക്കാൻ ഇടയുണ്ട്. സന്തോഷവും ആത്മവിശ്വാസവും പ്രത്യാശയും നിറഞ്ഞ അന്തരീക്ഷം മക്കൾക്ക് ഒരുക്കികൊടുക്കണം. നിരാശാജനകമായ വർത്തമാനങ്ങളോ ഇടപെടലുകളോ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മക്കളെ സ്‌നേഹിക്കുന്ന, അവരുടെ ആവശ്യങ്ങളിൽ ആത്മാർത്ഥവും നിസ്വാർത്ഥവുമായി ഇടപെടാൻ സന്നദ്ധതയുളള ബന്ധുക്കളുടെ സഹായം തേടുന്നതോ അവരെ മക്കളുമൊത്ത് സന്ദർശിക്കുന്നതോ തെറ്റാണെന്ന് പറയാനാവില്ല. കുട്ടികളുടെ ജീവിതത്തിൽ അടുക്കും ചിട്ടയും ക്രമപ്പെടുത്തുകയാണ് മറ്റൊരുകാര്യം. അവരുടെ ശീലങ്ങളെ അനുദിന വ്യാപാരങ്ങൾക്ക് കൃത്യത ഉണ്ടാക്കികൊടുക്കണം. ഉദാഹരണത്തിന് രാവിലെ എണീല്ക്കുന്നതും കിടക്കാൻ പോകുന്നതുമായ കാര്യങ്ങൾക്ക്.  അടുത്ത നിമിഷം എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ബോധ്യം ഇത്തരത്തിൽ മക്കൾക്ക് പകർന്നുകൊടുക്കാൻ കഴിയും. സ്ഥിരതയുള്ള വ്യക്തിത്വമായി അവർ ക്രമേണ രൂപപ്പെടും. മക്കൾ വഴിതെറ്റിപ്പോകുമോ എന്ന് ഭയന്ന് അവർക്ക് സ്വാതന്ത്ര്യം കൊടുക്കാതിരിക്കരുത്. 

ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്ക് കൊടുക്കണം. ചില ഉത്തരവാദിത്തങ്ങൾ അവരെ ഏല്പിക്കുകയും വേണം. പല വിധവകളും മക്കൾക്ക് അവരുടേതായ സ്‌പെയ്‌സ് കൊടുക്കാൻ വിമുഖത കാണിക്കുന്നവരാണ്. അജ്ഞതയോ മടിയോ ഭയമോ എല്ലാമായിരിക്കാം കാരണം. സാമൂഹ്യമായ ഉത്തരവാദിത്തം നിർവഹിക്കാൻ മക്കൾക്ക് കിട്ടുന്ന ഒരവസരവും നിഷേധിക്കരുത്. ചില കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശവും അവർക്ക് നല്കണം. തിരഞ്ഞെടുക്കാനുള്ള അവസരം തന്നെയാണിത്. ഏതു ഡ്രസ് ധരിക്കണം, അവധി ദിവസം എങ്ങനെ ചെലവഴിക്കണം തുടങ്ങിയ കാര്യങ്ങളിൽ ടൈംടേബിളുമായി പുറകെ നടക്കരുത്. മക്കളെ അവ ശീലിപ്പിക്കാൻ പരിശ്രമിക്കുക. മക്കളുടെ ഭക്ഷണം മുതൽ വിദ്യാഭ്യാസം വരെയുള്ള എല്ലാകാര്യങ്ങളിലും സ്വന്തം തീരുമാനങ്ങൾ അടിച്ചേല്പിക്കാതെ ചിലകാര്യങ്ങളിലെങ്കിലും അവരുടെ അഭിപ്രായം കൂടി ചോദിക്കാൻ മറക്കരുത്. അവരും നിങ്ങളെ പോലെതന്നെ വ്യക്തികളാണല്ലോ? മക്കളോട് തന്റെ പരിമിതികളെക്കുറിച്ചുകൂടി ബോധ്യപ്പെടുത്തികൊടുക്കുന്നത് നല്ലതായിരിക്കും. അത് കൂടുതൽ പ്രതീക്ഷിക്കാതിരിക്കാനും അതുവഴി നിരാശപ്പെടാതിരിക്കാനും മക്കളെ സഹായിക്കും. ഇതാണ് നമ്മുടെ അവസ്ഥ, ഇതൊക്കെയാണ് എന്റെ ബാധ്യതകൾ എന്നിങ്ങനെ മക്കളോട് ഓരോ പ്രശ്‌നങ്ങളും പങ്കുവയ്ക്കാനും തുറന്നു സംസാരിക്കാനും മറക്കരുത്. 

അതുപോലെ നിങ്ങൾ എടുക്കാൻ പോകുന്ന നിർണ്ണായകമായ ചില തീരുമാനങ്ങളുണ്ടല്ലോ; ഉദാഹരണത്തിന് കടബാധ്യത പരിഹരിക്കാൻ വീട്/ കാർ വില്ക്കുന്നു, സ്വന്തം തറവാട്ടിലേക്ക് മടങ്ങുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ കഴിവുള്ള മക്കളാണെങ്കിൽ അത് പറഞ്ഞുകൊടുക്കണം, ചർച്ച ചെയ്യണം.

മക്കളെ അറിയിക്കാതെ സങ്കടങ്ങൾ ഉള്ളിലൊതുക്കി നടക്കുകയൊന്നും വേണ്ട. സങ്കടങ്ങൾ പ്രകടിപ്പിക്കാനുള്ളവ തന്നെയാണ്. അതുകൊണ്ട് ചില സങ്കടങ്ങൾ മക്കൾ അറിയുന്നതും നല്ലതുതന്നെ.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...