ശാരീരികാരോഗ്യവും മാനസികാരോഗ്യവും

Share post:

ശാരീരികാരോഗ്യത്തിലും സൗന്ദര്യത്തിലും മനുഷ്യൻ മുമ്പെന്നത്തെക്കാളും ഏറെ ഇന്ന് ശ്രദ്ധകൊടുക്കുന്നുണ്ട്.  ബോഡി ബിൽഡിംങ്, ചെറുപ്പം നിലനിർത്താനുള്ള ശ്രമങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, സപ്ലിമെന്റുകൾ അങ്ങനെ പോകുന്നു അത്തരം കാര്യങ്ങൾ. എന്നാൽ അത്തരം കാര്യങ്ങളിൽ കൊടുക്കുന്ന ശ്രദ്ധയുടെ തീരെ ചെറിയൊരു അംശംപോലും ചിലരെങ്കിലും മാനസികാരോഗ്യത്തിന് കൊടുക്കാറില്ല. മനസ്സ് ആരും കാണാത്തതുകൊണ്ട് അതിന് വേണ്ടത്ര പരിചരണം കൊടുക്കേണ്ടതില്ല എന്ന മട്ടാണെന്ന് തോന്നുന്നു അവർക്ക്. പക്ഷേ ശാരീരികാരോഗ്യത്തിനൊപ്പം തന്നെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്. അതിനുവേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത്?

ധ്യാനം ശീലമാക്കുക: ധ്യാനം ആത്മീയഗുരുക്കന്മാർക്കോ സന്യാസികൾക്കോ മാത്രമുള്ളതല്ല ഏതൊരാളും ജീവിതത്തിൽ നടപ്പിലാക്കേണ്ട ഒന്നാണ് ധ്യാനം. മനസ്സിനെ ഏകാഗ്രതയിൽ നിർത്തുക, അലഞ്ഞുതിരിഞ്ഞുനടക്കുന്ന ചിന്തകളെ നിയന്ത്രിക്കുക, വിഷമിപ്പിക്കുന്നതും നെഗറ്റീവ് സ്വഭാവം പ്രകടമാക്കുന്നതുമായ ചിന്തകളെ വരുതിയിലാക്കുക എന്നിവയെല്ലാമാണ് ധ്യാനം കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ മനസ്സിന്റെ സ്വസ്ഥതയും ശാന്തതയും വീണ്ടെടുക്കുകയും മനസ്സിൽ സമാധാനം നിറയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

വ്യായാമം പതിവാക്കുക: ഭൂരിപക്ഷംപേരുടെയും ജോലി ഇന്ന് ഇരുന്നുകൊണ്ടുള്ളതു മാത്രമായിത്തീർന്നിരിക്കുകയാണ്. കമ്പ്യൂട്ടറും  വർക്ക് ഫ്രം ഹോമുമൊക്കെ ചേർന്ന് പുതിയൊരു താളക്രമമാണ് നമ്മുടെ ജോലിക്ക് നല്കിയിരിക്കുന്നത്. അതുപോലെ കാൽനടയായി ജോലിക്ക് പോകുന്നവരുടെ എണ്ണവും കുറവാണ്. ഈ രണ്ടു ശീലങ്ങളും നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടത് ജോലിയുടെ സ്വഭാവമായിരിക്കാം എങ്കിലും അതിൽ നിന്ന് വിശ്രമമെടുത്ത് മാറിനില്ക്കേണ്ടതും ശരീരം മുഴുവനും ചലിപ്പിച്ചും കിതപ്പിച്ചും വിയർപ്പിച്ചും ശരീരത്തെ ചലനാത്മകമാക്കുന്നതും ശരീരത്തിനു മാത്രമല്ല മനസിനും ഗുണകരമാണ്. വിഷാദം നെഞ്ചിൽ കൂടുകെട്ടിയിരിക്കുന്നവർക്കെല്ലാം അറിയാം അവർ വ്യായാമം ചെയ്തുതുടങ്ങിയപ്പോൾ മുതൽ ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെന്ന്.  വ്യായാമത്തിലൂടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും മെച്ചപ്പെടുന്നുണ്ട്. അതുകൊണ്ട് എല്ലാ ദിവസവും വ്യായാമം ചെയ്യുക, അതിന് സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ ആഴ്ചയിൽ മൂന്നുദിവസമെങ്കിലും വ്യായാമം ചെയ്യുക.

വായന പതിവാക്കുക: മൊബൈൽ ഫോൺ വന്നതോടെ വായന നിലച്ചുപോയ ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ വായനയുടെ പ്രാധാന്യവും പ്രസക്തിയും ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വായന ഉപേക്ഷിച്ചുപോയവരൊക്കെ പൂർവ്വാധികം വായനയിലേക്ക് തിരികെവന്നുകൊണ്ടിരിക്കുകയാണ്. മനസ്സിനെ ഉല്ലസിപ്പിക്കാൻ, മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ വായനയോളം ഗുണകരമായത് മറ്റൊന്നില്ല. ദിവസം മുപ്പതുമിനിറ്റെങ്കിലും വായനയ്ക്കുവേണ്ടി നീക്കിവയ്ക്കുക. ഒരുമാസം കഴിയുമ്പോഴേയ്ക്കും നമ്മുടെ മനസ്സിലുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാനാവും.

എഴുതുക: വായനപോലെ തന്നെ പ്രധാനപ്പെട്ടതാണ് എഴുത്തും. എഴുതുക എന്നുപറയുമ്പോൾ സാഹിത്യം എഴുതണമെന്നുമാത്രമല്ല. അങ്ങനെയൊരു കഴിവുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും എഴുതുക തന്നെ വേണം. പക്ഷേ അത്തരമൊരു സിദ്ധിയില്ലാത്തവർക്കുപോലും ദിവസം തോറും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പതിവായി എഴുതാനാവും. ഡയറിയിലോ ചെറിയ നോട്ടുബുക്കിലോ ഒക്കെ ഓരോ ദിവസത്തെയും സന്തോഷകരമായ അനുഭവങ്ങളെക്കുറിച്ചോ കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചോ എഴുതുക. അതുപോലെ നമുക്കു സംഭവിച്ച പിഴവുകളെക്കുറിച്ചും. ഇത് അത്തരം തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാനും നമുക്കു പുതിയ ബോധ്യങ്ങൾ നല്കാനും സഹായകരമായിരിക്കും.

ഫലപ്രദമായ സമയം ചെലവഴിക്കൽ: ഫലപ്രദമായിസമയം ചെലവഴിക്കുക എന്നാൽ ജോലി ചെയ്യുക എന്നതുമാത്രമല്ല പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവഴിക്കുക എന്നതുകൂടിയാണ്.  അച്ഛനമ്മമാർ, ജീവിതപങ്കാളി, കുട്ടികൾ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവരെല്ലാമായി സമയം ചെലവഴിക്കുന്നത് മാനസികാരോഗ്യത്തിന് സഹായകരമാണ്. ഫേസ്ബുക്കിലും വാട്സാപ്പിലും ഏറെ സമയം മറ്റുള്ളവരമായി ചാറ്റു ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷത്തെക്കാൾ അധികമായിരിക്കും ഇത്തരത്തിലുള്ള സന്തോഷങ്ങൾ. നല്ല മനുഷ്യബന്ധങ്ങളും ഹൃദയബന്ധങ്ങളും നമുക്കുണ്ടെങ്കിൽത്തന്നെ മാനസികാരോഗ്യം മെച്ചപ്പെട്ടതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

സഹായം

സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട്...

വിശ്രമംവേണം തലച്ചോറിനും

രാകി മൂർച്ച വരുത്തേണ്ട ആയുധം കണക്കെയാണ് തലച്ചോറും. ജീവിതം കൂടുതൽ ക്രിയാത്മകവും ഊർജ്ജ്വസ്വലവും ആകണമെങ്കിൽ തലച്ചോറ ഉല്പ്ദാനക്ഷമവും സജീവവുമായിരിക്കണം. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം...

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...