മൊബൈൽ; കുട്ടികളെ പഴിക്കും മുമ്പ്…

Share post:

ഇന്നലെ വരെ  മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തിൽ നിന്ന്  കുട്ടികളെ അകറ്റിനിർത്തിയിരുന്ന മാതാപിതാക്കൾ പോലും ഇന്ന് വലിയൊരു അപകടത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ  മൊബൈലും കമ്പ്യൂട്ടറും  മക്കളുടെ കൈയിലേക്ക് വച്ചുകൊടുക്കേണ്ടതായി വന്നിരിക്കുന്നു. പാഠപുസ്തകം പോലെ ഇവയും അത്യാവശ്യഘടകമായിരിക്കുന്നു.സ്വഭാവികമായും മക്കൾക്ക് കമ്പ്യൂട്ടറും മൊബൈലും സുപരിചിതമായി. അവരുടെ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത  ഘട കവും.

എങ്ങനെയാണ് മക്കളെ ഇതിൽ നിന്ന് ഒഴിവാക്കിനിർത്താനാവുക എന്ന് തല പുകയ്ക്കുന്ന ഒരുപിടി മാതാപിതാക്കന്മാരുണ്ട്. പക്ഷേ ഇതിന് വേറൊരു വശം കൂടിയുണ്ട്.

കോവിഡിന് മുമ്പ് മക്കൾക്ക് മൊബൈൽ ഉപയോഗിക്കാൻ നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും മാതാപിതാക്കൾ ആ നിയന്ത്രണം തങ്ങളുടെ ജീവിതത്തിൽ നടപ്പിലാക്കിയിരുന്നില്ല. മക്കൾ കണ്ടതും കണ്ടുകൊണ്ടിരുന്നതും നിരന്തരമായി ഫോൺ/ കമ്പ്യൂട്ടർ  ഉപയോഗിക്കുന്ന മാതാപിതാക്കളെയാണ്. ഒരുപക്ഷേ ചിലതൊക്കെ അവരുടെ ജോലിയുടെ ഭാഗമായിട്ടാവാം.  അതൊരു ആനൂകൂല്യം. പക്ഷേ ഭൂരിപക്ഷം മാതാപിതാക്കളും മൊബൈലിനെ കിടപ്പുമുറിയിലേക്ക് വരെ കൂട്ടിക്കൊണ്ടുവരുന്നവരാണ്. ദൂരെയുള്ളസുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഫോൺ ചെയ്ത് കിടന്നുറങ്ങുന്ന മാതാപിതാക്കളെയാണ് മ്ക്കൾ കണ്ടുകൊണ്ടിരുന്നത്.  ചിലപ്പോൾ  മക്കളെയും അവർ വീഡിയോ കോളിങ്ങിലേക്ക് ക്ഷണിക്കുന്നുമുണ്ടാവാം.

ഇങ്ങനെ മാതാപിതാക്കളുടെ തുടർച്ചയായ ഫോൺ ഉപയോഗം, അവർ ആസ്വദിക്കുന്ന വീഡിയോകൾ, അവർ നിലനിർത്തിപ്പോരുന്ന സോഷ്യൽ മീഡിയായിലെ ബന്ധങ്ങൾ ഇതെല്ലാം കുട്ടികളെ വലിയ തോതിൽ സ്വാധീനിച്ചിരുന്നു.  ആ ലോകത്തിൽ മുഴുകാൻ അവർ ആഗ്രഹിച്ചിരുന്നു.അവർക്ക് അതിനോട് തെല്ലൊരു ആരാധനയും അനുഭവപ്പെട്ടിരുന്നു. പക്ഷേ തങ്ങളുടെ ഹിതാനുസരണം ഉപയോഗിക്കാൻ ചില നിയന്ത്രണങ്ങൾ അവർക്കുണ്ടായിരുന്നു എന്നു മാത്രം.
 ആ നിയന്ത്രണരേഖ മായ്ച്ചുകളഞ്ഞിരിക്കുകയാണ് കോവിഡും അതുസൃഷ്ടിച്ച ഓൺലൈൻ പഠനവും. ആവശ്യപ്പെടാതെ തന്നെ അവരുടെ കൈയിലേക്ക് മൊബൈൽ കിട്ടിയിരിക്കുന്നു. കമ്പ്യൂട്ടർ ലഭിച്ചിരിക്കുന്നു. നിയമങ്ങൾ ഉള്ളതുകൊണ്ടാണ് നാം അത് ഭേദിക്കുന്നത് എന്ന് പറയുന്നതുപോലെ നിയന്ത്രണങ്ങൾ ഉള്ളപ്പോൾ സ്വഭാവികമായും അത് തകർക്കാൻ പ്രേരണ തോന്നും. ഇപ്പോൾ അവർ മൊബൈലും മറ്റും ഉപയോഗിക്കുന്നതിന് മാതാപിതാക്കൾക്ക് ശാസിക്കാൻ കഴിയാതെ പോകുന്നു.

കോവിഡ് കാലം കഴിഞ്ഞും മക്കൾ ഇവയ്ക്ക് രണ്ടിനും അടിമകളായി പോകുമോയെന്ന ഭയം പല മാതാപിതാക്കളെയും പിടികൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരു കാര്യമുണ്ട്. തങ്ങളുടെ ജീവിതത്തിൽ മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം. മൊബൈലിലെ ഗെയിമുകളും വീഡിയോകളും കാണുകയും കളിക്കുകയും ചെയ്യുമ്പോൾ മക്കളെ കൂടെ ക്ഷണിക്കാതിരിക്കുക.  ഒരു വിനോദത്തിന്റെ അനുഭവമായി മക്കൾക്ക് തോന്നുകയും അവർ ക്രമേണ അതിലേക്ക് ആകർഷിക്കപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാൽ മക്കൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതും മൂല്യമുള്ളതുമായ കാര്യങ്ങൾ അറിയിക്കുന്നതിൽ മടിവിചാരിക്കുകയുമരുത്.  കാണിക്കേണ്ടതും കാണിക്കേണ്ടാത്തതുമായ കാര്യങ്ങളെക്കുറിച്ചു മാതാപിതാക്കൾ തന്നെ തീരുമാനിക്കുക. ഇത് എന്റെ കുട്ടി കണ്ടില്ലെന്ന് കരുതി അവന് എന്തെങ്കിലും ദോഷമുണ്ടാവുമോ, ഇത് കാണിച്ചാൽ അവന് നന്മയുണ്ടാവുമോ… ഇങ്ങനെയൊരു ചോദ്യത്തോടെ മക്കളെ വാട്സാപ്പ് വീഡിയോകളും മറ്റും കാണിക്കുക.

ജോലിയുടെ ഭാഗം മാത്രമായും ബന്ധങ്ങൾ നിലനിർത്തുന്നതിന്റെ ഭാഗമായിട്ടുമാണ് ഇവ ഉപയോഗിക്കുന്നതെന്ന് മക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക. എന്റർടെയ്ൻമെന്റല്ല കമ്പ്യൂട്ടറും മൊബൈലും എന്ന് മനസ്സിലാക്കികൊടുക്കുക. സ്‌ക്രീൻ ടൈം കൂടുന്നതുവഴി കുട്ടികളുടെ  ചിന്തയിൽ പോലും മാറ്റമുണ്ടെന്ന് ആദ്യം മനസ്സിലാക്കേണ്ടത് മാതാപിതാക്കളാണ്. മക്കൾ മൊബൈലിന് അടിമകളാകുന്നതിന് പിന്നിൽ പ്രധാനമായും മാതാപിതാക്കളാണ് കാരണക്കാരെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. പല അമ്മമാരും ചെറുപ്രായം മുതല്ക്കേ മക്കളുടെ കൈയിലേക്ക് കളിപ്പാട്ടം കണക്കെ വച്ചുകൊടുക്കുന്നതാണ് മൊബൈൽ. നല്ലതോ കേടായതോ ആയ മൊബൈലുകൾ കൊച്ചുകുട്ടികളുടെ കയ്യിൽ ഇരിക്കുന്നത് കണ്ടിട്ടില്ലേ? ചെറുപ്രായം മുതൽ രൂപപ്പെട്ടുവരുന്ന ഈ സ്വാധീനം മുതിരുംതോറും വർദ്ധിച്ചുവരികയും പിന്നീട് മക്കളെ കീഴടക്കുകയും ചെയ്യും. അപ്പോൾ മക്കളെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. പക്ഷേ മക്കളെ കുറ്റപ്പെടുത്തും മുമ്പ് മാതാപിതാക്കൾ സ്വയം വിലയിരുത്തട്ടെ. എന്റെ മൊബൈൽ ഫോൺ ഉപയോഗം എങ്ങനെയാണ്. ദിവസത്തിൽ എത്ര മണിക്കൂർ ഞാൻ മൊബൈൽ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഉപയോഗിക്കുന്നതിന് പിന്നിലെ എന്റെ ന്യായീകരണം എന്താണ്? കൊച്ചുകുട്ടികൾക്ക് കളിപ്പാട്ടം കണക്കെ ഞാൻ മൊബൈൽ കൊടുക്കുകയോ ഗെയിം കളിക്കാൻ പ്രേരണ നല്കുകയോ ചെയ്തിട്ടുണ്ടോ?
മാതാപിതാക്കളുടെ വിവേകപൂർവ്വമായ ഇടപെടലും സ്വമാതൃകവഴി കാണിച്ചുകൊടുക്കുന്ന പാഠങ്ങളുമുണ്ടെങ്കിൽ നമ്മുടെ മക്കൾ മൊബൈലിനെ ഭരിക്കാൻ പഠിക്കും. അല്ലെങ്കിൽ മൊബൈൽ നമ്മുടെ മക്കളെ ഭരിക്കും.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...