നിങ്ങള്‍ ആരെയാണ് സ്‌നേഹിക്കുന്നത്?

Share post:

വ്യത്യസ്തമായി ഒന്ന് ചിന്തിക്കുകയാണെങ്കില്‍ സ്‌നേഹത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളില്‍ പല തെറ്റിദ്ധാരണകളും കടന്നുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും.   പലരുടെയും ധാരണ സ്‌നേഹം എന്നത് മറ്റുള്ളവര്‍ക്ക് മാത്രം കൈമാറേണ്ട ഒന്നാണ് എന്നാണ്.  മറ്റുള്ളവരെ സ്‌നേഹിക്കുക.. സ്വയം സ്‌നേഹിക്കാതിരിക്കുക.  ഇതാണ് പലരും ചെയ്യുന്നത് ചെയ്തുകൊണ്ടിരിക്കുന്നത്. 

സ്വയം സ്‌നേഹിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായും അത് സ്വാര്‍ത്ഥതയായും അവര്‍ വിചാരിക്കുന്നു. പക്ഷേ സ്വയം സ്‌നേഹിക്കാത്ത ഒരാള്‍ക്ക് മറ്റാരെയും സ്‌നേഹിക്കാനാവില്ല.  അതാണ് സത്യം.

സ്വയം സ്‌നേഹത്തില്‍ നിന്നാണ് ജീവിതപ്രണയം ഉണ്ടാകുന്നത്.. ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ടാകുന്നത്. ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുണ്ടാകുന്നത്. ഒരാളെ നാം സ്‌നേഹിക്കുന്നതും സഹായിക്കുന്നതുമെല്ലാം നമ്മളെപോലെ തന്നെയുള്ള ഒരാള്‍ എന്ന ചിന്തകൊണ്ടാണല്ലോ. ഞാനും അവനും തമ്മില്‍ ഭേദമില്ല എന്ന ചിന്തയാണ് ആത്മാര്‍ത്ഥ സൗഹൃദങ്ങളെ പോലും രൂപപ്പെടുത്തുന്നത്.  

ബൈബിളിലെ പരസ്‌നേഹപ്രവൃത്തികളെയും ചിന്തകളെയുമെല്ലാം ക്രമപ്പെടുത്തിയിരിക്കുന്നതിന്റെ പിന്നിലുള്ളതും ഇത്തരത്തിലുള്ള ആത്മസ്‌നേഹങ്ങള്‍ തന്നെയാണ്. നോക്കൂ, വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്, നീ നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം എന്നതാണത്. അതായത് നീ നിന്നെ സ്‌നേഹിക്കുന്നില്ലെങ്കില്‍ നിനക്ക് അയല്‍ക്കാരനെയും സ്‌നേഹിക്കാനാവില്ല. നീ നിന്നെപോലെ അയല്‍ക്കാരനെ സ്‌നേഹിക്കുമ്പോള്‍ നീയും അപരനും സ്‌നേഹത്തിന്റെ ഉദാത്തയിലേക്ക് പ്രവേശിക്കുകയാണ്..എന്തൊരു മനോഹരമായ സങ്കല്പമാണത്.

അതുപോലെ ബൈബിളില്‍ മറ്റൊരിടത്ത് പറയുന്നുണ്ടല്ലോ ആരും തന്നെതന്നെ വെറുക്കുന്നില്ലല്ലോ എന്ന്.. തന്നെ തന്നെ വെറുക്കാത്തവന്‍ സ്വയം സ്നേഹിക്കുന്നവനാണ്. മറ്റുള്ളവരെ സ്നേഹിക്കണമെന്ന് പഠിപ്പിക്കുന്ന ബൈബിളിലെ സ്നേഹചിന്തകളുടെ അടിസ്ഥാനം ഒരാള്‍ അവനവനെതന്നെ സ്നേഹിക്കണം എന്നാണ്. അതായത് അയാള്‍ എന്താണോ അതേ അവസ്ഥയില്‍ സ്വയം സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക. 

സ്വാര്‍ത്ഥത ഒരിക്കലും ഒരാള്‍ അയാളെ സ്‌നേഹിക്കുന്നതല്ല, അയാള്‍ മറ്റുള്ളവരെ അവഗണിക്കുന്നതും അവരെ വിസ്മരിക്കുന്നതുമാണ്. മറ്റൊരാള്‍ക്ക് നല്കാനുള്ളത് നല്കാതിരിക്കുന്നതാണ്. അയാളിലെ മാനുഷികതയെ നിഷേധിക്കുന്നതാണ്. 

ഒരാള്‍ തന്നെതന്നെ സ്‌നേഹിക്കുമ്പോഴാണ് തന്നോടുതന്നെയുള്ള മതിപ്പിലേക്ക് വീഴുന്നത്.  സ്വയം അംഗീകരിക്കാന്‍ കഴിയുന്നത്. കുറവുകളോടെയാണെങ്കിലും ആത്മാഭിമാനത്തോടെ നില്ക്കാന്‍ സാധിക്കുന്നത്. എത്രയോ ചെറുപ്പക്കാരാണ് സ്വന്തം ശരീരത്തെപ്രതിയുള്ള അമിതമായ ചിന്തകളുടെ പേരില്‍ അപകര്‍ഷതയുടെ ഭാരം ചുമന്ന് ജീവിക്കുന്നത്.  നിറം കറുത്തതിന്റെപേരില്‍, മെല്ലിച്ചതിന്റെ പേരില്‍, പൊണ്ണത്തടിയുടെ പേരില്‍, പൊക്കകുറവിന്റെയും കൂടുതലിന്റെയും പേരില്‍  കണ്ണാടിയില്‍ നോക്കിനില്ക്കുമ്പോള്‍  ഐ ഹേറ്റ് യൂ എന്ന് സ്വന്തം പ്രതിരൂപത്തോട് പറഞ്ഞിട്ടുള്ള എത്രയോ പേരെ അറിയാം. അവനവനോട് തന്നെ സ്‌നേഹം തോന്നുന്നത് തെല്ലും മോശമായ കാര്യമല്ല. 

അതുകൊണ്ട് സ്വയം സ്നേഹിക്കാന്‍ നാം ചെറുപ്പം മുതല്ക്കേ കുട്ടികളെ പരിശീലിപ്പിക്കണം.സ്വാര്‍ത്ഥതയുടെയും സ്വയംസ്നേഹത്തിന്‍റെയും ഭേദങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുകയും വേണം. ഒരാള്‍ അവനവനെ തന്നെ സ്നേഹിക്കുന്പോഴാണ്അവന്‌റെ ചുവടുകള്‍ക്ക് ആത്മവിശ്വാസത്തിന്‍റെ താളമുണ്ടാകുക. 

നിന്‍റെ ജീവിതത്തിന്‍റെ ഉയര്‍ച്ച നീ നിന്നെ സ്നേഹിക്കുന്നതില്‍ ആരംഭിക്കട്ടെ. നീ നിന്നെത്തന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്പോള്‍ ആരും നിന്നെ സ്നേഹിക്കാതെ പോയതോര്‍ത്തോ മനസ്സിലാക്കാതെ പോയതോര്‍ത്തോ നീ ഭാരപ്പെടുകയില്ല.നീ നിന്നെ സ്നേഹിക്കുന്പോള്‍ നിനക്ക് ചുറ്റും ഒരു പൂക്കാലം പിറവിയെടുക്കുന്നു. അത് മറക്കരുത്.

 

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...