‘സമയമില്ല’, ‘സമയം പോയതറിഞ്ഞില്ല’, ‘ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’… ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നത്? എന്തുകൊണ്ടാണ് വേറെ ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി ചെലവഴിക്കാൻ കഴിയാതെ പോകുന്നത്? ഒരു വർഷത്തിൽ ആകെയുളളത് 8760 മണിക്കൂറുകളാണ്. ഇത് എല്ലാവർക്കും ഒരുപോലെയാണ് താനും. എന്നിട്ടും ചിലർക്ക് സമയം മതിയാവുന്നില്ല. ഇതെന്തുകൊണ്ട് സംഭവിക്കുന്നു? സമയത്തിന്റെ കുറവോ സമയം ഇല്ലാതെപോകുന്നതോ അല്ല ഇവിടുത്തെ പ്രശ്നം മറിച്ച് ചിലരുടെ ശ്രദ്ധയും ഊർജ്ജവും അപ്രധാനകാര്യങ്ങളിലേക്ക് പോകുന്നതുകൊണ്ടാണ് അവർക്കു മാത്രം സമയം മതിയാകാതെ വരുന്നത്.
അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞനായ ആൃശഴശറ രെവൗഹലേ പ്രയോഗിച്ചിട്ടുള്ള ഒരു വാക്കുണ്ട്. Brigid schulte ചെറിയ ചെറിയ ഭാഗങ്ങൾ ചേർന്ന് വലിയ കാര്യങ്ങളെ തടസ്സപ്പെടുത്തുന്നു എന്നതാണ് ഇതിന്റെ ആശയം. ഉദാഹരണത്തിന് നാം സോഷ്യൽമീഡിയായിൽ ചെലവഴിക്കുന്ന സമയം, ഇടയ്ക്കിടെ ഫോൺ പരിശോധിക്കുന്ന സമയം, നോട്ടിഫിക്കേഷൻ നോക്കുന്ന സമയം . നമ്മൾ നോക്കുമ്പോൾ വളരെ കുറച്ചുസമയം മാത്രമേ ഇതിനായി ചെലവഴിക്കുന്നുള്ളൂ. പക്ഷേ ഇത്തരം ചെറിയ ചെറിയ സമയങ്ങൾ കൂടിച്ചേരുമ്പോൾ ഒരു ദിവസത്തിലെ തന്നെ വലിയൊരു ഭാഗമാണ് പാഴായിപോകുന്നത്.
ചില പഠനങ്ങൾ പറുന്നത് ഒരു കാര്യത്തിൽ തടസം നേരിട്ടതിനു ശേഷം വീണ്ടും പഴയതുപോലെയൊരു ശ്രദ്ധയിലേക്ക് തിരിയുന്നതിന് മസ്തിഷ്‌ക്കം 20 മിനിറ്റ് സമയമെങ്കിലും എടുക്കുന്നുണ്ടെന്നാണ്. ഇത് പലപ്പോഴും ക്രിയാത്മകമായി ജോലി ചെയ്യുന്നതിന് വിഘാതമായി നില്ക്കുന്നുണ്ട്.
ചിലർ എപ്പോഴും തിരക്കിലായിരിക്കും. എന്തു ചോദിച്ചാലും പറയും സമയില്ല, ബിസിയാണ് എന്നൊക്കെ. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ബിസി ആകുന്നതും പ്രൊഡക്ടീവ് ആകുന്നതും ഒരുപോലെയല്ല. ഒരാൾ ദിവസം മുഴുവൻ തിരക്കിലാണ് എന്നതുകൊണ്ട് അയാൾ ഫലപ്രദമായി ജീവിക്കുന്നു എന്നതിന് അർത്ഥമില്ല. പലപ്പോഴും പ്രധാനകാര്യങ്ങൾ മാറ്റിവയ്ക്കുകയും അത്യാവശ്യകാര്യങ്ങൾ ഉടനടി ചെയ്യുകയുമാണ് നമ്മുടെ പൊതുരീതി. തന്മൂലം പലപ്പോഴും പ്രധാനപ്പെട്ട കാര്യങ്ങൾ നാം ചെയ്യാതെപോവുകയും അപ്രധാനകാര്യങ്ങൾ ചെയ്ത് നമ്മുടെ സമയം പാഴായിപ്പോവുകയും ചെയ്യുന്നു.
ദിവസത്തെ മുഴുവൻ ക്രിയാത്മകമാക്കാൻ നാം ചെയ്യേണ്ടത് ഒരു ദിവസം ആരംഭിക്കുമ്പോൾ തന്നെ ഇന്ന് ഞാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏതാണ് എന്ന് നിശ്ചയിക്കുകയാണ്. ഒരു ദിവസം 24 മണിക്കൂർ ഉണ്ടെങ്കിലും എല്ലാ മണിക്കൂറും ഒരുപോലെയല്ല. ചിലർക്ക് രാവിലെ മാത്രമേ സജീവമായി ജോലി ചെയ്യാൻ കഴിയാറുള്ളൂ. വേറെ ചിലർക്കാകട്ടെ രാത്രികാലങ്ങളിലാണ് സർഗാത്മകത ഉണരുന്നത്. അതുകൊണ്ട് കൂടുതൽ ജോലി ചെയ്യാൻ മനസ്സും സന്നദ്ധതയും ഉള്ള സമയം ആ ജോലി ചെയ്യാൻ വിനിയോഗിക്കുക. എപ്പോഴാണ് ശ്രദ്ധ കൂടുതലുള്ളത് എപ്പോഴാണ് ക്ഷീണംവരുന്നത് എന്നെല്ലാം അവരവർക്കു മാത്രമേ അറിയൂ. ചിന്തകൾക്ക് കൂടുതൽ വ്യക്തതയും വെളിച്ചവും ഉള്ള സമയത്ത് ഏറ്റവും പ്രധാനപ്പെട്ട ജോലികൾ ചെയ്യുക. അത്ര പ്രാധാന്യമില്ലാത്ത ജോലികൾ പിന്നീട് ചെയ്യുക. അതുപോലെ എല്ലാ കാര്യങ്ങളോടും യെസ് പറയുന്ന പ്രവണതയും നമ്മുടെ സമയം പാഴാക്കാറുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നാം യെസ് പറയുന്നത്.. പക്ഷേ ഈ യെസ് നമ്മുടെ സമയം ഒരുപാടു കളയുന്നുണ്ട്. ശ്രദ്ധ പാഴാക്കുന്നുണ്ട്. നോ പറയാൻ പഠിക്കുന്നതിലൂടെ സമയം മിച്ചംകിട്ടും. മാത്രവുമല്ല പലതിന്റെയും അതിരുകൾ നിശ്ചയിക്കുന്നവർക്ക് മാനസികാരോഗ്യം കൂടുതലും സമ്മർദ്ദം കുറവുമായിരിക്കും.
സമയമില്ലാത്തതല്ല സമയം വേണ്ടതുപോലെ പ്രയോഗിക്കാൻ കഴിയാതെ പോകുന്നതും അറിയാതെ പോകുന്നതുമാണ് നമ്മുടെ പ്രശ്നം. എല്ലാവർക്കും ഒരുപോലെയുള്ള സമയത്തെ ഇനിയെങ്കിലും ഫലപ്രദമായി വിനിയോഗിക്കാൻ നാം മടികാണിക്കാതിരിക്കുക.
ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?
Date:
