Home Features & Stories Cover Story ഞാനാണോ പ്രശ്‌നം?

ഞാനാണോ പ്രശ്‌നം?

0
ഞാനാണോ പ്രശ്‌നം?

സമീപകാലത്ത് ഒരു ചലച്ചിത്രനടിയുടെ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നു. നാർസസിസ്റ്റായ കാമുകനിൽ നിന്നുള്ള ബ്രേക്ക് അപ്പിനു ശേഷമായിരുന്നു ആ വെളിപ്പെടുത്തൽ. അതിനെത്തുടർന്ന് പലരും ഈ വിഷയം ഏറ്റെടുത്തു. എന്താണ് നാർസിസം? അതിന്റെ മുഖം അത്രയ്ക്കും വിരൂപമാണോ?

നാർസിസ്റ്റിക് പീഡനം (Narcissistic Abuse) എന്നത് ഒരാൾ മറ്റൊരാളുടെ ആത്മവിശ്വാസത്തെയും സ്വാതന്ത്ര്യബോധത്തെയും മാനസിക സമാധാനത്തെയും തകർക്കുന്ന തരത്തിൽ തുടർച്ചയായി നിയന്ത്രണം, അപമാനം, കുറ്റപ്പെടുത്തൽ, കൃത്രിമ മാനസിക സമ്മർദ്ദം എന്നിവ ഉപയോഗിക്കുന്ന ബന്ധരീതിയാണ്. പ്രണയബന്ധത്തിൽ മാത്രമല്ല മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും സുഹൃത്തുക്കൾക്കിടയിലും ജോലിസ്ഥലത്തും ദാമ്പത്യബന്ധത്തിലും തുടങ്ങി പല സാഹചര്യങ്ങളിലും കാണാം. എന്നാൽ ഒരു കാര്യം മനസ്സിലാക്കണം. ‘നാർസിസിസ്റ്റ്’ എന്നത് സാധാരണയായി ഉപയോഗിക്കാവുന്ന ഒരു മാനസികാരോഗ്യ പദമല്ല;
Narcissistic Personaltiy Disorder (NPD) ഒരു  മനോരോഗവിദഗ്ധന് മാത്രമേ ഈ അവസ്ഥ നിർണ്ണയിക്കാനാവൂ. അതായത് ഒരാൾ സ്വാർത്ഥമായി പെരുമാറുന്നു, അഹങ്കാരിയാണ്, അല്ലെങ്കിൽ  മോശമായി പെരുമാറുന്നു എന്നതുകൊണ്ട് മാത്രം അയാൾക്ക് NPD ഉണ്ടെന്ന് പറയാനാവില്ല. നാർസിസിസ്റ്റിക് പീഡനത്തിൽ പലപ്പോഴും ആദ്യം കാണുന്നത് അത്യധികം സ്നേഹവും ശ്രദ്ധയും ആയിരിക്കും. ഒരാൾ നമ്മെ വളരെ പ്രത്യേക വ്യക്തിയായി കാണുന്നു എന്ന തോന്നൽ ഉണ്ടാക്കാം. നിരന്തരം പ്രശംസിക്കുകയും വേഗത്തിൽ അടുത്ത ബന്ധത്തിലേക്ക് വരികയും ചെയ്യാം. Love bombing  എന്നാണ് ഇതിനെ വിളിക്കുന്നത്. പിന്നീട് ബന്ധത്തിന്റെ സ്വഭാവം മാറാം. സ്നേഹവും പ്രശംസയും കുറഞ്ഞ് നിയന്ത്രണവും കുറ്റപ്പെടുത്തലും വർധിക്കാം.’നീ എപ്പോഴും തെറ്റാണ്’, ‘നിനക്ക് ഒന്നും മനസ്സിലാകില്ല’, ‘എല്ലാ പ്രശ്നത്തിനും കാരണം നീയാണ്’ തുടങ്ങിയ വാക്കുകൾ ആവർത്തിച്ച് കേൾക്കുമ്പോൾ ഒരാൾക്ക് സ്വന്തം കഴിവുകളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും സംശയം തോന്നിത്തുടങ്ങാം. ക്രമേണ സ്വന്തം അഭിപ്രായത്തിൽ വിശ്വാസം നഷ്ടപ്പെടുകയും മറ്റൊരാളുടെ അംഗീകാരത്തെ ആശ്രയിക്കുകയും ചെയ്യാം.

ഇവിടെ ഗ്യാസ് ലൈറ്റിംങ് എന്നൊരു രീതിയും കാണാം. നടന്ന സംഭവങ്ങളെ നിഷേധിക്കുക, പറഞ്ഞ കാര്യങ്ങൾ പിന്നീട് പറഞ്ഞിട്ടില്ലെന്ന് പറയുക, മറ്റൊരാളുടെ ഓർമ്മയെയും അനുഭവത്തെയും സംശയത്തിലാക്കുക എന്നിവയാണ് ഇതിന്റെ ഉദാഹരണങ്ങൾ. ‘അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല’, ‘നീ വെറുതെ ചിന്തിച്ചുണ്ടാക്കുകയാണ്’ തുടങ്ങിയ പ്രതികരണങ്ങൾ തുടർച്ചയായി ലഭിക്കുമ്പോൾ ഇരയായ വ്യക്തിക്ക് സ്വന്തം ഓർമ്മയെയും വികാരങ്ങളെയും വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകാം.

നാർസിസിസ്റ്റിക് പീഡനത്തിന്റെ മറ്റൊരു മുഖമാണ് പ്രശ്നത്തെക്കുറിച്ച് ആരോഗ്യകരമായി സംസാരിക്കുന്നതിന് പകരം ബോധപൂർവ്വം അവഗണിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്യുന്നത. അതുപോലെ തന്നെ ഒരിക്കൽ അമിതമായ സ്നേഹം നൽകുകയും പിന്നീട് പെട്ടെന്ന് തണുത്തുപോകുകയും ചെയ്യുന്നത് ബന്ധത്തിലുള്ള വ്യക്തിയെ ആശയക്കുഴപ്പത്തിലാക്കും.ഇത്തരം ബന്ധങ്ങളിൽ അതിരുകൾ സ്ഥാപിക്കുന്നതും ബുദ്ധിമുട്ടാകാം. സമയം, പണം, സൗഹൃദങ്ങൾ, വ്യക്തിപരമായ തീരുമാനങ്ങൾ എന്നിവയിൽ സ്വാതന്ത്ര്യം വേണമെന്ന് പറയുമ്പോൾ കുറ്റബോധം സൃഷ്ടിക്കുകയോ കോപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാം. ചില സാഹചര്യങ്ങളിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റാനുള്ള ശ്രമങ്ങളും ഉണ്ടാകാം.തുടർച്ചയായ ഇത്തരം അനുഭവങ്ങൾ ഒരാളുടെ ആത്മാഭിമാനത്തെ ബാധിക്കാം. ‘ഞാനാണോ പ്രശ്നം?’, ‘ഞാൻ മതിയായ നല്ല വ്യക്തിയല്ലേ?’, ‘എനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയുമോ?’ എന്നിങ്ങനെ ചോദ്യങ്ങൾ ഉയർന്നേക്കാം. ചിലർ സ്വന്തം വികാരങ്ങൾ പോലും മറച്ചുവയ്ക്കാൻ തുടങ്ങും.കാരണം എന്ത് പറഞ്ഞാലും വീണ്ടും കുറ്റപ്പെടുത്തപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ സങ്കീർണ്ണമായ എല്ലാ ബന്ധങ്ങളെയും നാർസിസിസ്റ്റിക് പീഡനംഎന്ന് വിശേഷിപ്പിക്കാനാവില്ല. അഭിപ്രായവ്യത്യാസം, ദാമ്പത്യത്തിലെ തർക്കം, കോപം, സ്വാർത്ഥത, തെറ്റായ ആശയവിനിമയം എന്നിവയെല്ലാം  നാർസിസിസ്റ്റിക് മയൗലെ ആവില്ല പ്രധാനമായി നോക്കേണ്ടത് ഒരു വ്യക്തിയുടെ രോഗനിർണ്ണയമല്ല; ബന്ധത്തിൽ ആവർത്തിച്ച് നടക്കുന്ന പെരുമാറ്റരീതിയാണ്.

ഇത്തരം സാഹചര്യത്തിൽ കഴിയുന്ന ഒരാൾ ആദ്യം ചെയ്യേണ്ടത് സ്വന്തം അനുഭവങ്ങളെ ഗൗരവമായി കാണുക എന്നതാണ്. വിശ്വസനീയനായ ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ സംസാരിക്കുന്നത് സഹായകരമായേക്കാം. സംഭവങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്നതും ചിലപ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും. സാമ്പത്തിക നിയന്ത്രണമോ ഭീഷണിയോ ശാരീരിക അക്രമമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണം.

ബന്ധത്തിൽ നിന്ന് പുറത്തുവരണമോ, ബന്ധം തുടരണമോ എന്ന തീരുമാനം ഓരോ വ്യക്തിയുടെയും സാഹചര്യത്തെ ആശ്രയിച്ചിരിക്കും. അത് അവരുടെ വ്യക്തിപരമായ ചോയ്സാണ്. മറ്റൊരാളുടെ മോശം പെരുമാറ്റത്തിന് സ്വയം കുറ്റപ്പെടുത്തേണ്ടതില്ല. ആരോഗ്യകരമായ ബന്ധത്തിൽ ഭയത്തിന് പകരം സുരക്ഷയും, നിയന്ത്രണത്തിന് പകരം പരസ്പര ബഹുമാനവും, അപമാനത്തിന് പകരം സംഭാഷണവും ഉണ്ടായിരിക്കണം.

സ്വയം തിരിച്ചറിയൽ വീണ്ടെടുക്കുന്നതും പ്രധാനമാണ്. ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിലേക്ക് മടങ്ങുക, സ്വന്തം സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധം നിലനിർത്തുക, വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാൻ ചെറിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ സഹായിക്കും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നതും പ്രയോജനകരമാണ്. ഇവിടെ മനസ്സിലാക്കേണ്ട പ്രധാനകാര്യം ഒരാൾ നിങ്ങളെ നിരന്തരം മോശക്കാരനായി ചിത്രീകരിക്കുന്നതു നിങ്ങൾ മോശം വ്യക്തിയാണെന്നതിന്റെ തെളിവല്ല എന്നാണ്. മറ്റൊരാളുടെ പെരുമാറ്റമോ സംസാരമോ അനുസരിച്ചല്ല നിങ്ങളുടെ മൂല്യം  നിശ്ചയിക്കുന്നത്. ഒരു ബന്ധം നമ്മെ പൂർണ്ണരാക്കണമെന്നില്ല; എന്നാൽ അത് നമ്മെ നിരന്തരം തകർക്കുകയും ഭയപ്പെടുത്തുകയും നമ്മുടെ സ്വത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതാണെങ്കിൽ ആ ബന്ധത്തെക്കുറിച്ച് ഒരു വീണ്ടുവിചാരം ഉണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here