മനുഷ്യസ്നേഹിക്ക് ഒരു നിർവചനം

Share post:

അജിത് നാരങ്ങളിൽ ഏറെക്കാലമായി കൊണ്ടുനടക്കുന്ന ഒരു സ്വപ്നമുണ്ട്.തന്റെ ജന്മദേശമായ വിയ്യൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാനായി ഒരു ട്രസ്റ്റ് രൂപീകരിക്കുക. ഒരു കോടി രൂപയെങ്കിലും ആസ്തിയുള്ള ഒരു ട്രസ്റ്റ്. അതാണ് അജിതിന്റെ സ്വപ്‌നം. ആ സ്വപ്നത്തിലേക്കെത്താൻ തന്റെ വിഹിത മായ പത്തുലക്ഷം രൂപ സമാഹരിക്കാനുള്ള ശ്രമങ്ങളിലാണ് ഇദ്ദേഹം.

എന്താണ് അജിതിനെ ഇങ്ങനെയൊരുലക്ഷ്യത്തിന്  പ്രേരിപ്പിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കിട്ടുന്നത്  ആ ജീവിതത്തിൽ നിന്നു തന്നെയാണ്. മനുഷ്യന്റെ  നിസ്സഹായതയോടും സങ്കടങ്ങളോടും തോളോടുചേർന്നുനടക്കാനുള്ള മനസ്സ് ദൈവം അപൂർവ്വം ചിലർക്ക് മാത്രമേ നല്കാറുള്ളൂ. സ്വന്തം ജീവിതത്തെയും സുരക്ഷിതത്തെയും ആരോഗ്യത്തെയുംകാൾ അത്തരക്കാർ വിലമതിക്കുന്നത് മറ്റുള്ളവരുടെ ജീവനെയും സ്വപ്നങ്ങളെയുമായിരിക്കും. ആ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനും അവരുടെ ജീവിതത്തിന്റെ സുരക്ഷയ്ക്കുമായി ഏതറ്റം വരെ പോകാനും അവർ തയ്യാറായിരിക്കും. അങ്ങനെയൊരു വ്യക്തിയാണ് അജിത് നാരങ്ങളിൽ.

പതിനെട്ടു വയസുമുതൽ രക്തം ദാനം ചെയ്തുതുടങ്ങിയ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ വർഷമായിരുന്നു 2012. അന്നാണ് അജിത് തന്റെ കിഡ്നികളിലൊന്ന് ദാനം ചെയ്തത്. ഇന്നത്തേതുപോലെ അവയവദാനത്തെക്കുറിച്ച് വേണ്ടത്ര അറിവുകളോ ബോധവൽക്കരണമോ അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നും ഓർക്കണം. ഇനി ആരെങ്കിലും കിഡ്നി ദാനം ചെയ്താൽ തന്നെ അത് പണത്തിന് വേണ്ടിയായിരിക്കുകയും ചെയ്യും. പക്ഷേ അജിത് ദാനം ചെയ്തത് പണത്തിന് വേണ്ടിയായിരുന്നില്ല, താൻ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്കുവേണ്ടിയായിരുന്നു. ആലപ്പുഴയിലെ ഒരു റെയിൽവേ ചേരിയിൽ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൻ ഷാരോൺ എന്ന പതിനാറു വയസുകാരനു വേണ്ടി. രണ്ടു വൃക്കകളും പ്രവർത്തനരഹിതമായി ചികിത്സയ്ക്കുവേണ്ടി നാനാഭാഗത്തുനിന്നും കടംവാങ്ങി ജീവിതം വഴിമുട്ടിനില്ക്കുന്ന അവസ്ഥയിലായിരുന്നു അന്ന് ഷാരോണിന്റെ കുടുംബം. ഫാ. ഡേവീസ് ചിറമ്മേൽ നേതൃത്വം നല്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പേരു രജിസ്റ്റർ ചെയ്തതുവഴിയാണ് അജിത് നാരങ്ങളിൽ ഷാരോണിന് കിഡ്നി നല്കിയത്. അന്ന് അദ്ദേഹം മാടക്കത്തറ കെഎസ്ഇബിയിൽ താല്ക്കാലിക ജോലിക്കാരനായിരുന്നു. സഹപ്രവർത്തകരുടെ ഹൃദയപൂർവ്വമായ പങ്കുവയ്ക്കൽ വഴി കിട്ടിയ രണ്ടരലക്ഷം രൂപ ഷാരോണിന്റെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നീക്കിവയ്ക്കുകയും ചെയ്തു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിയിൽ 2012 ഫെബ്രുവരി 21 നായിരുന്നു കിഡ്നി ദാനം നടന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ചില ഇല്ലാക്കഥകളുടെ ഇരയായി സ്വന്തം നാട്ടിൽ അജിത് മാറിയെന്നതാണ് ഖേദകരമായ വസ്തുത. അജിത് പണം വാങ്ങിയാണ് കിഡ്നി ദാനം ചെയ്തത് എന്നായിരുന്നു കുപ്രചരണം. മാനസികമായി ഏറെ തകർന്നുപോയിയെന്ന് അജിത് തുറന്നുപറഞ്ഞു.
പക്ഷേ സത്യം വെളിച്ചത്തുവരാൻ അധികം കാലമെടുത്തില്ല. ഷാരോൺ ആയുസ് നീട്ടിയെടുത്തെങ്കിലും കുടുംബത്തിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിതുടരുകയായിരുന്നു പിതാവിന്റെ വണ്ടി പോലും ജപ്തി ചെയ്തുപോയ അവസ്ഥ. മരുന്നിനും ഭക്ഷണത്തിനുമായി  ഒരു വഴിയും തെളിയാത്ത സാഹചര്യം. ഷാരോണിന്റെ ഈ അവസ്ഥ പത്രവാർത്തയായി വന്നപ്പോഴാണ് അജിതിനെ സംബന്ധിച്ചുള്ള നാട്ടുകാരുടെ സംശയങ്ങൾ മാറിക്കിട്ടിയത്. അതോടെ ഷാരോണിനെ തുടർന്നും സഹായിക്കാൻ സന്നദ്ധനായ അജിത്തിനൊപ്പം നാട്ടുകാരും ഇറങ്ങി. നാട്ടുകാരുടെയും ആലപ്പുഴയിലെ തദ്ദേശവാസികളുടെയും ഫേസ്ബുക്ക് കൂട്ടായ്മയുടെയും സഹകരണഫലമായി അജിതിന്റെ നേതൃത്വത്തിൽ ഷാരോണിന്റെ മരുന്ന്, വിദ്യാഭ്യാസചെലവുകൾ നടത്തിക്കൊണ്ടുപോകുന്നതിനും കുടുംബത്തിന്റെ വരുമാനമാർഗ്ഗമായി ഓട്ടോറിക്ഷാ വാങ്ങിച്ചുനല്കാനും നഷ്ടമായ വീടിന് പകരം മറ്റൊരുവീട് വാങ്ങിനല്കാനും സാധിച്ചു.

ഷാരോണിന്റെ ജീവിതവും അനുഭവവും അജിത്തിനെ മറ്റൊരു തീരുമാനത്തിലേക്കാണ് കൊണ്ടുപോയത്. കിഡ്നി മാറ്റിവയ്ക്കൽ കഴിഞ്ഞാലും സ്വീകർത്താവിന്റെ ജീവിതം സുഗമമായി മുന്നോട്ടുപോകണമെന്നില്ല. കൂടുതലായ പിന്താങ്ങലും സാമ്പത്തികസഹായവും വേണ്ടത് കിഡ്നി സ്വീകരിച്ചുകഴിയുമ്പോഴാണ്. അതുകൊണ്ട് ഇനിയുള്ള തന്റെ ജീവിതം കിഡ്നിരോഗികൾക്കും അല്ലെങ്കിൽ സമാനമായ രീതിയിൽ അവയവം മാറ്റിവച്ചവർക്കു വേണ്ടി ജീവിക്കുക.  
അജിത് നാരങ്ങളിൽ എന്ന ഇന്ന് നാം കാണുന്ന സാമൂഹ്യപ്രവർത്തകന്റെയും മനുഷ്യസ്നേഹിയുടെയും രണ്ടാം ജന്മം അവിടെ ആരംഭിക്കുകയായിരുന്നു. ഇത്രയും വർഷത്തിനിടയിലെ അജിതിന്റെ നിസ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾ വഴി അനേകരാണ് ജീവിതത്തിന്റെ പച്ചപ്പ് കണ്ടെത്തിയത്. അതിനിടയിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഓഫീസിൽ രണ്ടുവർഷം സേവനം ചെയ്തു. ചിറമ്മേലച്ചൻ നടത്തിയ മാനവകാരുണ്യയാത്രയിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പങ്കെടുക്കുകയും ചെയ്തു. കിഡ്നി ദാനം നടത്തിയതിന്റെ ഏതാനും മാസങ്ങൾക്കുള്ളിലായിരുന്നു ആ പര്യടനം. അവയവദാനം നടത്തുന്നതോടെ വ്യക്തിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ അവർക്കു കഴിയുമെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ് അജിത്. അതിന്റെ ഫലമായിട്ടാണ് 2013, 2014 വർഷങ്ങളിൽ എറണാകുളത്ത് നടന്ന 21 കിലോമീറ്റർ ഹാഫ് മാരത്തണിലും 2017 ൽ മൂന്നാറിൽ നടന്ന 42 കിലോമീറ്റർ ഫുൾ മാരത്തണിലും പങ്കെടുത്തത്. ഇന്നും സായാഹ്നങ്ങളിൽ കളിക്കളങ്ങളിൽ ഇറങ്ങാതെ അജിതിന്റെ ഒരുദിവസം പോലും കടന്നുപോകാറുമില്ല. അവയവദാനത്തിന് ശേഷം പലവട്ടം രക്തം ദാനം ചെയ്തും അജിത്ത് അവയവബോധവൽക്കരണവും രക്തദാനത്തിന്റെ മഹനീയതയും പൊതുസമൂഹത്തോട് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.  തനിക്കായി ഒന്നും കരുതിവയ്ക്കാത്ത അജിതിന്റെ നിസ്വാർത്ഥയ്ക്ക് ലഭിച്ച അംഗീകാരങ്ങളായിരുന്നു ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ രണ്ടുലക്ഷം രൂപയുടെ ഓർഗൺ ഡൊണേഷൻ അവാർഡ്, എഴുത്തച്ഛൻ എഡ്യുക്കേഷൻ ട്രസ്റ്റ് തൃശൂരിന്റെ രാഘവൻ എഴുത്തച്ഛൻ കർമ്മശ്രീ പുരസ്‌കാരം തുടങ്ങിയവ.

കിട്ടിയ അവാർഡുതുകകൾ പോലും നിർദ്ധനരോഗികൾക്കായി പങ്കുവച്ചുനല്കുന്നവർ അജിതിനെ പോലെ അധികം പേരുണ്ടാവില്ല. തൃശൂരിലെ അഞ്ചേരിചിറയിലുള്ള ആൽഫ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ കോ ഓർഡിനേറ്ററായിട്ടാണ് അജിത്ത് ഇപ്പോൾ സേവനം ചെയ്യുന്നത്.  പരമേശ്വരൻ-ജാനകി ദമ്പതികളുടെ മകനായി 1971 ലാണ് ജനനം. നാലു സഹോദരങ്ങൾ.

പാലിയേറ്റീവ് കെയർ ജോലിക്കിടയിലും അവയവബോധവൽക്കരണത്തെക്കുറിച്ച് ക്ലാസുകളെടുക്കാൻ എത്ര ദൂരേയ്ക്ക് പോകാനും തന്നാലാവുന്നവിധം കിഡ്നിരോഗികൾക്ക് സാമ്പത്തികസഹായം ക്രമീകരിച്ചുനല്കാനും അജിത് തയ്യാറാണ്. കൂടുതൽ പേരെ സഹായിക്കണമെന്നും അനേകരിലേക്ക് സഹായം എത്തിക്കണമെന്നുമുള്ള ആഗ്രഹമാണ് ഒരു ട്രസ്റ്റ് എന്ന സ്വപ്നത്തിലേക്ക് യാത്ര ചെയ്യാൻ അജിതിനെ പ്രേരിപ്പിച്ചിരിക്കുന്നത്.  

അവയവദാനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു പുസ്തകരചനയിലാണ് ഇപ്പോൾ അജിത് നാരങ്ങളിൽ.  ജീവിതത്തിലെ നിരാശനിറഞ്ഞ അനുഭവങ്ങളും തിരിച്ചടികളും ഉണ്ടാകുമ്പോൾ നഷ്ടപ്പെട്ടുപോയ ഊർജ്ജം തിരിച്ചുപിടിക്കാനുള്ള ഏക മാർഗ്ഗം ഷാരോണിന്റെ സ്മരണയാണെന്ന് അജിത് പറയുന്നു. ഷാരോണിനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ എനിക്ക് വലിയ ഉന്മേഷം തോന്നും. എല്ലാ നിരാശകളും മാറിപ്പോകുകയും ചെയ്യും. അജിത് പറയുന്നു. സ്വന്തം ശരീരത്തെ ഒരുതരത്തിലും അനാരോഗ്യകരമാക്കാതെ, മദ്യത്തിനോ മയക്കുമരുന്നിനോ രുചിക്കാൻ വിട്ടുകൊടുക്കാതെ ആരോഗ്യത്തോടെ ജീവിക്കുക.  ‘ഒപ്പ’ത്തിന്റെ വായനക്കാരോടായി അജിത് പറയുന്നു. അജിതിന്റെ എല്ലാ ഭാവിസ്വപ്നങ്ങളും സാക്ഷാത്ക്കരിക്കട്ടെയെന്ന് ആശംസിക്കുന്നു. നന്മ നിറഞ്ഞ ഇത്തരം മനുഷ്യരുടെ  വെളിച്ചത്തിലാണല്ലോ നമ്മുടെ ലോകം ഇത്രയധികം സുരക്ഷിതമായിരിക്കുന്നത് !

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...