രാകി മൂർച്ച വരുത്തേണ്ട ആയുധം കണക്കെയാണ് തലച്ചോറും. ജീവിതം കൂടുതൽ ക്രിയാത്മകവും ഊർജ്ജ്വസ്വലവും ആകണമെങ്കിൽ തലച്ചോറ ഉല്പ്ദാനക്ഷമവും സജീവവുമായിരിക്കണം. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ചില കാര്യങ്ങൾ തലച്ചോറിനെ അപകടത്തിലാക്കുന്നവയാണ്. ഇത്തരം ചില അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കി മുൻകരുതലുകൾ സ്വീകരിച്ചാൽ തലച്ചോറിന്റെ ആരോഗ്യം നമുക്ക് ഉറപ്പുവരുത്താം.
ഉറക്കത്തിലെ ക്രമക്കേടുകൾ തലച്ചോറിന്റെ ആരോഗ്യം അപകടത്തിലാക്കുന്നവയാണ്. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കഴിയുന്നതിലൂടെയും ദിവസം ഏഴു മുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങാനും സാധിച്ചാൽ തലച്ചോർ ഉഷാറാകും. ദിവസത്തിൽ കൂടുതൽ സമയം ഇരുന്നുകൊണ്ടാണ് ജോലി ചെയ്യുന്നതെങ്കിൽ അത് തലച്ചോറിനെ അപകടത്തിലാക്കും. ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എണീറ്റ് നടക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വർക്ക് ഫ്രം ഹോം വ്യാപകമായതോടെ പലരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവരുമായി നോക്കുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ദോഷമുണ്ടാക്കുന്നത് വർക്ക് ഫ്രം ഹോം കാരാണ്. ഇടവേളകളില്ലാതെ ജോലി ചെയ്യുന്ന ഇത്തരക്കാരുടെ തലച്ചോർ ക്രമേണ അപകടത്തിലാകാനുള്ള സാധ്യതയുണ്ട്. ചിലർക്ക് വളരെ ഉച്ചത്തിൽ പാട്ടു വച്ചാലേ ആസ്വദിക്കാനാവൂ, അതുപോലെ വീഡിയോ കാണുമ്പോഴും ഇതേ രീതി തുടരുന്നവരുണ്ട്. രണ്ടു ശീലങ്ങളും തലച്ചോറിന് ഹാനികരമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
തുടർച്ചയായി നെഗറ്റീവ് വാർത്തകൾ വായിക്കുന്നവരുടെ തലച്ചോറിനും ഇതേ അപകടം നേരിടാം. മറ്റൊന്നാണ് സോഷ്യൽ മീഡിയായുടെ അമിതോപയോഗം. ടിവിയും സോഷ്യൽ മീഡിയായും നിശ്ചിതസമയത്തിൽ കൂടുതൽ നേരം ഉപയോഗിക്കുമ്പോൾ നാം തലച്ചോറിനെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. ഭാവിയെക്കുറിച്ചുള്ള അനാവശ്യവും അമിതവുമായ ചിന്തകളും തലച്ചോറിന് ദോഷം ചെയ്യും. ചിന്തകൾ നല്ലതാണ് പക്ഷേ വളരെ ഉത്കണ്ഠാകുലമായി ഭാവിയെക്കുറിച്ച് തുടർച്ചയായി ചിന്തിക്കുന്നത് തലച്ചോറിന് അപകടമുണ്ടാക്കുന്ന കാര്യമാണ്. ഏകാന്തത നല്ലതാകുമ്പോഴും സാമൂഹികമായ ഒറ്റപ്പെടൽ തലച്ചോറിന് ഗുണകരമല്ല.
ഒരു വാഷിംങ് മെഷ്യനിൽ നിശ്ചയിച്ചിരിക്കുന്നതിൽ കൂടുതൽ അളവിൽ തുണി തിരുകിക്കൊടുത്താൽ വർക്ക് ചെയ്യാൻ തടസം നേരിടുന്നതുപോലെയാണ് തലച്ചോറിന്റെ കാര്യവും. ആകാവുന്നതിൽ കൂടുതൽ പണി കൊടുത്താൽ ആദ്യമൊക്കെ ഞരങ്ങിയും മൂളിയും പ്രവർത്തിക്കുമായിരിക്കും. ഏന്തിയും വലിഞ്ഞും ജോലി ചെയ്യുന്ന പ്രായമായവരെപോലെ മുന്നോട്ടുനീങ്ങുകയും ചെയ്തേക്കാം. പക്ഷേ സ്ഥിരമായി അതു അസാധ്യമായിരിക്കും. ഇതേ കാര്യം തന്നെയാണ് തലച്ചോറിന്റെ കാര്യത്തിലും സംഭവിക്കുന്നത്. തലച്ചോറിനെ അപകടത്തിലാക്കുന്നതും തലച്ചോറിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സകലശീലങ്ങളിൽനിന്നും നമുക്കു പുറത്തുകടക്കാം.
