സ്വർഗ്ഗം തുറക്കുന്ന സമയം

Share post:

പള്ളിയിലെ പ്രതിനിധിയോഗത്തിൽ പങ്കെടുക്കാൻ ഒരു ചെറുപ്പക്കാരൻ നേരം വൈകിയാണ് എത്തിയത്. കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞു, അച്ചോ ഒരു ചാരിറ്റി ചെയ്യാനുണ്ടായിരുന്നു. ചാരിറ്റി എന്ന വാക്ക് കേൾക്കുമ്പോഴേ നമുക്ക് പിന്നെ മറുത്തൊന്നും പറയാനില്ലല്ലോ.

യോഗം കഴിഞ്ഞപ്പോൾ ഞാൻ അവനെ അടുത്തുവിളിച്ചു ചോദിച്ചു എന്തായിരുന്നു ചാരിറ്റി? അപ്പോൾ അവൻ നല്കിയ മറുപടി ഒരേ സമയം എന്നെ ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അപ്പനെ ആശുപത്രിയിൽ കൊണ്ടുപോയതാ…
അപ്പനെ ആശുപത്രിയിൽ കൊണ്ടുപോയത് ചാരിറ്റിയാണോ? നമ്മുടെ സമൂഹത്തിന്റെ വികലമായ മനോഭാവമാണ് അത് വ്യക്തമാക്കുന്നത്. അപ്പനെ ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറെ കാണിക്കുന്നത് ചാരിറ്റിയല്ല അത് മകൻ എന്ന നിലയിലുള്ള അവന്റെ കടമയാണ്. അതുപോലെ ഭാര്യയെ ഭർത്താവും ഭർത്താവിനെ ഭാര്യയും സ്നേഹിക്കുന്നത് കടമയാണ്. മക്കൾക്കുവേണ്ടി അടുക്കളയിൽ പാകം ചെയ്യുന്നതും വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതും ചാരിറ്റിയല്ല കടമയാണ്.

ചിലരൊക്കെ എന്തോ മഹത്തായ കാര്യം ചെയ്തതുപോലെ വന്നുപറയാറുണ്ട് അച്ചോ ഡ്യൂട്ടിക്ക് പോയതായിരുന്നു. ഡ്യൂട്ടി ചെയ്ത് മടുത്തുവന്നതാ എന്നൊക്കെ. ആയ്ക്കോട്ടെ ഡ്യൂട്ടിക്ക് പൊയ്ക്കോട്ടെ. പക്ഷേ അത്തരക്കാരോട് ഒരു ചോദ്യം ഡ്യൂട്ടിക്ക് വെറുതെ പോയതാണോ..ശമ്പളം കിട്ടുന്നില്ലേ.. പെൻഷൻ കിട്ടുന്നില്ലേ ആനുകൂല്യങ്ങൾ കിട്ടുന്നില്ലേ. ഡ്യൂട്ടി ചെയ്യുന്നത് കച്ചവടം പോലെയാണ്.അല്ലാതെ കുരിശിൽ കിടന്ന് ബലി അർപ്പിച്ചിട്ടുവരുന്നതുപോലെ പുണ്യമല്ല.

നമ്മുടെ ആവശ്യത്തിന് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുന്നത് പുണ്യമല്ല. നമുക്കതിൽ നേട്ടമുണ്ട്, വരുമാനമുണ്ട്. ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുക. അതാണ് പുണ്യം. അതാണ് മഹത്തരം.

മദർ തെരേസ ഇന്ത്യയിലെത്തിയത് എന്തിനായിരുന്നു? മദർ തെരേസയെ സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാനായിരുന്നോ അല്ല.  ഡാമിയൻ മൊളോക്കോ ദ്വീപിലേക്ക് കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി പോയത് എന്തിനായിരുന്നു. അവിടെ ഡാമിയന്റെ ബന്ധുക്കളാരെങ്കിലും ഉണ്ടായിരുന്നോ, ഇല്ല.
മദർ തെരേസ ഇന്ത്യയിലേക്ക് വന്നതും ഡാമിയൻ മൊളോക്കോ ദ്വീപിലേക്കു പോയതും തങ്ങളെ സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാനായിരുന്നില്ല തങ്ങൾ അതുവരെ കണ്ടിട്ടില്ലാത്തവരെയും തങ്ങളുടെ ആരുമല്ലാത്തവരെയും സ്നേഹിക്കുന്നതിന് വേണ്ടിയായിരുന്നു. അതിന്റെ പ്രതിഫലം തെരേസയ്ക്കും ഡാമിയനും സ്വർഗ്ഗം കൊടുത്തു. അതാണ് നമ്മളെ സ്നേഹിക്കാത്തവരെയും സ്നേഹിക്കുമ്പോൾ സ്വർഗ്ഗം നല്കുന്ന പ്രതിഫലം.

അവനവന്റെ കാര്യത്തിന് വേണ്ടി സ്നേഹിച്ചവരെ സ്നേഹിച്ചു, ആർക്കും ഉപദ്രവം ചെയ്തിട്ടില്ല. ഇതുരണ്ടും പുണ്യമാണെന്ന് കരുതുന്നവർ ധാരാളമുണ്ട്. യഥാർത്ഥത്തിൽ അതൊന്നും പുണ്യമേയല്ല. അതിനുള്ള തെളിവാണ് ബൈബിളിലെ ധനവാന്റെയും ലാസറിന്റെയും ഉപമ. ആ ധനവാൻ ആർക്കും ഒരുപദ്രവവും ചെയ്തതായി ബൈബിളിൽ പറയുന്നില്ല. എന്തിന് ലാസറിനെ തന്റെ വീട്ടുവാതില്ക്കൽ കിടത്താൻ പോലും അയാൾ സമ്മതിച്ചിരുന്നു.

പക്ഷേ അയാൾ മരിച്ചു ചെന്നപ്പോൾ സ്വർഗ്ഗത്തിന്റെ വാതിൽ അയാൾക്കുമുമ്പിൽ തുറക്കപ്പെട്ടില്ല.ഓപ്പറേഷൻ വിജയപ്രദം പേഷ്യന്റ് മരിച്ചു എന്നു പറഞ്ഞതുപോലെയായി കാര്യങ്ങൾ. എന്താണ് ധനവാൻ ചെയ്ത തെറ്റ്? അയാൾ ചെയ്യേണ്ട നന്മ ചെയ്തില്ല. തങ്ങൾക്കുള്ളവരെയല്ലാതെ മറ്റാരെയും സ്നേഹിച്ചില്ല. അയാൾ ഭാര്യയെ സ്‌നേഹിച്ചു, മക്കളെ സനേഹിച്ചു. പക്ഷേ അതിനപ്പുറം ആരെയും സ്‌നേഹിച്ചില്ല. തന്നെ സ്‌നേഹിക്കാത്തവരിലേക്ക് അയാളുടെ സ്‌നേഹം കടന്നുചെന്നില്ല.

ഇങ്ങനെയുള്ള ധനവാന്റെ തറവാട്ടുകാരും ബന്ധുക്കലും നമ്മുടെ ചുറ്റിനും ഇന്നുമുണ്ട്. അവർ പള്ളിയിൽ പോകും. ധ്യാനത്തിന് പോകും. ആരെയും ഉപദ്രവിക്കാൻ പോകില്ല. അനീതിയും അക്രമവും ചെയ്യില്ല. വലിയ വീടു പണിത് ഭാര്യയെയും മക്കളെയും സ്നേഹിച്ച് സുഖിച്ച് ജീവിക്കും. അത്തരക്കാർക്കും ആ ധനവാന്റെ വിധി തന്നെയാണ് വരാൻ പോകുന്നതെന്ന് മറക്കരുത്.
ആ ധനവാൻ നമുക്കൊരു മാതൃകയാകണം, തിരുത്തലാകണം. നിങ്ങൾ സ്നേഹിക്കുന്നവരെ സ്നേഹിച്ച് നിങ്ങൾ ദൈവസന്നിധിയിൽ എത്തുമ്പോൾ ദൈവം നിങ്ങൾക്ക് നല്കുന്ന മാർക്ക് പൂജ്യമായിരിക്കും. പക്ഷേ സങ്കടപ്പെടരുത്.
ഇനിയും സമയമുണ്ട്. നിങ്ങൾ സ്നേഹിക്കാത്തവരെയും സ്നേഹിക്കാൻ… ആവശ്യക്കാരെയും അഗതികളെയും സഹായിക്കാൻ…ആരുമില്ലാത്തവരെയും ആരുമല്ലാത്തവരെയും സ്നേഹിക്കാൻ… അപ്പോൾ സ്വർഗ്ഗത്തിന്റെ വാതിൽ നിങ്ങൾക്കായി തുറന്നുകിട്ടും,  ഉറപ്പ്.

ഫ്ര ഡേവിസ് ചിറമേൽ

Related articles

ആത്മീയതയും മാനസികാരോഗ്യവും

മനുഷ്യജീവിതത്തിൽ മാനസികാരോഗ്യം ഒരു അത്യാവശ്യ ഘടകമാണ്. ശരീരാരോഗ്യത്തിന് സമാനമായ പ്രാധാന്യം മാനസികാരോഗ്യത്തിനും ഉണ്ടെന്ന് ഇന്ന് ആരോഗ്യശാസ്ത്രവും മനഃശാസ്ത്രവും തെളിയിച്ചിരിക്കുന്നു. അതേ സമയം, ആത്മീയത മനുഷ്യന്റെ...

പ്രതീക്ഷയുടെ ഉയിർപ്പ്

എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ പറയുന്നത് കോവിഡുണ്ടാക്കിയ പരിക്കിൽ നിന്ന് ലോകം പുറത്തുകടക്കണമെങ്കിൽ 25 വർഷമെടുക്കുമെന്നാണ്. അല്പം...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും പൂ നുള്ളുന്ന പോലെ നിസാരമല്ലേ. എന്നിട്ടെന്തുകൊണ്ട് ചെയ്യുന്നില്ല? 'എന്നിട്ടും ഇതൊന്നും ദൈവം...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്  കണ്ണെറിഞ്ഞ്  യാത്ര ചെയ്യുന്നത് ഒരു പതിവാണ്. നിഷേയെപ്പോലെ നടക്കുമ്പോഴല്ല യാത്ര ചെയ്യുമ്പോഴാണ്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും ആദ്യത്തെയും അവസാനത്തേയും തുരുത്ത്. ‐"Are we more than matter?‐' അപാരമായ...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന സവിശേഷമായ ഘടകവും അതുതന്നെ. ശുദ്ധമായ ഹൃദയത്തിന്റെ പ്രതിഫലനമാണ് സത്യസന്ധമായ...

പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള പ്രാർത്ഥന, വിവാഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന, വീടു പണിക്കുവേണ്ടിയുളള പ്രാർത്ഥന.  ജീവിതത്തിൽ മാനുഷികമായി...

ഭയത്തെ ഭയക്കേണ്ട…!

ഭയം ഒരു പുതപ്പുപോലെ നമ്മുടെ ജീവിതങ്ങളുടെ മേൽ വീണുകഴിഞ്ഞിരിക്കുന്നു.  ഇതെഴുതുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന പല വാർത്തകളും തെല്ലും ശുഭസൂചകമല്ല. അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് നിരക്കും ഇസ്രായേൽ-പാലസ്തീൻ...