അച്ഛന്റെ സൈക്കിൾ

Share post:

അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, 
അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ 
സൈക്കിളിനോടായിരുന്നുവെന്ന് 
എനിക്ക് ഓർമ്മവച്ച നാൾമുതൽ  അച്ഛന്റെ  
യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു 

ഏത് മഞ്ഞിലും മഴയിലും  രാവിലെത്തന്നെയവനെ  അണിയിച്ചൊരുക്കിയിട്ടേ  അച്ഛൻ 
ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂ

മുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ 
കാരിയറിൽ അമ്മയേയും  ഇരുത്തി അവനെ
ഓടിക്കുമ്പോൾ അച്ഛൻ ഒരു എഞ്ചിൻ 
ഡ്രൈവറായി മാറുമായിരുന്നു
അവനോ, കൂകിപ്പായുന്ന ഒരു  
എക്‌സ്പ്രസ് തീവണ്ടിയും

താണിയംകാവ് പൂരത്തിന് അന്നൊക്കെ   
പോകാറുള്ളതും  ഞങ്ങൾ നാലുപേരും 
കൂടിത്തന്നെയായിരുന്നു
ബലൂണുകളും ചട്ടികളും കുട്ടകളുമായി 
പുലർച്ചെ തിരിച്ചെത്തുമ്പോഴേക്കും ഞങ്ങൾ 
നാലുപേരും തളർന്ന് പോയിട്ടുണ്ടാകും

ഒന്നാം ക്ലാസ്സിൽ  ചേർക്കാൻ എന്നെ 
കൊണ്ടുപോയത്  അവർ മൂന്നു പേരും 
കൂടിയായിരുന്നു
കല്യാണങ്ങൾക്കു പോകുമ്പോഴും 
വയ്യായ്ക വന്ന്  ആശുപത്രിയിലേക്കു 
പോകുമ്പോഴും   ഞങ്ങൾ ഒരുമിച്ച് തന്നെയുണ്ടാകും.
പിന്നെയെപ്പോഴാണ്  ആ കൂട്ടത്തിൽ നിന്നു 
അകലാൻ തുടങ്ങിയത്, ഞാൻ

 അവന്റെ പിൻഗാമികളായി വീട്ടിലേക്ക് വന്ന 
ബൈക്കിന്റേയും കാറിന്റേയും  ചക്രങ്ങൾ 
സഞ്ചരിച്ചത് മുഴുവൻ  അവന്റെയോർമ്മകളുടെ 
മീതേക്കൂടിയുമായിരുന്നു
അതറിഞ്ഞിട്ടാവണം  അച്ഛൻ പോർച്ചിൽ നിന്ന് അവനെ ഒരു ശവവണ്ടി ഉന്തുന്നതുപോലെയുന്തി  കോണിച്ചുവട്ടിലേക്കു മാറ്റിയിരുത്തിയത്

അമ്മ  പോയപ്പോഴാണ് എനിക്ക്  മനസ്സിലായത്,  
അച്ഛന് ഏറ്റവുമിഷ്ടം അമ്മയെ ആയിരുന്നുവെന്ന്
പോകുന്നതിനുമുമ്പ് അമ്മ അതറിഞ്ഞു 
കാണുമോയെന്തോ

പാവം അമ്മ
പാവം അച്ഛൻ
പിന്നെ  പാവം സൈക്കിളും
എങ്കിലെന്ത്, പാവമല്ലാത്ത ഞാനുണ്ടല്ലോ ഇവിടെ 

ഇന്ന് രാവിലെയാണ് 
ആക്രി കച്ചവടക്കാരന്റെ  വണ്ടിയിലേക്ക് 
എടുത്തെറിയപ്പെട്ടത് ആ സൈക്കിൾ
വീണ  വീഴ്ചയിൽ അവൻ ആ ബെല്ലൊന്നടിച്ചിരുന്നു, 
 തെക്കേ ചായ്പ്പിൽ വയ്യാതെ കിടക്കുന്ന 
അച്ഛനെ കേൾപ്പിക്കാനെന്നോണം
അച്ഛനോട്  യാത്ര പറയാനെന്നോണം

സജിത്കുമാർ

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...